അയ്യപ്പ ഭക്തര്‍ അധികം കേട്ടിട്ടില്ലാത്ത ഒന്നാണ് അയ്യപ്പന്‍ തീയാട്ട്. അയ്യപ്പന്‍ കാവുകളിലും ബ്രഹ്മാലയങ്ങളിലും അയ്യപ്പന്‍ പ്രസാദിക്കുന്നതിനായി തീയാട്ടിനമ്പ്യാന്മാര്‍ നടത്തുന്ന അനുഷ്ഠാനകലയാണിത്. ഉത്തരമദ്ധ്യകേരളത്തില്‍ സര്‍വ്വസാധാരണം. പക്ഷെ ദക്ഷിണകേരളത്തില്‍ വിരളമാണ്. അയ്യപ്പന്‍കൂത്തെന്നും മറ്റിടങ്ങളില്‍ അയ്യപ്പന്‍ പാട്ട് എന്നും പറയും. ഇത് സാധാരണ വീടുകളില്‍ പന്തലിട്ട് നടത്തുന്നു. വെള്ളവസ്ത്രം, പട്ട്, കുരുത്തോല, വെറ്റില ഇവ കൊണ്ടലങ്കരിക്കും. തലേദിവസം പന്തല്‍ പണിതീര്‍ത്ത് പട്ട് വിതാനിക്കും. അതിന് കൂറയിടല്‍ എന്നുപറയും. തീയാട്ടു നടത്തുന്ന ദിവസം ഉച്ചപൂജ കഴിഞ്ഞ് ‘ഉച്ചപൂജ’ നടത്തുന്നു.
സന്ധ്യക്കു മുന്‍പായി അയ്യപ്പന്റെ രൂപം പഞ്ചവര്‍ണ്ണപ്പൊടികൊണ്ട് ചിത്രീകരണം. പിന്നീട് സന്ധ്യാകൊട്ട് നടത്തും. കളംപൂജ, കളംപാട്ട്, കൂത്ത് (കഥാഭിനയം), കോമരം (വെളിച്ചപ്പാട്), തിരിയുഴിയല്‍ എന്നിവ പിന്നീട് നടക്കും. പ്രാദേശിക വ്യത്യാസവും ഉണ്ട്. വടക്കന്‍ മേഖലയില്‍ കളമെഴുതിക്കഴിഞ്ഞാല്‍ അഭിനയമാണ്. പിന്നീട് മറ്റ് ചടങ്ങുകള്‍. ചില സ്ഥലങ്ങളില്‍ മറിച്ചാണ്. പറ, കുഴിത്താളം, ചെണ്ട ഇവയാണ് വാദ്യങ്ങള്‍.
തീയാട്ടിന് കൂത്താണ് പ്രധാനം. (കഥാഭിനയം). ഇതിന്റെ വേഷം മുഖത്തു തേക്കാറില്ല. പാതിയം എന്ന പേരിലുള്ള ചെറിയ കിരീടം തലയിലണിയും. കൊരലാരം, വള, കടകം, തോട, ചെവിപ്പൂവ്, പടിയരഞ്ഞാണം തുടങ്ങിയ ആടയാഭരണാലങ്കാരം വേണം. വസ്ത്രം ഞൊറിഞ്ഞുടുത്ത് ഉത്തരീയം അരയില്‍ ചുറ്റും. ചുവന്ന കുപ്പായവും ഉണ്ടാവും. അയ്യപ്പ സ്തുതികള്‍ പാടിക്കൊണ്ട് ശ്രീകോവിലിന്റെ മുന്നില്‍തന്നെയാണ് വേഷം കെട്ടുന്നത്. ഇന്ന് ക്ഷേത്രത്തിനു മുന്നില്‍ കച്ചവടകേന്ദ്രങ്ങളുടെ തള്ളിക്കയറ്റം മൂലം ഉണ്ടായ ബുദ്ധിമുട്ടുകളെ കാണാതിരുന്നു കൂടാ.
കഥാഭിനയം തുടങ്ങിയാല്‍ പാടുന്നില്ല. സംസാരിക്കുന്നുമില്ല. പാലാഴിമഥനം, ശാസ്താവിന്റെ ഉത്ഭവം, വേദപരീക്ഷ തുടങ്ങിയ കഥകള്‍ കൈമുദ്രയായി അഭിനയിക്കുന്നു. (ഇന്ന് കൈമുദ്രയോ ചുവടുവയ്പോ അഭിനയമറിയുന്നവരോ ഇല്ലാത്തിനാല്‍ അതും പഠിക്കാനും പഠിപ്പിക്കാനും വേദികള്‍ ഉണ്ടാവണം) 12 ദിവസം കൊണ്ട് മാത്രമേ അഭിനയിച്ചു തീര്‍ക്കാറുള്ളൂ. ഓരോ ദിവസവും അല്‍പ്പഭാഗം മാത്രം. കൂത്തിന്റെ വേഷം നന്ദികേശ്വര സങ്കല്‍പ്പത്തിലാണ്. നന്ദികേശ്വരന്‍ അയ്യപ്പനോടാണ് കഥ പറയുന്നത്. ഹരിഹര പുത്രനായ അയ്യപ്പന്റെ അമിത പ്രഭാവം പാര്‍വ്വതിക്കു രസിച്ചില്ല. അയ്യപ്പനെ ഒന്നിരുത്തണം. നാരദമഹര്‍ഷി അതിനുപായം പറഞ്ഞുകൊടുത്തു. (മദമാത്സര്യങ്ങള്‍ അന്നും ഇന്നും ഒരുപോലെ.)
പാര്‍വ്വതി അയ്യപ്പനെ വിളിച്ച് ”അമ്മയുടെ ഭാര്യയാര്” എന്നുചോദിച്ചു. അയ്യപ്പനുത്തരം മുട്ടുമല്ലോ. ഉടനെ ശിവനെ സമീപിച്ചു. ശിവതാണ്ഡവം നടക്കുന്ന സമയമായതിനാല്‍ ശിവന്‍ നന്ദികേശ്വരനോട് അയ്യപ്പന്റെ ഉല്‍പ്പത്തിക്കഥ വിവരിക്കാന്‍ പറഞ്ഞു. ആജ്ഞയനുസരിച്ച് നന്ദകേശ്വരന്‍ കഥ വിവരിച്ചു. ശിവതാണ്ഡവത്തിനു വിഘ്നം വരാതിരിക്കാന്‍ നന്ദികേശ്വരന്‍ കഥ കൈമുദ്രയായി കാണിച്ചുവെന്നാണ് ഐതിഹ്യം.
Post Your Comments