Latest NewsArticleNews Story

അഴകുള്ള കുപ്പിയില്‍ ‘ക്യാന്‍സര്‍ വിതരണം’

ദാഹ ജലത്തിനായി കടകളില്‍ നിന്നും വാങ്ങുന്ന കുപ്പി വെള്ളം കുടിക്കുന്നവരുടെ ശ്രദ്ധയ്ക്ക് അഴകുള്ള ആ കുപ്പികള്‍ ലഭിക്കുന്നത് തെളിനീരല്ല. മായവും രാസ വസ്തുക്കളും നിറഞ്ഞ അശുദ്ധ ജലമാണ് കുടിവെള്ളമായി നമ്മുടെ കൈകളില്‍ എത്തുന്നത്. ഇന്റർനാഷണൽ കൗൺസിൽ ഓഫ് ബോട്ടിൽഡ് വാട്ടർ അസോസിയേഷന്റെ കണക്കു പ്രകാരം 1090 ദശലക്ഷം ലിറ്റർ കുപ്പിവെള്ളം ലോകത്തു വിറ്റഴിയുന്നുണ്ട്. എന്നാല്‍ ഇവയെല്ലാം മായം കലര്‍ന്നത് ആയിക്കഴിഞ്ഞു. ആവശ്യവും ഉപഭോഗവും വർധിച്ചതാണു ഗുണനിലവാരമില്ലായ്മ വർധിപ്പിച്ചതെന്നാണ് അധികൃതരുടെ വാദം.

വ്യാജ ലൈസൻസിലൂടെയും വ്യാജ സർട്ടിഫിക്കറ്റുകളിലൂടെയും മിനറൽ വാട്ടറുകൾ വിപണിയിലെത്തുന്നതും കുപ്പികളിൽ വ്യാജ സ്റ്റിക്കറുകൾ ഒട്ടിക്കുന്നതും ഉപയോഗിച്ച കുപ്പികളിൽ മലിനജലം നിറച്ചു വിപണിയിലെത്തിക്കുന്നതും ഇന്നു സാധാരണമായി. രാജ്യത്ത് വില്‍ക്കുന്ന 10 കുപ്പിവെള്ളത്തില്‍ മൂന്നെണ്ണമെങ്കിലും മലിനമാണെന്ന് കേന്ദ്രസര്‍ക്കാര്‍ വെളിപ്പെടുത്തുന്നു. കേന്ദ്ര ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ വകുപ്പുമന്ത്രി സി.ആര്‍. ചൗധരിയാണ് ചൊവ്വാഴ്ച ലോക്‌സഭയെ ഇക്കാര്യം അറിയിച്ചത്. ഇന്ത്യയടക്കമുള്ള ഒമ്പതുരാജ്യങ്ങളിലെ കുപ്പിവെള്ള സാമ്പിളുകള്‍ പരിശോധിച്ച ന്യൂയോര്‍ക്ക് സ്റ്റേറ്റ് സര്‍വകലാശാലയിലെ ഗവേഷകര്‍ 93 ശതമാനം വെള്ളത്തിലും സൂക്ഷ്മമായ പ്ലാസ്റ്റിക് തരികള്‍ കണ്ടെത്തി. പ്രമുഖ ബ്രാന്‍ഡുകളുടെ വെള്ളത്തിലും ഇത് കണ്ടെത്തി എന്നത് ജനങ്ങളെ ആശങ്കാകുലരാക്കുന്നു. പലതരത്തിലുള്ള അര്‍ബുദത്തിനും ബീജത്തിന്റെ അളവും കുറയാനും കുട്ടികളില്‍ അറ്റന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്ടിവിറ്റി ഡിസോര്‍ഡര്‍, ഓട്ടിസം എന്നിവ ഉണ്ടാകാനും ഈ മാലിന്യങ്ങള്‍ കാരണമാകും. ദാഹം തീര്‍ക്കാന്‍ വേണ്ടി നമ്മള്‍ ക്യാന്‍സറിനെ വില കൊടുത്ത് മേടിക്കുകയാണ് ചെയ്യുന്നത്. കേരളത്തിലും സ്ഥിതി ഇത് തന്നെയാണ്. കേരളത്തില്‍ കുപ്പിവെള്ളമുണ്ടാക്കിവില്‍ക്കുന്ന അറനൂറിലേറെ യൂണിറ്റുകളില്‍ മൂന്നില്‍ രണ്ടെണ്ണത്തിനുപോലും ലൈസന്‍സ് തന്നെയില്ല. കൂടാതെ പ്രമുഖകമ്പനികളോട് സാമ്യമുള്ള ലേബലുകള്‍ ഉപയോഗിച്ച് വ്യാജ കുപ്പിവെള്ളം വിതരണം പലയിടങ്ങളിലും വ്യാപകമായി നടക്കുന്നുമുണ്ട്.

