കൊച്ചി: കണ്ണൂര്‍ ജില്ലാസെക്രട്ടറി പി.ജയരാജനെതിരെ സിബിഐ ചുമത്തിയ യു.എ.പി.എ തുടരും. നടപടി ശരിയാണെന്ന് ഹൈക്കോടതിയും ശരി വെച്ചു. യുഎപിഎ നീക്കണമെന്ന ജയരാജന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. അനുമതി കിട്ടും മുന്‍പു യുഎപിഎ ചുമത്തിയ നടപടി വിചാരണക്കോടതിക്കു പരിഗണിക്കാമെന്നും കോടതി നിര്‍ദേശിച്ചു.
യു.എ.പി.എ ചുമത്തിയത് എറണാകുളം സി ബി ഐ കോടതിയില്‍ ചോദ്യം ചെയ്യാമെന്നും ജസ്റ്റിസ് കമാല്‍ പാഷ പറഞ്ഞു. അതേസമയം, സി.ബി.ഐ അന്വേഷിക്കുന്ന കേസുകളിലെ പ്രതികള്‍ക്കെതിരെ യു.എ.പി.എ പ്രകാരമുള്ള കുറ്റം ചുമത്താന്‍ സംസ്ഥാന സര്‍ക്കാരിന്റെ അനുമതി വേണ്ടെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് ഹൈക്കോടതി അംഗീകരിച്ചു. കതിരൂര്‍ മനോജ് വധക്കേസില്‍ യു.എ.പി.എ പ്രകാരമുള്ള കുറ്റം ചുമത്തിയതിനെതിരെ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനടക്കമുള്ള പ്രതികളാണ് ഹര്‍ജി നല്‍കിയത്.
നേരത്തെ കേസ് പരിഗണിക്കവേ സര്‍ക്കാരിനെതിരെ ഹൈക്കോടതി രൂക്ഷ വിമര്‍ശനമുന്നയിച്ചിരുന്നു. സര്‍ക്കാര്‍ പ്രതികളെ സഹായിക്കുകയാണോ എന്നു കോടതി ചോദിച്ചു. സത്യവാങ്മൂലത്തില്‍ ഒട്ടേറെ പൊരുത്തക്കേടുകളുണ്ട്. വനത്തിലുള്ള ആദിവാസികളെ പിടിച്ചു കൊണ്ടുവന്ന് യു.എ.പി.എ ചുമത്താന്‍ സര്‍ക്കാരിന് വലിയ ഉത്സാഹമാണ്. ബോംബ് എറിയുന്നവന്‍ വെറുതെ നടക്കുകയാണ്. യുഎപിഎ ചുമത്തിയതിനെതിരായ സത്യവാങ്മൂലം എങ്ങനെ നിലനില്‍ക്കും? പ്രതികളെ രക്ഷിക്കാനാണോ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കോടതി ചോദിച്ചു. പി.ജയരാജന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ വിമര്‍ശനം.
സിബിഐയാണു പി.ജയരാജനെതിരെ യുഎപിഎ ചുമത്തിയത്. കേസിലെ 25-ാം പ്രതിയായ പി.ജയരാജനാണു കൊലയ്ക്കുപിന്നിലെ മുഖ്യആസൂത്രകനെന്നാണു സിബിഐയുടെ കണ്ടെത്തല്‍. സിപിഎം പയ്യന്നൂര്‍ ഏരിയ സെക്രട്ടറി ടി.ഐ.മധുസൂദനന്‍, തലശേരി ഈസ്റ്റ് കതിരൂര്‍ സ്വദേശികളായ കുന്നുമ്മല്‍ റിജേഷ്, കട്ട്യാല്‍ മീത്തല്‍ മഹേഷ്, കുളപ്പുറത്തുകണ്ടി സുനില്‍കുമാര്‍, കണ്ണൂര്‍ കതിരൂര്‍ ചുണ്ടങ്ങാപ്പൊയില്‍ മംഗലശേരി വി.പി.സജിലേഷ് എന്നിവരാണു മറ്റു പ്രതികള്‍.
ആര്‍എസ്എസ് കണ്ണൂര്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖായിരുന്ന മനോജ് 2014 സെപ്റ്റംബര്‍ ഒന്നിനാണു കൊല്ലപ്പെട്ടത്. സിപിഎം പ്രവര്‍ത്തകരും അനുഭാവികളുമായവരുടെ കുടുംബത്തിലെ അംഗമായിരുന്ന മനോജ്, പിതാവിന്റെ മരണശേഷം ആര്‍എസ്എസിലേക്ക് ആകര്‍ഷിക്കപ്പെട്ടു. കണ്ണൂരില്‍ പ്രവര്‍ത്തകര്‍ സിപിഎം വിട്ടുപോവുന്ന പ്രവണത തടയാനായി 1997ല്‍തന്നെ മനോജിനെ കൊലപ്പെടുത്താന്‍ ശ്രമം നടന്നിരുന്നു. ഇതിനിടെ 1999ല്‍ പി.ജയരാജനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മനോജും പ്രതിയായി. 2009ല്‍ വീണ്ടും മനോജിനെ വധിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടെന്നാണു അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.
Post Your Comments