എനിക്കൊരു കാര്യം പറയണം എന്നൊരു മുഖവുരയോടെ അവള്‍ മുന്നില്‍ വന്നു. എവിടെ കൂട്ടുകാരി..? ഇണപിരിയാത്ത സുഹൃത്തുക്കളാണ് അവളും മറ്റൊരു പെണ്‍കുട്ടിയും. ”അവളിപ്പോള്‍ ഏത് നേരവും അവന്റെ ഒപ്പമാണ് മങ്ങിയ മുഖത്തോടെ മറുപടി. കൂട്ടുകാരിയുടെ കാമുകന്റെ കാര്യമാണ് അവള്‍ പറഞ്ഞത്. ആ പ്രണയം ഇന്നലെ ഉണ്ടായതാണ്. അതിനു മുന്‍പ് അവര്‍ രണ്ടും മാത്രമായിരുന്നു ലോകം..പെട്ടന്ന് അതിലൊരാള്‍” അവന്റെ കാമുകി ആയി. പ്രണയം സൃഷ്ടിക്കുന്ന വര്‍ണാഭയമായ ലോകത്ത് വിഹരിക്കുന്ന അവളും അവളുടെ അവനും. അവര്‍ക്കിടയില്‍ താന്‍ ആരുമല്ല. പ്രണയം കടലോളവും വാനോളവും വ്യാപിച്ചു മനസ്സിന്റെ അറകളില്‍ നിറഞ്ഞു തുളുമ്പുമ്പോള്‍ സൗഹൃദം മങ്ങി പോയി. ഇവള്‍ക്കെന്തിനാണ് ഒരു പുരുഷന്‍.?
മരവിച്ച മുഖം നിറച്ചും പക, സങ്കടം എന്തോ മഹാവ്യാധി പിടിപെട്ട പോലെ തളര്‍ന്ന സ്വരം. സങ്കീര്‍ണ്ണമായ പ്രശ്‌നം. കൂട്ടുകാരിയോട് ശക്തമായ സ്‌നേഹമാണ് പക്ഷെ അതില്‍ സമൂഹം അംഗീകരിക്കാത്ത ചില ചേരുവകള്‍ കലര്‍ന്ന് പോയി. പുക മറ നീങ്ങി തുടങ്ങി, തന്നിലെ തന്നെ അവള്‍ തിരിച്ചറിയുന്നുണ്ട്. ആദര്‍ശ സ്ത്രീത്വത്തിന്റെ പ്രതീകമായ രീതി പോലെ പുരുഷനോടല്ല പ്രണയം തോന്നുന്നത്. ആ തിരിച്ചറിവ് അവളില്‍ ശക്തമായ അടി ഒഴുക്കുകള്‍ ഉണ്ടാക്കുന്നുണ്ട്.
”ഇന്നേ വരെ ഒരു പുരുഷനോട് എനിക്ക് പ്രണയം തോന്നിയിട്ടില്ല. ശാരീരികമായ ഇഷ്ടം വന്നിട്ടില്ല.” സദാചാര വിലക്കുകളുടെ ഉള്ളില്‍ ഞെരിഞ്ഞു അമര്‍ന്നു പോകുന്ന ആത്മാവ്. ഇത്തരം എത്ര പേരുണ്ട് നമ്മുക്ക് ചുറ്റും? ഭാര്‍ത്താവിന്റെ പീഡനം, ജോലി ഭാരം, നാട് വിട്ടുള്ള ജീവിതം, അതിന്റെ ഇടയ്ക്കു താങ്ങായി നിന്ന സുഹൃത്തുമായുളള ബന്ധം എപ്പോഴോ വഴി മാറി പോയി. പെണ്ണും പെണ്ണും തമ്മില്‍ ചേര്‍ന്നപ്പോള്‍ അവിടെ പുതിയ ഒരു ശക്തി രൂപപ്പെട്ടു. അടിമയും ഉടമയും ഇല്ലാതെ അവര്‍ പരസ്പരം തീവ്രമായി പ്രണയിക്കുന്നു. ലഹരിയില്‍ ജീവിതം മുഴുവന്‍ ഊറികുടിക്കാന്‍ ആഗ്രഹിക്കുകയാണ്. ഇങ്ങനെ അതിനെ വിശദീകരിക്കുന്നു.
