മലയാളികളെ വീണ്ടും മണ്ടന്മാരാക്കുകയാണ് പാവങ്ങളുടെ പടത്തലവന്‍ പിണറായി മുഖ്യന്‍. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണെന്നും പറഞ്ഞു പെന്‍ഷനും ശമ്പളം വൈകിപ്പിക്കുന്ന പിണറായി സര്‍ക്കാര്‍ തങ്ങളുടെ രണ്ടാം വാര്‍ഷികം ആഘോഷിക്കാന്‍ ചെലവിടുന്നത് 16 കോടി രൂപ. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ആണെന്നും മുണ്ടുമുറുക്കിയുടുക്കണമെന്നും കഴിഞ്ഞ ബജറ്റില്‍ ധനമന്ത്രി പറഞ്ഞതിന് പിന്നാലെ മന്ത്രിമാര്‍ക്ക് സുഖ ചികിത്സയ്ക്കും വീട് പുതുക്കുന്നതിനും വേണ്ടി കോടികള്‍ ചെലവിടുന്ന വാര്‍ത്തകള്‍ പുറത്തു വന്നത്. ഇത് കണ്ടു ഞെട്ടിയ സാധാരണക്കാര്‍ക്ക് അടുത്ത ഒരു അടിയായി ഇപ്പോഴത്തെ പുതിയ തീരുമാനം. സര്‍ക്കാര്‍ രണ്ടാം വാര്‍ഷികം ആഘോഷിക്കാന്‍ ചെലവിടുന്നത് 16 കോടി രൂപയെന്ന് റിപ്പോര്‍ട്ട്. മേയ് ഒന്നു മുതല്‍ 31 വരെയാണു വാര്‍ഷികാഘോഷം.
രണ്ടാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്തു പൂര്‍ത്തിയായി വരുന്ന എല്ലാ പദ്ധതികളുടെയും ഉദ്ഘാടനങ്ങള്‍ മേയിലേക്കു മാറ്റി. സംസ്ഥാനത്ത് അയ്യായിരത്തോളം ഉദ്ഘാടനങ്ങളെങ്കിലും മേയില്‍ നടക്കുമെന്നാണ് ഉദ്യോഗസ്ഥരുടെ കണക്കുകൂട്ടല്‍. എന്നാല്‍ പൂര്‍ത്തിയായ പദ്ധതികളില്‍ പലതിന്റേയും ഉദ്ഘാടനം ഈയൊരു കാരണത്തില്‍ നീട്ടിക്കൊണ്ടു പോകുന്നത്തിനെതിരെ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഇതോടെ, ചില പദ്ധതികള്‍ ഉദ്ഘാടന ആവശ്യത്തിനായി നേരത്തേ പൂര്‍ത്തിയാക്കുകയും ചിലതു വൈകിപ്പിക്കുകയും ചെയ്യും. കൂടാതെ കഴിഞ്ഞ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് അവര്‍ ഭരണത്തില്‍ നിന്നും ഇറങ്ങുന്നതിനു മുന്നോടിയായി പൂര്‍ത്തിയാകാത്ത പദ്ധതികള്‍ പലതും അവസാന നാളുകളില്‍ ഉദ്ഘാടനം ചെയ്തത് ഇടതുപക്ഷം വലിയ ചര്‍ച്ചയാക്കിയിരുന്നു. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള കളിയാണിതെന്നും വിമര്‍ശിച്ചു. എന്നാല്‍ ഇപ്പോള്‍ ഭരണത്തില്‍ ഇരുക്കുന്ന പിണറായി സര്‍ക്കാരും ചെയ്യുന്നത് ഇതാണ്. രണ്ടുവര്‍ഷംകൊണ്ട് നിരവധി പദ്ധതികള്‍ പൂര്‍ത്തിയാക്കിയെന്ന പ്രതീതി സൃഷ്ടിക്കാനാണ് എല്‍ഡിഎഫിന്റെ ഉത്ഘാടന മാമാങ്കം. ജനോപകാരപ്രദമായ പദ്ധതികള്‍ പൂര്‍ത്തിയാക്കിയെന്ന് പ്രചരണത്തിനായി വലിയ പ്രചരണ പരിപാടികളും ഇതോടൊപ്പം സംഘടിപ്പി ക്കുന്നുണ്ട്. അഴിമതിയും ബന്ധുത്വ നിയമനവും രാഷ്ട്രീയ കൊലപാതകങ്ങളും കൊണ്ട് നഷ്‌ടമായ പ്രതിച്ഛായ മെച്ചപ്പെടുത്തുകയെന്നതാണ് പിണറായി സര്‍ക്കാരിന്റെ ഇപ്പോഴത്തെ ലക്ഷ്യം. അതിനായാണ് വാര്‍ഷിക ദിനാഘോഷങ്ങള്‍ വിപുലമാക്കുന്നത്.
വാര്‍ഷികാഘോഷത്തിനായുള്ള ചെലവ് 16 കോടിയില്‍ കവിയാതിരിക്കാന്‍ ഉദ്യോഗസ്ഥര്‍ ജാഗ്രത കാട്ടണമെന്നു ഭരണാനുമതി നല്‍കിക്കൊണ്ടുള്ള ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ഈ ചിലവില്‍ കാര്യങ്ങള്‍ നടക്കണമെന്നില്ല. ദേശീയ തലത്തില്‍ പത്രങ്ങളില്‍ സര്‍ക്കാരിന്റെ വിശാലമായ പരസ്യങ്ങള്‍ നല്‍കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ഇതിന് വലിയ തുകതന്നെ വേണ്ടിവരും. ഇന്ത്യയില്‍ ഇപ്പോള്‍ കേരളത്തില്‍ മാത്രമാണ് സിപിഎം അധികാരത്തില്‍ ഉള്ളത് എന്നതിനാല്‍ ഇത്തരത്തില്‍ പരസ്യം നല്‍കുന്നതിന് വലിയ പ്രാധാന്യമുണ്ടെന്ന് പാര്‍ട്ടിയില്‍ വാദം ഉയര്‍ന്നിട്ടുണ്ട്.
സംസ്ഥാന, ജില്ലാ, മണ്ഡല തലങ്ങളിലായാണ് ഉദ്ഘാടനങ്ങള്‍. വാര്‍ഷികം കണക്കിലെടുത്തു സംസ്ഥാനത്തെ 40 ലക്ഷം സ്‌കൂള്‍കുട്ടികള്‍ക്കു മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തെഴുതാനും തീരുമാനിച്ചിട്ടുണ്ട്. മേയ് രണ്ടിനു കത്തിനൊപ്പം കുട്ടികള്‍ക്കു വൃക്ഷത്തൈയും വിത്തുകളും നല്‍കും. അന്നുതന്നെ മുഴുവന്‍ വിദ്യാലയങ്ങളിലും പാഠപുസ്തകങ്ങളുടെ വിതരണം തുടങ്ങാനും എല്‍പി, യുപി ക്ലാസുകളിലെ കുട്ടികള്‍ക്കു യൂണിഫോം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. മെയ് 18നു കണ്ണൂരിലാണു ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം. സമാപനം തിരുവനന്തപുരത്ത് നടത്താനാണ് നിശ്ചയിച്ചിട്ടുള്ളത്.
അനിരുദ്ധന്‍
Post Your Comments