ന്യൂഡൽഹി: ബിജെപിക്കെതിരെ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കണമെന്ന സീതാറാം യെച്ചൂരിയുടെ ആവശ്യത്തെ ശക്തമായി എതിര്‍ത്ത് പോന്നിരുന്നത് പ്രകാശ് കാരാട്ടും കേരള ഘടകവുമായിരുന്നു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ കുരുക്കിലാക്കി കോണ്‍ഗ്രസുമായി യാതൊരു ബന്ധവും വേണ്ടെന്ന് കാരാട്ട് പറയുകയും ചെയ്തിരുന്നു. ഇപ്പോഴിതാ അദ്ദേഹം നിലപാട് മാറ്റിയിരിക്കുകയാണ്. ബിജെപിയാണ് മുഖ്യശത്രുവെന്നും അവരെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസുമായി കൂട്ടുകൂടുന്നതില്‍ യാതൊരു തെറ്റുമില്ലെന്നാണ് ഇപ്പോള്‍ കാരാട്ട് പറഞ്ഞിരിക്കുന്നത്.
സിപിഎം മുഖപത്രമായ പീപ്പിള്‍സ് ഡെമോക്രസിയിലാണ് കാരാട്ട് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പ് വലിയൊരു മാറ്റം സാധ്യമാകുമെന്ന് തെളിയിച്ചിരിക്കുകയാണ്. പുതിയ തന്ത്രങ്ങള്‍ രൂപീകരിച്ചാല്‍ ബിജെപിയെ പരാജയപ്പെടുത്താനാവുമെന്നും തെളിഞ്ഞു. ബിജെപിയിതര പാര്‍ട്ടികള്‍ ഒരുമിക്കാനായാല്‍ അവര്‍ക്ക് മറ്റ് പ്രാദേശിക പാര്‍ട്ടികളും പിന്തുണ നല്‍കിയാല്‍ ഇന്ത്യയില്‍ മാറ്റം കൊണ്ടുവരാന്‍ സാധിക്കുമെന്ന് കാരാട്ട് ലേഖനത്തില്‍ പറയുന്നു. നേരത്തെ പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുണ്ടായ കരട് രേഖയില്‍ കോണ്‍ഗ്രസുമായുള്ള ബന്ധം തള്ളിയിരുന്നു.
കാരാട്ടിന്റെ പുതിയ വിലയിരുത്തലിന്റെ സാഹചര്യത്തില്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ പുതിയ നിര്‍ദേശങ്ങള്‍ ഉയരാനും സാധ്യതയുണ്ട്. അതേസമയം ബംഗാളിലെയും ത്രിപുരയിലെയും തോല്‍വിയുടെ പശ്ചാത്തലത്തില്‍ പുതിയ സഖ്യകക്ഷികളെ തേടാന്‍ സിപിഎം നേതൃത്വം തയ്യാറാവണമെന്നും കാരാട്ട് പറയുന്നു.തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ നിലപാടുകളെയും കാരാട്ട് തള്ളി. ബിജെപിയിതര, കോണ്‍ഗ്രസ് ഇതര സര്‍ക്കാരുണ്ടാക്കാന്‍ ഒരുപാര്‍ട്ടികള്‍ക്കും സാധിക്കില്ലെന്ന് കാരാട്ട് പറഞ്ഞു.
മൂന്നാം മുന്നണി എന്ന ആശയത്തെ പിന്തുണയ്ക്കാന്‍ സാധിക്കില്ല. പകരം ബിജെപിയിതര സര്‍ക്കാര്‍ രൂപീകരിക്കാനാണ് ശ്രമിക്കേണ്ടതെന്ന് കാരാട്ട് പറഞ്ഞു. കാരണം ബിജെപിയാണ് പ്രധാന ശത്രുവെന്നും കാരാട്ട് കൂട്ടിച്ചേര്‍ത്തു.
Post Your Comments