Latest NewsIndiaNews

മോദി ഗവണ്മെന്റിനെ എതിർക്കണം: തെക്കൻ സംസ്ഥാനങ്ങൾക്ക് സിദ്ധരാമയ്യയുടെ ആഹ്വാനം

ന്യൂഡൽഹി: മോദി ഗവണ്മെന്റിനെതിരെ ഒറ്റക്കെട്ടായി നിൽക്കാൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ തമിഴ്നാട്, കേരളം, ആന്ധ്രപ്രദേശ്, തെലുങ്കാന, മഹാരാഷ്ട്ര, പോണ്ടിച്ചേരി എന്നീ മുഖ്യമന്ത്രിമാരോട് ആഹ്വാനം ചെയ്തു. തെക്കൻ സംസ്ഥാനങ്ങൾക്ക് നൽകുന്ന ഫണ്ടുകളുടെ കാര്യത്തിൽ ഇതിനകം ആന്ധ്ര, തെലങ്കാന,സംസ്ഥാനങ്ങൾ പരാതി ഉന്നയിച്ചതും സിദ്ധരാമയ്യ ചൂണ്ടിക്കാട്ടി.

എന്നാൽ വിഭജിച്ചു ഭരിക്കുക എന്ന ബ്രിട്ടീഷ് തന്ത്രം തന്നെയാണ് കോൺഗ്രസ് ചെയ്യുന്നതെന്ന് ബിജെപി വൃത്തങ്ങൾ ആരോപണം ഉന്നയിച്ചു. കുറച്ചു ദിവസങ്ങൾക്ക് മുൻപ് ഡി എം കെ നേതാവ് സ്റ്റാലിൻ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ഒരുമിച്ചു നിന്ന് പ്രത്യേക രാജ്യം ഉണ്ടാക്കണമെന്ന് പ്രതികരിച്ചിരുന്നു. എന്നാൽ വിവാദമായപ്പോൾ ഇത് അദ്ദേഹം പിൻവലിച്ചിരുന്നു.

നികുതിപ്പണം സംസ്ഥാനങ്ങള്‍ക്കു വീതിച്ചുനല്‍കാന്‍ 2011ലെ സെന്‍സസ് ആധാരമാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശത്തിന്റെ ചുവടുപിടിച്ചാണ് സിദ്ധരാമയ്യയുടെ ആദ്യ ആക്രമണം . നികുതി വീതിക്കാന്‍ 15-ാം ധനകാര്യ കമ്മിഷന്‍ അടിസ്ഥാനമാക്കേണ്ടത് 2011ലെ സെന്‍സസ് കണക്കാണെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം. ഇതുവരെ ധനകാര്യ കമ്മിഷനുകള്‍ 1971ലെ സെന്‍സസ് കണക്കാണ് ഉപയോഗിച്ചിരുന്നത്. ഇതു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ താല്‍പര്യങ്ങള്‍ക്കു വിരുദ്ധമാണെന്നാണു സമൂഹമാധ്യമമായ ട്വിറ്ററില്‍ സിദ്ധരാമയ്യ കുറിച്ചത്. കേരള, തമിഴ്‌നാട്, തെലങ്കാന, മഹാരാഷ്ട്ര, പുതുച്ചേരി മുഖ്യമന്ത്രിമാരെയും ടാഗ് ചെയ്താണ് സിദ്ധരാമയ്യയുടെ ട്വീറ്റ്.

നികുതി വരുമാനം ഓരോ സംസ്ഥാനത്തിനും വീതിച്ചു കൊടുക്കേണ്ടത് എങ്ങനെയെന്ന് തീരുമാനിക്കുന്നത് ധനകാര്യ കമ്മിഷനാണ്. ഇത്രയും നാള്‍ ഇതു തീരുമാനിക്കുന്നതിനുള്ള മുഖ്യ ഘടകം 1971ലെ സെന്‍സസ് ആയിരുന്നു. പുതിയ കമ്മിഷനോട് 2011ലെ സെന്‍സസ് മാനദണ്ഡമാക്കിയാല്‍ മതിയെന്നാണു മോഡി സര്‍ക്കാര്‍ നിര്‍ദേശിച്ചത്. ഉത്തരേന്ത്യയില്‍ ജനസംഖ്യയില്‍ വന്ന വര്‍ധന മൂലം നികുതി വരുമാനത്തിന്റെ നല്ലൊരു പങ്കും അങ്ങോട്ടേക്കു പോകുമെന്നതാണു സിദ്ധരാമയ്യയുടെ ആശങ്ക. അതു ദക്ഷിണേന്ത്യയിലെ സംസ്ഥാനങ്ങളുടെ നികുതി വരുമാനത്തില്‍ കുറവു വരുത്തുമെന്നും സിദ്ധരാമയ്യ പറയുന്നു.

2011ലെ സെന്‍സസിലെ വിവരങ്ങള്‍ക്ക് 10% വെയിറ്റേജ് നല്‍കുന്ന ആശയവുമായി മുന്‍ കമ്മിഷന്‍ രംഗത്തെത്തിയിരുന്നു. ഇതും തമിഴ്‌നാട് പോലുള്ള സംസ്ഥാനങ്ങളെ ദോഷകരമായി ബാധിക്കും. ബിഹാര്‍, മധ്യപ്രദേശ് പോലുള്ള സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ ജനസംഖ്യാ വളര്‍ച്ച തമിഴ്‌നാട്ടില്‍ കുറവാണ്. 2019 ഒക്ടോബര്‍ അവസാനത്തോടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് 15-ാം ധനകാര്യ കമ്മിഷനു നല്‍കിയിരിക്കുന്ന നിര്‍ദേശം. 2020 ഏപ്രില്‍ ഒന്നുമുതല്‍ അഞ്ചു വര്‍ഷത്തേക്കാണ് പുതിയ തീരുമാനം പ്രാബല്യത്തില്‍ വരുന്നത്.

കേന്ദ്രം ഫണ്ട് നൽകുന്നതിൽ വിവേചനമാണ് കാണിക്കുന്നതെന്നും വടക്കൻ സംസ്ഥാനങ്ങൾക്ക് കൂടുതൽ സബ്‌സിഡി നൽകുന്നെന്നുമാണ് സിദ്ധരാമയ്യയുടെ പ്രധാന ആരോപണം. ലിംഗായത്ത് സമുദായത്തിന് പ്രത്യേക മത സംവരണം ഏർപ്പെടുത്തിയ വിവാദത്തിന്റെ അലയൊലികൾ അവസാനിക്കുന്നതിനു മുൻപാണ് പുതിയ വിവാദം.

shortlink

Related Articles

Post Your Comments

Related Articles


Back to top button