ന്യൂഡൽഹി : സൗദി വ്യോമയാനപാതയിലൂടെ ഇസ്രയേലിലേക്ക് ചരിത്രത്തിൽ ആദ്യമായി സർവീസ് നടത്തി എയർ ഇന്ത്യ . ഇസ്രയേലിനെ അറബ് രാജ്യങ്ങൾ അംഗീകരിച്ചിട്ടില്ലാത്തതിനാൽ ഇസ്രയേലിലേക്കുള്ള വിമാനങ്ങൾക്ക് സൗദി ഉൾപ്പെടെയുള്ള രാജ്യങ്ങൾ വ്യോമപാത തുറന്നു നൽകിയിരുന്നില്ല . എയർ ഇന്ത്യ വിമാന സർവീസ് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചപ്പോൾ തന്നെ സൗദിക്ക് മുകളിലൂടെ ആണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
എന്നാൽ ഇരു രാജ്യങ്ങളും ഇത് സ്ഥിരീകരിച്ചിരുന്നില്ല. എയർ ഇന്ത്യയുടെ 139 നമ്പർ വിമാനമാണ് ന്യൂഡൽഹിയിൽ നിന്ന് ടെൽ അവീവിലേക്കുള്ള യാത്രാ മദ്ധ്യേ സൗദി വ്യോമപാത ഉപയോഗിച്ചത് .ഇത് ചരിത്രദിനമാണെന്ന് ഇസ്രയേൽ വിനോദസഞ്ചാര വകുപ്പ് മന്ത്രി യാരിവ് ലെവിൻ പ്രസ്താവിച്ചു. സൗദി വ്യോമയാന പാത ഉപയോഗിക്കുന്നത് ഇന്ത്യയിലേക്കുള്ള യാത്രയിൽ രണ്ട് മണിക്കൂർ സമയം ലാഭിക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നേരത്തെ ചങ്കടൽ , ഗൾഫ് ഓഫ് ഏദൻ എന്നിവ കടന്ന് വളഞ്ഞു ചുറ്റിയായിരുന്നു ഇന്ത്യ ഇസ്രയേൽ വിമാനസർവീസ് .
ഇസ്രയേലിലേക്കുള്ള വിമാനങ്ങൾക്ക് സൗദി വ്യോമപാത ഉപയോഗിക്കുന്നതിൽ എഴുപതുവർഷമായി തുടരുന്ന നിരോധനത്തിനാണ് ഇതോടെ അന്ത്യമായത്. എയർ ഇന്ത്യയുടെ ബോയിംഗ് 787-8 വിമാനം ഗ്രീൻവിച്ച സമയം വൈകിട്ട് 4:45 ഓടെ സൗദി വ്യോമപാതയിൽ കടന്നു . മൂന്നു മണിക്കൂർ നാൽപ്പതിനായിരം അടി ഉയരത്തിൽ യാത്ര ചെയ്ത വിമാനം സൗദി തലസ്ഥാനമായ റിയാദിന് 60 കിലോമീറ്റർ അടുത്തുകൂടിയാണ് കടന്നു പോയത്.തുടർന്ന് ജോർദാൻ കടന്ന് വെസ്റ്റ് ബാങ്കിനു മുകളിലൂടെ ഇസ്രയേലിൽ എത്തുകയായിരുന്നു.
Post Your Comments