KeralaLatest NewsNews

വരനെ തട്ടിക്കൊണ്ടുപോയി കൂട്ടുകാരുടെ കല്ല്യാണ റാഗിങ്; കൂട്ടക്കരച്ചിലുമായി വധുവും ബന്ധുക്കളും; പിന്നീട് സംഭവിച്ചത്

കണ്ണൂര്‍: വരനെ തട്ടിക്കൊണ്ടുപോയി കൂട്ടുകാരുടെ കല്ല്യാണ റാഗിങ്. വിവാഹ ദിവസം വരന്റെ സുഹൃത്തുക്കള്‍ ചേര്‍ന്ന് നടത്തുന്ന തരികിട പരിപാടികളും പണി കൊടുക്കലുമെല്ലാം മലപ്പുറം മുതല്‍ കാസര്‍കോട് വരെയുള്ള മലബാര്‍ മേഖലയില്‍ പതിവാണ്. എന്നാല്‍ കഴിഞ്ഞദിവസം കണ്ണൂരില്‍ നടന്ന ഒരു കല്ല്യാണ റാഗിങ് അല്‍പം കടന്നുപോയി. കല്ല്യാണത്തിന് തലേദിവസം വരന്റെ വീട്ടില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കവെയായിരുന്നു സുഹൃത്തുക്കളുടെ കൈവിട്ടകളി. സാധാരണ വിവാഹദിവസം നടത്താറുള്ള റാഗിങ് സുഹൃത്തുക്കളെല്ലാം ചേര്‍ന്ന് തലേദിവസം തന്നെ നടപ്പാക്കി. അതും ചെറിയ പണിയൊന്നുമല്ല സുഹൃത്തുക്കള്‍ ആസൂത്രണം ചെയ്തിരുന്നത്. പിറ്റേദിവസം വിവാഹിതനാകുന്ന മണവാളനെ തട്ടിക്കൊണ്ടുപോയാണ് സുഹൃത്തുക്കള്‍ നാട്ടുകാരെയും ബന്ധുക്കളെയും ഒരു പോലെ ഞെട്ടിച്ചത്.

വിവാഹത്തിന് തലേദിവസം രാത്രിയാണ് സുഹൃത്തുക്കള്‍ ചേര്‍ന്ന് വരനെ തട്ടിക്കൊണ്ടുപോയത്. കൊളവല്ലൂര്‍ കടവത്തൂരിലാണ് വരന്റെ സുഹൃത്തുക്കളുടെ വിവാഹ റാഗിങ് അതിരുവിട്ടത്. തങ്ങളുടെ ഉറ്റ സുഹൃത്തിന് സാധാരണ ‘പണികളില്‍’ നിന്നും വ്യത്യസ്തമായി എന്തെങ്കിലും കൊടുക്കണമെന്ന സുഹൃത്തുക്കളുടെ ചിന്തയാണ് വലിയ പൊല്ലാപ്പായി മാറിയത്. ഈ സംഭവത്തിന്റെ പേരില്‍ പോലീസ് സ്റ്റേഷന്‍ കയറേണ്ടി വരുമെന്ന് സുഹൃത്തുക്കള്‍ ഒരിക്കല്‍ പോലും വിചാരിച്ചു കാണില്ല. കണ്ണൂര്‍ ജില്ലയിലെ പാനൂരിനടുത്ത് കടവത്തൂരിലാണ് സുഹൃത്തുക്കളുടെ വിവാഹ റാഗിങും പണികൊടുക്കലും ഒരു നാടിനെ മുഴുവന്‍ മുള്‍മുനയില്‍ നിര്‍ത്തിയത്. കടവത്തൂര്‍ സ്വദേശിയായ യുവാവിന്റെ വിവാഹത്തലേന്നാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.

