Latest NewsKeralaNews

അന്തരീക്ഷ മലിനീകരണം ഏറുന്നു: തോത് അളക്കാന്‍ സാധിക്കാതെ സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: അന്തരീക്ഷ മലിനീകരണം അപകടകരമായി ഉയരുമ്പോഴും തത്സമയ വായുഗുണനിലവാര പരിശോധനാ ഉപകരണങ്ങള്‍ സ്ഥാപിക്കണമെന്ന ആവശ്യത്തോട് സര്‍ക്കാര്‍ മുഖംതിരിക്കുന്നു. അന്തരീക്ഷ ഗുണനിലവാരം തത്സമയം പരിശോധിക്കാനുള്ള ഉപകരണങ്ങള്‍ (കണ്ടിന്യൂവസ് ആംബിയന്‍സ് എയര്‍ക്വാളിറ്റി എക്യുപ്മെന്റ്) തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ മാത്രമാണുള്ളത്. തിരുവനന്തപുരത്തും കോഴിക്കോട്ടും ഒന്നുവീതവും എറണാകുളത്ത് മൂന്നെണ്ണവുമാണ് ഉള്ളത്.

പി.എം.-2.5, പി.എം.-10 എന്നിങ്ങനെയാണ് പൊടിപടലങ്ങളെ വേര്‍തിരിച്ചിരിക്കുന്നത്. ഇവ 60 മുതല്‍ 100 മൈക്രോണ്‍ വരെയുണ്ടെന്നാണ് കണ്ടെത്തല്‍. നഗരങ്ങളില്‍ അമോണിയയുടെ അളവും കൂടിയിട്ടുണ്ട്. കേരളത്തിലെ എല്ലാ ജില്ലകളിലും അന്തരീക്ഷ മാലിന്യത്തോത് ഏറുന്നതായാണ് പഠനങ്ങള്‍. ഇത് കണക്കാക്കാനുള്ള സംവിധാനം ഒരുക്കണമെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നു. മലിനീകരണത്തോത് വെളിപ്പെടുത്തുന്ന സൂചിക എല്ലാദിവസവും വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്ന ബോര്‍ഡിന്റെ പ്രഖ്യാപനവും പാഴ്വാക്കായി.

എല്ലാ സംസ്ഥാനങ്ങളും തത്സമയ വായുഗുണനിലവാര പരിശോധനാ സംവിധാനങ്ങള്‍ ഒരുക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. കേരളത്തിലെ അന്തരീക്ഷത്തില്‍ ഏറ്റവുമധികം കാണപ്പെടുന്നത് സള്‍ഫറിന്റെയും നൈട്രജന്റെയും ഓക്സൈഡുകളാണ്. ഇവ രണ്ടും മോട്ടോര്‍വാഹനങ്ങള്‍ പുറന്തള്ളുന്നവയാണ്. നോര്‍മല്‍ മീറ്റര്‍ മൈക്രോക്യൂബ് അന്തരീക്ഷത്തില്‍ 1200 മൈക്രോഗ്രാം വരെ ഇവ അനുവദനീയമാണ്. എന്നാല്‍, കേരളത്തില്‍ ഇവ പരിധി കടക്കുന്നുണ്ടെന്നാണ് വിലയിരുത്തല്‍. നൈട്രജന്‍ ഓക്സൈഡാണ് പരിധിയില്‍ കൂടുതലായി കാണാറ്.

അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കാന്‍ മലിനീകരണം കൂടുതലായുള്ള സ്ഥലങ്ങള്‍ കണ്ടെത്തി മാലിന്യ-പൊടിപടല മുക്തമാക്കന്‍ തദ്ദേശസ്ഥാപനങ്ങള്‍ ഇടപെടണം. ശബ്ദമലിനീകരണ നിയന്ത്രണത്തിന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഉള്‍പ്പെടെയുള്ളവയുടെ ഇടപെടല്‍ ഉണ്ടാകുന്നുണ്ട്. അന്തരീക്ഷ മലിനീകരണത്തിന്റെ കാര്യത്തില്‍ ആരോഗ്യവകുപ്പോ ഡോക്ടര്‍മാരുടെ സംഘടനകളോ ഇടപെടുന്നില്ല. ബോധവത്കരണമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഇവരുടെ ഇടപെടലുണ്ടാകണം. ഗതാഗതം നിയന്ത്രിക്കുന്നതിനും മലിനീകരണത്തിനിടയാക്കുന്ന സ്ഥലങ്ങളില്‍ നിയന്ത്രണമേര്‍പ്പെടുത്താനും പോലീസ് ഇടപെടണം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button