പലപ്പോഴും പരാതികള്‍ ഉണ്ടാകുമ്പോള്‍ മാത്രമാണ് പരിശോധനകള്‍ നടക്കുന്നത്. അങ്ങനെ നടത്തുന്ന പരിശോധനകളിൽ പ്രാഥമികമായി ക്രമക്കേടുണ്ടെന്നു കണ്ടെത്തുന്നവ മാത്രമാണ് വിദഗ്ധ പരിശോധനകൾക്കായി ലബോറട്ടറികളിലേക്ക് അയയ്ക്കാറുള്ളു. എന്നാൽ, അതിലും വലിയ വെളിപ്പെടുത്തലുകളാണ് ലോക ആരോഗ്യ സംഘടനയും ഭാഭാ ആറ്റോമിക് റിസർച്ച് സെന്ററിലെ ഹെൽത്ത് ഫിസിക്സ് വിഭാഗവും മുന്പ് പുറത്തുവിട്ട റിപ്പോർട്ടുകളിലുള്ളത്. അത് കൂടാതെയാണ് ഇപ്പോഴത്തെ ഗവേഷണ റിപ്പോര്‍ട്ടും.

മിനറൽ വാട്ടർ അടക്കം ചെയ്യുന്ന കുപ്പിക്കു പുറത്ത് നാച്വറൽ മിനറൽ വാട്ടർ എന്നു വലിയ അക്ഷരത്തിൽ അച്ചടിച്ചിരിക്കണമെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്. കുടിവെള്ളം അടക്കം ചെയ്തിരിക്കുന്ന കുപ്പിക്കു പുറത്ത് പാക്കേജ്ഡ് ഡ്രിങ്കിംഗ് വാട്ടർ എന്നു വലിയ അക്ഷരത്തിൽ അച്ചടിച്ചിരിക്കണമെന്നും പായ്ക്കു ചെയ്ത തീയതിയും വിലയും രേഖപ്പെടുത്തിയിരിക്കണമെന്നും നിയമമുണ്ട്. എന്നാൽ, ഈ നിർദേശം പോലും പലരും പാലിക്കുന്നില്ല. മിനറൽ വാട്ടർ നിർമാണ സ്‌ഥലത്തുവച്ചു തന്നെ കുപ്പികൾ പായ്ക്ക് ചെയ്യണമെന്നാണ് നിയമം. ഇതും കർശനമായി പാലിക്കപ്പെടുന്നില്ല. വിൽപ്പനയ്ക്കുള്ള കുപ്പികളിൽ ഭദ്രമായി പായ്ക്കു ചെയ്തല്ലാതെ വലിയ പാത്രങ്ങളിൽ മിനറൽ വാട്ടർ നിറച്ചുകൊണ്ടുപോകുകയോ വരികയോ ചെയ്യാൻ പാടില്ലെന്നും നിയമമുണ്ട്. മിനറൽ വാട്ടർ ഉത്പാദനത്തിലും വിപണനത്തിലും വ്യവസ്‌ഥകൾ പാലിച്ചില്ലെങ്കിൽ ആറു മാസം വരെ തടവും ആയിരം രൂപ വരെ പിഴ ശിക്ഷയും ലഭിക്കാവുന്നതാണ്. കേരളത്തില്‍ ഭക്ഷ്യസുരക്ഷാവകുപ്പാണ് കുപ്പിവെള്ള യൂണിറ്റുകള്‍ തുടങ്ങാന്‍ അനുമതി നല്‍കുന്നത്. പക്ഷേ, ഇനിമുതല്‍ ഭൂജലവകുപ്പിന്റെ നിരാക്ഷേപപത്രം ഹാജരാക്കണം. എന്നാല്‍ മാത്രമേ ലൈസന്‍സുകള്‍ ഇനി ലഭിക്കുകയുള്ളൂ.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button