”ലോകത്ത് ഒരു പുരുഷനും സ്ത്രീയെ അവളുടേതായ തലത്തില്‍ മനസ്സിലാക്കാറില്ല.. ആദര്‍ശഭാര്യാസങ്കല്‍പം അവളെ അതിഭാവുകത്വത്തിലേയ്ക്ക് കൊണ്ടെത്തിക്കുന്നു. കാപട്യം ആണത്. അവള്‍ക്കു വേണ്ടുന്ന പ്രണയം, പരിലാളനയോടെ ഉള്ള കാമം
ഒക്കെ പൂവണിയാത്ത മോഹങ്ങളും സ്വപ്നങ്ങളും ആയി അവശേഷിക്കുന്നു. ആത്മബന്ധത്തിന്റെ പൂര്‍ണ്ണത എന്നത് പോലെ തന്നെ ശാരീരിക ബന്ധത്തിന്റെ ആസ്വാദനവും സ്ത്രീയുടെ മുഖ്യ വിഷയം തന്നെ ആണ്.. രതിയുടെ പാരമ്യതയിലെ സംതൃപ്തി അഭിനയിച്ചു തീര്‍ക്കുന്ന ഭൂരിപക്ഷം സ്ത്രീകളുടെയും സങ്കര്‍ഷത്തെ ഏതെങ്കിലും ഒരു മനഃശാസ്ത്ര പഠനം യഥാ രീതിയില്‍ വിശകലനം ചെയ്തിട്ടുണ്ടോ ?
ഇനി, മുഖ്യമായി മനസ്സിലാക്കേണ്ട ഒന്നുണ്ട്, പുരുഷനില്‍ നിന്നും അകന്നു മാറി സ്ത്രീ, സ്ത്രീയിലേക്കു അടുക്കുന്നതിന്റെ ഉത്തരം… ”സ്ത്രീ എന്നാല്‍ സ്‌നേഹവും പ്രണയവും കാമവും മാത്രമല്ല ഇത്തരം ഭാവങ്ങള്‍ക്കു അതീതമായി ഉള്ളില്‍ ഒളിച്ചിരിക്കുന്ന ചിലത്…
അതിന്റെ സാക്ഷാത്കാരത്തിന്റെ കുറവ് അവളില്‍ കിടന്നു പിടയ്ക്കും. അകാരണമായ വിഷാദം നിറയ്ക്കും.. സന്ധ്യയുടെ നിറം കടുക്കുമ്പോള്‍ നെഞ്ചില്‍ ശക്തമായ ഞെരുക്കം.. കണ്ണുകള്‍ നിറയുകയും, നീറുകയും ഞാന്‍ എന്ന ഭാവം, നിസ്സഹായതയുടെ കുപ്പായം അണിയുന്ന നേരങ്ങള്‍.
സമൂഹം കല്‍പ്പിക്കുന്ന ഇരുത്തം വന്ന സ്ത്രീയുടെ പക്വത പലപ്പോഴും അവിടെ തെറ്റുന്നു. സ്ത്രീയുടെ വ്യക്തിസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ചിന്തകള്‍ക്ക് കുറച്ചേ അംഗീകാരം കിട്ടുന്നുണ്ട് എങ്കിലും പൂര്‍ണമായ പൊളിച്ചെഴുത്തിനു ഒരുപാടു കാലതാമസം എടുക്കുമെന്ന് ഊഹിക്കാം..
അതേ പോലെ പുരുഷനിലും ഉണ്ട് ചില ധര്‍മ്മ സങ്കടങ്ങള്‍. ”എന്റെ മകന് മാനസികമായ പ്രശ്‌നങ്ങള്‍ രൂക്ഷമാണ്. അവന്റെ താല്പര്യം മുഴുവന്‍ പുരുഷനോട് തന്നെ ആണ്. ഒന്നുകില്‍ അവന്‍ അതില്‍ നിന്നും മാറണം. അല്ലേല്‍ അവന്‍ മരിക്കണം. പിതാവിന്റെ വാക്കുകളെ ഭയന്ന് നോക്കുന്ന മകന്‍. പക്ഷെ അവന്‍ നിസ്സഹായനാണ്. അവന്റെ ഉള്ളില്‍ നൃത്തമാടുന്ന സ്വപ്നങ്ങള്‍ മറ്റൊന്നാണ്. ”ഞാന്‍ കാരണം മറ്റുള്ളവര്‍ ദുഃഖിക്കരുത് എന്ന് ആഗ്രഹം ഉണ്ട് പക്ഷെ.”
