Latest NewsNewsInternational

മനുഷ്യനെ ഏറെ ഭീതിയിലാഴുത്തുന്ന ആ ഭയാനകശബ്ദത്തെ കുറിച്ച് ശാസ്ത്രജ്ഞര്‍ : ആ ശബ്ദത്തിന്റെ ഞെട്ടലില്‍ ശാസ്ത്രജ്ഞര്‍

ഇത്രയും കാലം മനുഷ്യന് അജ്ഞാതമായിരുന്നു ആ ശബ്ദം. അല്ലെങ്കില്‍ ഒരുപക്ഷേ, ഇത്രയും കാലം ആരും ആ ശബ്ദം റെക്കോര്‍ഡ് ചെയ്തിരുന്നില്ല. പക്ഷേ ലോകത്തിലെ ഏറ്റവും ഭീതിദമായ ശബ്ദങ്ങളിലൊന്ന് എന്നു ശാസ്ത്രലോകം വിലയിരുത്തുന്ന ആ ശബ്ദവും ഒടുവില്‍ ഗവേഷകരുടെ ‘കൈപ്പിടി’യിലൊതുങ്ങിയിരിക്കുന്നു. അഗ്‌നിപര്‍വത സ്‌ഫോടനങ്ങള്‍ക്കു പിന്നാലെയുണ്ടാകുന്ന മിന്നലിനൊപ്പമുള്ള ശബ്ദം അഥവാ വോള്‍ക്കാനിക് തണ്ടറിന്റെ ശബ്ദമാണ് ഗവേഷകര്‍ ചരിത്രത്തിലാദ്യമായി പിടിച്ചെടുത്തത്. അതും ഏറ്റവും വ്യക്തമായി കേള്‍ക്കാവുന്ന വിധത്തില്‍. ഇടിവെട്ടിന്റെ ശബ്ദം റെക്കോര്‍ഡ് ചെയ്‌തെടുക്കാന്‍ അത്രയേറെ ബുദ്ധിമുട്ടാണോ? സാധാരണ ഇടിവെട്ടാണെങ്കില്‍ എല്ലാവര്‍ക്കും കേള്‍ക്കാം, എന്നാല്‍ അഗ്‌നിപര്‍വത സ്‌ഫോടനത്തെത്തുടര്‍ന്നുണ്ടാകുന്ന മുഴക്കം കേള്‍ക്കാന്‍ കുറച്ചേറെ ബുദ്ധിമുട്ടാണ്. കാരണം അന്നേരം അഗ്‌നിപര്‍വത മുഖം മുഴുവനും ബഹളമയമായിരിക്കും എന്നതു തന്നെ. അഗ്‌നിപര്‍വതസ്‌ഫോടനത്തെത്തുടര്‍ന്ന് പുറന്തള്ളപ്പെടുന്ന പുകപടലങ്ങള്‍ക്കിടയില്‍ കാണാവുന്ന ഇടിമിന്നലുകള്‍ ഗവേഷകര്‍ക്കുള്‍പ്പെടെ ഇഷ്ട കാഴ്ചയാണ്.

