ഡെറാഡൂണ്‍: സ്തനാര്‍ബുദമുണ്ടെന്ന ലാബ് റിപ്പോര്‍ട്ടിന്റെ കണ്ടെത്തലിനെ തുടര്‍ന്ന് പതിനഞ്ച് വര്‍ഷം മുമ്പ് സ്തനം നീക്കം ചെയ്യപ്പെട്ട യശോദ ഗോയല്‍ എന്ന യുവതിയ്ക്ക് 19 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവിട്ടു. ഡെറാഡൂണിലെ കണ്‍സ്യൂമര്‍ കോടതിയുടേതാണ് ഉത്തരവ്. രാജീവ് ഗാന്ധി കാന്‍സര്‍ സെന്ററിലെ സര്‍ജന്‍മാരാണ് തെറ്റായ ലാബ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ശസ്ത്രക്രിയ ചെയ്തത്. സംഭവത്തില്‍ റിപ്പോര്‍ട്ട് നല്‍കിയ പതോളജി ലാബിന്റെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയുണ്ടായതായി കോടതി കണ്ടെത്തി.
ഇടതു മാറിടം നീക്കം ചെയ്തതിന് ശേഷമാണ് യുവതിയ്ക്ക് സ്തനാര്‍ബുദം ഇല്ലെന്ന് കണ്ടെത്തുന്നത്. ഗുരുതരമായ ചികിത്സാപിഴവിനാണ് വന്‍തുക നഷ്ടപരിഹാരം വിധിച്ചത്. ഡോക്ടര്‍ ആഹൂജാസ് പതോലോജി ആന്‍ഡ് ഇമേജിംഗ് സെന്റര്‍ ആണ് റിപ്പോര്‍ട്ട് നല്‍കിയത്. ഏപ്രില്‍ 29, 2006 മുതലുള്ള പലിശ സഹിതമാണ് ലാബ് നഷ്ടപരിഹാരം നല്‍കേണ്ടത്.
ജസ്റ്റിസ് ബി എസ് വര്‍മ, വീണ ശര്‍മ എന്നിവരടങ്ങിയ കമ്മിഷന്‍ ആണ് വിധി പുറപ്പെടുവിച്ചത്. 2003 ലാണ് ഡോക്ടര്‍ ആഹൂജാസ് പതോലോജി ആന്‍ഡ് ഇമേജിംഗ് സെന്ററില്‍ നടത്തിയ പരിശോധനയില്‍ ഇവര്‍ക്ക് ബ്രെസ്റ്റ് കാന്‍സര്‍ ആണെന്ന് കണ്ടെത്തിയത്. ഈ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണ് പിന്നീട് രാജീവ് ഗാന്ധി കാന്‍സര്‍ സെന്ററിലെ ഡോക്ടര്‍മ്മാര്‍ സ്തനം നീക്കം ചെയ്യല്‍ ശസ്ത്രക്രിയ നടത്തിയത്. ഇതിനു ശേഷമാണ് ഇവര്‍ക്ക് അസുഖം ഇല്ലായിരുന്നു എന്ന് തെളിഞ്ഞത്.
Post Your Comments