ഇനി ചൂടുകാലമാണ്… കാലാവസ്ഥയുടെ ഈ മാറ്റത്തിൽ രോഗങ്ങൾ വന്നുപ്പെടുക സാധാരണം. ചൂടില്‍ നിന്നും രക്ഷനേടാനുള്ള ചില വഴികൾ അറിയാം. ആഹാരകാര്യങ്ങളില്‍ ശ്രദ്ധിക്കുന്നത് ഒരുപരിധി വരെ ചൂടിനെ ചെറുക്കാന്‍ നമ്മുടെ ശരീരത്തെ പ്രാപ്തമാക്കും. ഉഷ്ണകാലത്ത് ഏതൊക്കെ വിഭവങ്ങള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തണമെന്നും ഒഴിവാക്കണമെന്നും നോക്കാം.
തണുത്ത ഭക്ഷണസാധനങ്ങള്‍ കഴിക്കുന്നതിനേക്കാള്‍ ശരീരത്തിന് തണുപ്പ് നല്‍കുന്ന ഭക്ഷണം കഴിക്കുന്നതാണ് ഉഷ്ണകാലത്ത് ഉചിതം. ശരീരത്തിന് തണുപ്പ് നല്‍കുന്നതില്‍ പ്രധാനിയാണ് മോരും തൈരും കൊണ്ടുള്ള വിഭവങ്ങള്‍. പുറത്തു പോയിട്ട് വന്നാല്‍ സംഭാരം കുടിക്കുന്നതാണ് ഏറ്റവും ഉത്തമം.
പെട്ടെന്ന് ദഹിക്കുന്ന ഭക്ഷണമാണ് ഉഷ്ണകാലത്ത് കഴിക്കേണ്ടതെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. വേവ് കുറഞ്ഞ അരിയുടെ ചോറും കഞ്ഞിയും കുടിക്കുന്നതാണ് ഏറെ ഉത്തമം. പച്ചക്കറികള്‍ തീര്‍ച്ചയായും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട കാലം കൂടിയാണ് ഇത്. വെള്ളരി, കുമ്പളം, പടവലം, മത്തന്‍, തക്കാളി എന്നിവ കൂടുതല്‍ നല്ലത്. രാവിലെയും ഉച്ചയ്ക്കും രാത്രിയുമുള്ള ഭക്ഷണത്തിന്റെ ഇടവേളകളില്‍ പഴവര്‍ഗങ്ങളും ധാരാളമായി കഴിക്കുന്നതും ചൂടിനെ ചെറുക്കാന്‍ സഹായിക്കും.
മറ്റൊരു പ്രധാന കാര്യം മാംസാഹാരം ഒഴിവാക്കുക എന്നതാണ്. കറികളില്‍ നിന്നും വറ്റല്‍മുളകിന്റെയും കുരുമുളകിന്റെയും ഉപയോഗം പരമാവധി കുറയ്ക്കാം. പച്ചമുളകാണ് ഇവയേക്കാള്‍ ഭേദം. അതേസമയം ഭക്ഷണത്തിന് മുമ്പ് ശ്രദ്ധിക്കേണ്ട മറ്റൊന്നുകൂടിയുണ്ട്. ചൂട് കാലത്ത് വളരെ പ്രധാനപ്പെട്ട ഒന്നാണ് ധാരാളം വെള്ളം കുടിയ്ക്കുക എന്നത്. ചൂട് സമയത്ത് യാത്ര കഴിഞ്ഞു വന്ന ഉടൻ ഫ്രിഡ്ജില്‍ ഇരിക്കുന്ന തണുത്ത വെള്ളം എടുത്ത കുടിക്കുന്നത് നല്ലതല്ല. തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുന്നതാണ് ഉത്തമം.
Post Your Comments