മുംബൈ•2019 ഓടെ ‘മോദി മുക്ത ഭാരത’ ആഹ്വാനം ചെയ്ത് കൊണ്ട് ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എ സര്‍ക്കാരിനെതിരെ പുതിയ പോര്‍മുഖം തുറന്ന് മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന തലവന്‍ രാജ് താക്കറെ രംഗത്ത്.
നരേന്ദ്രമോഡിയും അദ്ദേഹത്തിന്റെ സർക്കാരും നൽകിയ തെറ്റായ വാഗ്ദാനങ്ങളുമായി രാജ്യം മടുത്തിരിക്കുകയാണെന്ന് മധ്യ മുംബൈയിലെ ശിവാജി പാര്‍ക്കില്‍ സംഘടിപ്പിച്ച റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവേ താക്കറെ പറഞ്ഞു.
ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എ സര്‍ക്കാരിനെ പുറത്താക്കി ‘മോദി മുക്ത ഭാരതം’ ഉറപ്പാക്കാന്‍ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒന്നിച്ച് നില്‍ക്കണമെന്നും ബി.ജെ.പിയുടെ ‘കോണ്‍ഗ്രസ് മുക്ത ഭാരതം’ എന്ന മുദ്രാവാക്യത്തെ അനുസ്മരിപ്പിച്ച് കൊണ്ട് താക്കറെ പറഞ്ഞു.
1947 ല്‍ ഇന്ത്യക്ക് ആദ്യ സ്വാതന്ത്ര്യം കിട്ടി, 1977 ല്‍ രണ്ടാമത് (അടിയന്തിരാവസ്ഥയ്ക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍) സ്വാതന്ത്ര്യം ലഭിച്ചു. 2019 ല്‍ ‘മോദി മുക്ത ഭാരതം’ സാധ്യമായാല്‍ മൂന്നാമത് സ്വാതന്ത്ര്യം ലഭിക്കുമെന്നും എം.എന്‍.എസ് മേധാവി പറഞ്ഞു.
നോട്ടു അസാധുവാക്കലിനെ കുറിച്ച് അന്വേഷണം നടത്തിയാല്‍ അത് സ്വതന്ത്ര ഇന്ത്യകണ്ട ഏറ്റവും വലിയ അഴിമതിയായേക്കാമെന്നും അദ്ദേഹം പറഞ്ഞു.
അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നതിന് തങ്ങള്‍ അനുകൂലമാണ്. എന്നാല്‍ അത് തെരഞ്ഞെടുപ്പ് വിഷയമായി ഉപയോഗിക്കരുത്. ബാബറി മസ്ജിദ് തകര്‍ക്കല്‍ കേസ് സുപ്രീംകോടതിയുടെ മുന്നിലാണ്. വര്‍ഗീയ കലാപങ്ങള്‍ ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ വരും ദിവസങ്ങളില്‍ ഇത് ബോധപൂര്‍വ്വം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
മോദിയുടെ വിദേശ സന്ദര്‍ശങ്ങള്‍ പകോഡ ഉണ്ടാക്കുന്നതിന് മാവ് വാങ്ങുന്നതിനാണെന്നും അദ്ദേഹത്തിന്റെ സഞ്ചാരത്തിലൂടെ യാതൊരു നിക്ഷേപവും വന്നിട്ടില്ലെന്നും താക്കറെ പരിഹസിച്ചു.
അക്ഷയ് കുമാര്‍ നായകനായ ‘ടോയ്‌ലറ്റ് ഏക് പ്രേംകഥ’, ‘പാഡ് മാന്‍’ തുടങ്ങിയ ബോളിവുഡ് ചിത്രങ്ങള്‍ സര്‍ക്കാര്‍ പദ്ധതികള്‍ പ്രചരിപ്പിക്കാന്‍ വേണ്ടിയുള്ളതായിരുന്നുവെന്നും എന്‍,എന്‍.എസ് മേധാവി പറഞ്ഞു.
അക്ഷയ് കുമാര്‍ ഇന്ത്യന്‍ പൗരനല്ല. കനേഡിയന്‍ പാസ്പോര്‍ട്ട് കൈവശം വയ്ക്കുന്നയാളാണ്. എന്നിട്ട് വിക്കിപീഡിയയില്‍ ഇന്ത്യയില്‍ ജനിച്ച കനേഡിയന്‍ നടന്‍ എന്നാണ് വിശേഷിപ്പിക്കുന്നതെന്നും രാജ് താക്കറെ പറഞ്ഞു.
നദീസംരക്ഷണത്തെക്കുറിച്ചുള്ള വീഡിയോ ഗാനത്തില്‍ പ്രത്യക്ഷപ്പെട്ടതിന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിനെയും താക്കറെ വിമര്‍ശിച്ചു. സംസ്ഥാനത്ത് നിരവധി പ്രശ്നങ്ങളുണ്ട്. പക്ഷേ, മുഖ്യമന്ത്രി പാട്ടുകള്‍ പാടുന്ന തിരിക്കിലാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞമാസം അന്തരിച്ച നടി ശ്രീദേവിയെ സംസ്ഥാന ബഹുമതികളോടെ സംസ്കരിച്ചതിനേയും രാജ് താക്കറെ ചോദ്യം ചെയ്തു.
ശ്രീദേവി വലിയ നടിയായിരുന്നു. എന്നാല്‍ ഈ രാജ്യത്തിന് വേണ്ടി അവര്‍ എന്ത് ചെയ്തിട്ടാണ് അവരുടെ ശരീരം ത്രിവര്‍ണ പതാകയില്‍ പൊതിഞ്ഞതെന്നും അദ്ദേഹം ചോദിച്ചു.
Post Your Comments