സ്‌ഫോടനത്തെത്തുടര്‍ന്നു പുറന്തള്ളപ്പെടുന്ന പാറയും ചാരവും മറ്റു വസ്തുക്കളും പരസ്പരം ഉരസി ഇലക്ട്രിക് ചാര്‍ജ് സൃഷ്ടിക്കപ്പെടുന്നുണ്ട്. ഈ നെഗറ്റിവ്, പോസിറ്റിവ് ഇലക്ട്രിക് ചാര്‍ജുകള്‍ കൂട്ടിയിടിക്കുമ്പോഴാണു മിന്നലും പിന്നാലെ ഇടിമുഴക്കവുമുണ്ടാകുന്നത്. വന്‍തോതില്‍ പുറന്തള്ളപ്പെടുന്ന ചാരം സൂര്യപ്രകാശത്തെ തടയുന്നതിനാല്‍ താപനില മൈനസ് ഡിഗ്രിയിലും താഴുകയും അന്തരീക്ഷത്തില്‍ മഞ്ഞു കണങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നുണ്ട്. ഈ മഞ്ഞും ചാരവുമെല്ലാം ‘കൂട്ടിയിടിച്ചും’ ഇലക്ട്രിക് ചാര്‍ജ് സൃഷ്ടിക്കപ്പെടുന്നുണ്ട്. ഇവയാണ് ‘അഗ്‌നിപര്‍വത മിന്നലുകള്‍’ സൃഷ്ടിക്കുന്നത്. ആരെയും പേടിപ്പിക്കുന്ന മുഴക്കത്തോടെയാണ് ഇവ മിന്നുന്നതും. എന്നാല്‍ ഇവയേക്കാളും ശബ്ദത്തോടെയായിരിക്കും ചിലപ്പോള്‍ അഗ്‌നിപര്‍വതം പൊട്ടിത്തെറിക്കുക. ഒപ്പം കൊടുംചൂടേറിയ വാതകങ്ങളും ചാരവും ലാവയും ഒക്കെയായി ആകെ ബഹളമയം. ആ വന്‍ ശബ്ദങ്ങള്‍ക്കിടയില്‍ ഇടിമുഴക്കം ആരു കേള്‍ക്കാന്‍! അഗ്‌നിപര്‍വതം പൊട്ടിത്തെറിക്കുമ്പോള്‍ അടുത്തു പോയി ശബ്ദം റെക്കോര്‍ഡ് ചെയ്യാനും സാധിക്കില്ലല്ലോ! എന്നാല്‍ എന്തുവില കൊടുത്തും ആ ശബ്ദം പിടിച്ചെടുക്കാന്‍ ഒരു കൂട്ടം ഗവേഷകര്‍ തീരുമാനിച്ചു. അലാസ്‌കയിലെ ബൊഗോസ്ലാഫ് അഗ്‌നിപര്‍വതമാണ് അവര്‍ അതിനായി തിരഞ്ഞെടുത്തത്. മേഖലയിലെ അന്‍പതോളം അഗ്‌നിപര്‍വതങ്ങളില്‍ താരതമ്യേന ചെറുതാണിത്. എന്നാല്‍ ഇടയ്ക്കിടെ പൊട്ടിത്തെറിക്കാറുമുണ്ട്.

അഗ്‌നിപര്‍വത സ്‌ഫോടനം കഴിഞ്ഞാലും ഇവിടെ ഏറെക്കാലം അന്തരീക്ഷത്തില്‍ ചാരം കെട്ടിനില്‍ക്കാറുമുണ്ട്. അതോടൊപ്പം വോള്‍ക്കാനിക് തണ്ടറും. അങ്ങനെയാണ് ‘ദി അലാസ്‌ക വോള്‍ക്കാനോ ഒബ്‌സര്‍വേറ്ററി’യിലെ ഗവേഷകര്‍ 2017 മാര്‍ച്ചിലും ജൂണിലുമുണ്ടായ രണ്ട് അഗ്‌നിപര്‍വത സ്‌ഫോടനത്തിനു ‘ചെവിയോര്‍ക്കുന്നത്’. ഇന്‍ഫ്രാസൗണ്ട്, സോണിക് റെക്കോര്‍ഡിങ് ഉപകരണങ്ങളുമായിട്ടായിരുന്നു ശബ്ദം പിടിച്ചെടുത്തത്. അതും അഗ്‌നിപര്‍വതത്തിന്റെ 60 കിലോമീറ്റര്‍ മാറി. കാത്തുകാത്തിരുന്ന്, സ്‌ഫോടനം തീരുന്നതിന്റെ അവസാന നിമിഷങ്ങളില്‍ ഗവേഷകര്‍ക്ക് ആ ശബ്ദം ലഭിച്ചു. മറ്റു ശബ്ദങ്ങളെല്ലാം മാറ്റി അഗ്‌നിപര്‍വതത്തിന്റെ ശബ്ദം മാത്രമായി വേര്‍തിരിച്ചെടുക്കാനും സാധിച്ചു. ഒരു ഘട്ടത്തില്‍ വോള്‍ക്കാനിക് തണ്ടറിന്റെ ശബ്ദം മാത്രമായി ഉയര്‍ന്നു കേട്ടു, അതും പര്‍വതത്തിനു തൊട്ടടുത്തു നിന്നു കേള്‍ക്കുന്നത്ര വ്യക്തതയോടെ. ജിയോഫിസിക്കല്‍ റിസര്‍ച് ലെറ്റേഴ്‌സ് ജേണലില്‍ വിശദമായ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button