കല്ല്യാണ വീട്ടില്‍ ബന്ധുക്കളും അതിഥികളുമെല്ലാം എത്തി തുടങ്ങിയിരുന്നു. പക്ഷേ, വന്നവര്‍ക്കൊന്നും വരനെ കാണാനായില്ല. സുഹൃത്തുക്കള്‍ക്കൊപ്പം എവിടയെങ്കിലും പോയതാകുമെന്നായിരുന്നു ബന്ധുക്കള്‍ ആദ്യം വിചാരിച്ചിരുന്നത്. എന്നാല്‍ എത്ര തിരക്കിയിട്ടും മണവാളനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതോടെ കാര്യങ്ങള്‍ കൈവിട്ടു. മണവാളനെ കാണ്മാനില്ലെന്ന വാര്‍ത്ത പരന്നതോടെ ബന്ധുക്കളും നാട്ടുകാരും അന്വേഷണം ആരംഭിച്ചു. ഇതിനിടെ വരനെ കാണാനില്ലെന്ന വിവരം പെണ്‍വീട്ടുകാരുമറിഞ്ഞു. ഇതുകേട്ട് വിവാഹത്തിന് ഒരുങ്ങിയിരുന്ന നവവധുവും ബന്ധുക്കളും കൂട്ടക്കരച്ചിലായി. ആശങ്കയുടെ മണിക്കൂറുകള്‍ പിന്നിട്ടുകൊണ്ടിരിക്കെ നാട്ടുകാരും ബന്ധുക്കളും നാടിന്റെ നാനാഭാഗങ്ങളിലും വരനെ കണ്ടെത്താനായി അരിച്ചുപെറുക്കിയെങ്കിലും ഫലമുണ്ടായില്ല.

വരനെ തട്ടിക്കൊണ്ടുപോയതാണെന്ന വിവരം ലഭിച്ചതോടെ തിരച്ചിലും അവസാനിപ്പിച്ചു. അപ്പോഴേക്കും വരനെ കാണാതായിട്ട് ഏകദേശം അഞ്ചു മണിക്കൂറോളം പിന്നിട്ടിരുന്നു. സംഭവം നിസാരമല്ലെന്ന് മനസിലാക്കിയ വരന്റെ പിതാവും ബന്ധുക്കളും ഒടുവില്‍ കൊളവല്ലൂര്‍ പോലീസില്‍ വിവരമറിയിച്ചു. വരനെ കണ്ടെത്താനുള്ള അന്വേഷണം രാത്രി വൈകിയും തുടരുന്നതിനിടെയാണ് വരന്റെ പിതാവിന് ആ ഫോണ്‍ കോള്‍ എത്തുന്നത്. നിങ്ങള്‍ തിരയുന്ന മണവാളന്‍ തങ്ങളുടെ കസ്റ്റഡിയിലുണ്ടെന്നും, ഒരു ലക്ഷം രൂപ നല്‍കിയാല്‍ മണവാളനെ വിട്ടുനല്‍കാമെന്നുമായിരുന്നു ഫോണ്‍ കോളില്‍ പറഞ്ഞത്. ഇതോടെ യുവാവിന്റെ പിതാവും ബന്ധുക്കളും പരിഭ്രാന്തരായി.

പിതാവിന് ലഭിച്ച ഫോണ്‍ കോളുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയ പോലീസ് സംഘം മണിക്കൂറുകള്‍ക്കം വരനെ കണ്ടെത്തി. ഇതോടെയാണ് വരനെ തട്ടിക്കൊണ്ട് പോയെന്ന നാടകത്തിന് പിന്നില്‍ സുഹൃത്തുക്കളായിരുന്നെന്ന് ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും മനസിലായത്. തമാശയ്ക്ക് ചെയ്തതാണെന്നും, സംഭവത്തിന് ഒരു പഞ്ച് കിട്ടാന്‍ വേണ്ടിയാണ് ഒരു ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടതെന്നുമായിരുന്നു സുഹൃത്തുക്കളുടെ മൊഴി. സംഭവം തമാശയായിരുന്നെങ്കിലും പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിനാല്‍ നാലു സുഹൃത്തുക്കളെയും പോലീസ് അറസ്റ്റ് ചെയ്തു.

പിന്നീട് വരന്റെ പിതാവിന്റെ അനുമതിയോടെയാണ് ഇവരെ വിട്ടയച്ചത്. സ്റ്റേഷനില്‍ നിന്ന് വിട്ടയക്കുന്നതിന് മുന്‍പ് നാല് പേരും ക്ഷമാപണവും നടത്തി. എന്തായാലും ഇത്തരത്തില്‍ അതിരുവിട്ട കല്ല്യാണ റാഗിങുങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനാണ് പോലീസിന്റെ തീരുമാനം. ഇതുസംബന്ധിച്ച്‌ എല്ലാ വീട്ടുകാര്‍ക്കും പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും, അതിരുവിട്ട് കളിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും കൊളവല്ലൂര്‍ എസ്‌ഐ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button