തിരുവനന്തപുരം•കമ്യൂണിസത്തിന്റെ ഏകാധിപത്യത്തെ കണക്കറ്റ് പരിഹസിച്ച് മുസ്ലിം ലീഗ് എം.എല്‍.എ കെ.എൻ.എ ഖാദർ നിയമസഭയിൽ നടത്തിയ പ്രസംഗത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു.
ചൈനീസ് ഭരണഘടനയെ മരണ ഘടന ഇന്ന് വിശേഷിപ്പിച്ച ഖാദര്‍, 21 സംസ്ഥാനങ്ങളും കേന്ദ്രവും ബി.ജെ.പിയ്ക്ക് കിട്ടിയ പോലെ സി.പി.എമ്മിനായിരുന്നെങ്കില്‍ ഇവിടെ ഈ അസംബ്ലി ഉണ്ടായിരിക്കുമായിരുന്നുവോ എന്ന് പരിഹാസപൂര്‍വ്വം ചോദിച്ചു. ചൈനയില്‍ പ്രസിഡന്റ് ഷീ ജിന്‍പിംഗിന് മരണം വരെ തലസ്ഥാനത്ത് തുടരാനുള്ള ഭരണഘടനാ ഭേദഗതി ചൂണ്ടിക്കാട്ടിയായിരുന്നു ഖാദറിന്റെ പരാമര്‍ശം.
കമ്യൂണിസത്തിന് ജനാധിപത്യത്തിൽ വിശ്വാസമില്ലെന്ന് എല്ലാവർക്കുമറിയാം . ചൈനയിലും ഉത്തരകൊറിയയിലും ക്യൂബയിലും മറ്റ് കമ്യൂണിസ്റ്റ് രാജ്യങ്ങളിലും ഒന്നിൽ പോലും ജനാധിപത്യമില്ലെന്ന് കെ.എൻ.എ ഖാദർ പറഞ്ഞു. നിയമസഭയില്‍ ധനാഭ്യര്‍ത്ഥന ചര്‍ച്ചയ്ക്കിടെയാണ് ഖാദര്‍ സി.പി.എമ്മിനെയും കമ്മ്യൂണിസത്തേയും കടന്നാക്രമിച്ചത്.
ചൈനയിലും ഉത്തരകൊറിയയിലും ഏകാധിപത്യത്തിന്റെ പഞ്ചനക്ഷത്ര ഹോട്ടലുകൾ നടത്തുമ്പോൾ ഇവിടെ കണ്ണൂരിൽ ഏകാധിപത്യത്തിന്റെ തട്ടുകട നടത്തുകയാണ് സഖാക്കൾ ചെയ്യുന്നതെന്നും അദ്ദേഹം പരിഹസിച്ചു. ഇന്ത്യയിൽ ഭാരതീയ ജനതപാർട്ടിയാണ് 21 സംസ്ഥാനങ്ങളും കേന്ദ്രവും ഭരിക്കുന്നത് . അത്രയും സ്ഥലം കമ്യൂണിസ്റ്റ് പാർട്ടിക്ക് കിട്ടിയാൽ പിന്നെ ഇവിടെ അസംബ്ളി നടക്കുമോ എന്നും ഖാദർ ചോദിച്ചു.
കമ്യൂണിസ്റ്റ് രാജ്യങ്ങളിൽ പ്രതിപക്ഷപ്പാർട്ടികൾ പോലുമില്ല. നേരത്തെ കമ്യൂണിസ്റ്റുകാർ ഭരിച്ചിരുന്ന സോവിയറ്റ് യൂണിയൻ ഇപ്പോഴില്ല . അതെല്ലാം പല രാജ്യങ്ങളായിപ്പോയി . റുമേനിയയിൽ ഏകാധിപതിയായ ചെഷസ്ക്യുവിനെ ജനം തെരുവിൽ കൊലപ്പെടുത്തുകയായിരുന്നു. റഷ്യയില്‍ കമ്മ്യൂണിസ്റ്റ് ഭരണം അവസാനിച്ച ശേഷം ലെനിന്‍ പ്രതിമകള്‍ തകര്‍ക്കുന്നത് സാധാരണ സംഭവമായിരുന്നു. അതുകൊണ്ട് ത്രിപുരയില്‍ ലെനിന്‍ പ്രതിമകള്‍ തകര്‍ത്തതിനെ വലിയ സംഭവമായി കാണേണ്ടതില്ലെന്നും ഖാദര്‍ പറയുന്നു.
കേരളത്തില്‍ നിന്ന് യുവാക്കള്‍ എന്തുകൊണ്ടാണ് ചൈനയിലും ക്യൂബയിലും തൊഴില്‍ തേടി പോകാത്തതെന്നും ഖാദര്‍ ചോദിക്കുന്നുണ്ട് വീഡിയോയില്‍. അവിടെ തൊഴിലില്ല. ഗള്‍ഫ് രാജ്യങ്ങളില്‍ പിരിവിന് പോകുന്നത് പോലെ സി.പി.എം നേതാക്കള്‍ ചൈനയിലോ ക്യൂബയിലോ വിയറ്റ്നാമിലോ പിരിവിന് പോകാത്തത് എന്ത് കൊണ്ടാണെന്നും ഖാദര്‍ പരിഹസിക്കുന്നു.
വീഡിയോ കാണാം
Post Your Comments