കഠിനമായ ഉള്‍ച്ചൂടില്‍ വെന്തുരുകുന്ന അവനോടു സ്‌നേഹം തോന്നി. പക്ഷെ, അവന്റെ ലൈംഗികത അവന്‍ തിരഞ്ഞെടുത്തോട്ടെ എന്ന് പറഞ്ഞാല്‍, നെറികെട്ടവള്‍ ആയി തീരും ഈ പറയുന്നവള്‍. മകന്റെ കാര്യത്തില്‍ അച്ഛനാണ് നിയമം. സമൂഹത്തില്‍ കുടുംബത്തിനുള്ള സ്ഥാനമാണ് ധര്‍മ്മം. നീതി എന്നത് കൂട്ടായ താല്പര്യങ്ങള്‍ ആണ്. ചൂഷിത വര്‍ഗ്ഗങ്ങള്‍ ഇവിടെ ക്രൂരമായി എരിഞ്ഞു കൊണ്ടിരിക്കുന്നു.
ഭാര്യയില്‍ നിന്നും ഭര്‍ത്താവും, ഭാര്‍ത്താവില്‍ നിന്നും ഭാര്യയും, ഒരുപാടു ദൂരം ഒന്നിച്ചു ദാമ്പത്യം പിന്നിട്ടു കഴിഞ്ഞതിനു ശേഷം, സ്വവര്‍ഗ്ഗ രതിയിലേയ്ക്ക് തിരിയുന്ന ഘട്ടം ചിലരില്‍ എങ്കിലും കാണപ്പെടുന്നുണ്ട്.
മറ്റൊരു കേസ്. വിവാഹജീവിതം വേണ്ട എന്ന് പലപ്രാവശ്യം പറഞ്ഞതാണ്. ജോലിയും ആരോഗ്യവും സൗന്ദര്യവും ഉള്ള ഭാര്‍ത്താവില്‍ നിന്നും ശാരീരികമായി അര്‍ഹിക്കുന്ന പ്രതികരണം അല്ല ലഭിക്കുന്നത് എന്ന് പരാതി പറയാന്‍ അവള്‍ക്കും ധൈര്യം പോരാ. ഭാര്‍ത്താവിനെയും കൂട്ടുകാരനെയും ഒന്നിച്ചു അരുതാത്ത സാഹചര്യത്തില്‍ കാണും വരെ എന്താണ് സംഭവിക്കുന്നതു എന്ന് വ്യക്തമല്ല. എന്തിനു അയാള്‍ ആത്മഹത്യ ചെയ്തു എന്ന ചോദ്യം ഉത്തരം കിട്ടാത്ത സമസ്യ ആയി മറ്റുള്ളവരുടെ മുന്നില്‍ തുടരുന്നു എങ്കിലും സ്വന്തം കുടുംബത്തില്‍ ഉള്ളവര്‍ക്ക് അറിയാമല്ലോ. അതിലേയ്ക്ക് തള്ളി വിട്ടത് തങ്ങള്‍ ആണെന്ന്.
സഹതാപം അല്ല. അംഗീകാരം ആണ് വേണ്ടത്. അസമത്വങ്ങള്‍ ഒക്കെ പൂര്‍ണമായും തച്ചുടയ്ക്കാന്‍, വിലക്കുകളെ ഭേദിച്ച് സ്വന്തം ആത്മാവിനെ തിരുകി വെയ്ക്കാന്‍ കഴിയണമെങ്കില്‍ അസാമാന്യ കരുത്ത് വേണം. അവലംബമില്ലാത്ത നില്‍ക്കാം, പക്ഷെ അവനവന്‍ സ്വയം ബഹുമാന്യന്‍ ആയി തീരണം.
Post Your Comments