ഉണ്ണി മാക്സ്
ഞാനാദ്യം സ്റ്റീഫൻ ഹോക്കിങ്സിനെ കുറിച്ച് കേൾക്കുന്നത് എന്റെ അപകടത്തിന് ശേഷമായിരുന്നു. അതിനു മുൻപും ആ പേര് കേട്ടിരുന്നെങ്കിലും അത്രയ്ക്കൊന്നും ശ്രദ്ധിക്കാതെ വിട്ടു. അപകടത്തിൽ പെട്ട് പാരാപ്ലീജിക് എന്ന അവസ്ഥയിൽ കിടക്ക മാത്രം ആശ്രയമായി കിടക്കുമ്പോൾ ആ സമയത്തു കിട്ടാവുന്ന ഏറ്റവും നല്ല എനർജി ഡ്രിങ്ക് ആയിരുന്നു അദ്ദേഹം. ഒരു വീൽ ചെയറിൽ ഇരുന്നു കൊണ്ട് പ്രപഞ്ചത്തെ മുഴുവൻ വിരൽ തുമ്പിലും തലച്ചോറിലും ഒതുക്കിയ ആൾ എങ്ങനെ പ്രചോദനം ആകാതെയിരിക്കും!
1942 ജനുവരി 8ന് ബ്രിട്ടനിലെ ഓക്സ്ഫോർഡില്‍ ഫ്രാങ്ക് ഇസബെൽ ദമ്പതികളുടെ മകനായി പിറന്ന സ്റ്റീഫൻ ഹോക്കിംഗ് ചെറുപ്പത്തിലേ ഗണിതശാസ്ത്രത്തിലും ഭൗതികശാസ്ത്രത്തിലും അതീവ തല്പരനായിരുന്നു. 17-ആം വയസ്സിൽ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഭൗതികശാസ്ത്രത്തിൽ ബിരുദം നേടി. തുടര്‍ന്ന്‍ കേംബ്രിഡ്ജിൽ ഗവേഷണ ബിരുദത്തിനു പഠിച്ചുകൊണ്ടിരിക്കുന്ന സമയമാണ് 21ാം വയസിൽ മോട്ടോര്‍ ന്യൂറോൺ എന്ന ഗുരുതരമായ നാഡീരോഗം ബാധിക്കുന്നത്. പരമാവധി രണ്ടോ മൂന്നോ വര്‍ഷത്തെ ആയുസ്സ് മാത്രം വിധിച്ച വൈദ്യശാസ്ത്രത്തെ വെല്ലുവിളിച്ച ആ ജീവിതം നീണ്ട 76 വയസ്സിലാണ് അവസാനിച്ചത്. വെറുതെയങ്ങു ജീവിക്കുകയായിരുന്നില്ല, മറിച്ച് ചരിത്രത്തിന്റെ ഭാഗമായി മാറി. ഈ അവസാന നാളിലും കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ ഗണിതശാസ്ത്രത്തിലെ ലുക്കാഷ്യൻ പ്രഫസർ സ്ഥാനം വഹിക്കുകയായിരുന്നു.
ശരീരത്തിന്റെ തൊണ്ണൂറ് ശതമാനം ഭാഗങ്ങളും തളര്‍ന്ന, സംസാര ശേഷിയില്ലാത്ത ഒരു മനുഷ്യന്‍ എങ്ങിനെ ജീവിക്കുന്നു എന്നത് ഒരു വിസ്മയമായിരുന്നു . വലതു കയ്യിലെ ചൂണ്ടു വിരല്‍ മാത്രമാണ് അനങ്ങുന്നത്. എന്നാല്‍ തലച്ചോറ് സജീവമാണെങ്കില്‍ മറ്റൊന്നും വേണ്ടാ എന്ന് ആ ജീവിതം തെളിയിച്ചു. ആ ഒരു വിരല്‍ കൊണ്ട് കമ്പ്യൂട്ടര്‍ സഹായത്തോടെ ലോകത്തോട് സംസാരിച്ചു. ആ വിരല്‍ ഉപയോഗിച്ചു തന്നെ വീല്‍ചെയറില്‍ സഞ്ചരിച്ചു. സഹപ്രവര്‍ത്തകരും ആധുനിക ശാസ്ത്രവും നല്‍കിയ പിന്തുണയില്‍ ഗവേഷണ ബിരുദം നേടി. ഒരു മുറിയിലോ ബെഡിലോ ഒതുങ്ങേണ്ട ജീവിതമാണ് തമോഗർത്തങ്ങളെക്കുറിച്ചും ആപേഷികതാസിദ്ധാന്തത്തെക്കുറിച്ചും ഒക്കെതുടങ്ങി പ്രപഞ്ചോല്പത്തിയെക്കുറിച്ചു വരെ ആധികാരികമായ സിദ്ധാന്തങ്ങൾ ആവിഷ്കരിച്ചത് എന്നോർത്തപ്പോൾ പലതവണ രോമാഞ്ചമുണ്ടായിട്ടുണ്ട് ! സ്വന്തമായി ചലിക്കാനോ സംസാരിക്കാന്‍ പോലുമോ ആവാത്ത ഈ മനുഷ്യനെ ഐന്‍സ്റ്റീന്‍ കഴിഞ്ഞാല്‍ പ്രഗത്ഭരായ സൈദ്ധാന്തിക ഭൗതികശാസ്ത്രജ്ഞന്മാരില്‍ ഒരാളായാണ് ലോകം വാഴ്ത്തുന്നത്. നക്ഷത്രങ്ങൾ നശിക്കുമ്പോൾ രൂപം കൊള്ളുന്ന തമോഗർത്തങ്ങളെക്കുറിച്ചടക്കം ഇദ്ദേഹത്തിന്റെ ഗവേഷണങ്ങളിലൂടെ ഉരുത്തിരിഞ്ഞ വിവിധ വിഷയങ്ങളിലെ ആധികാരിക പ്രബന്ധങ്ങള്‍ അദ്ദേഹത്തെ ലോകം അറിയുന്ന ഏറ്റവും വലിയ ശാസ്ത്രജ്ഞരില്‍ ആലാക്കുന്നു.
ചെറുതോ വലുതോ ആയ പ്രശ്നങ്ങളില്‍ എല്ലാം അവസാനിച്ചു എന്ന മട്ടിൽ തളര്‍ന്നിരിക്കുന്നവര്‍ക്ക് ഏറ്റവും വലിയ പ്രചോദനമായിരുന്നു ആ ജീവിതം. ഒരുപക്ഷെ എന്നെ പോലെ എത്രയോ പേർക്ക് ആ ആന്തരിക പ്രചോദനം എല്ലാ കാലത്തും അദ്ദേഹം പകർന്നു നൽകിയിട്ടുമുണ്ട്! 1985- ൽ വെന്റിലെറ്ററിൽ എത്തിച്ച ന്യൂമോണിയ ഉണ്ടായിരുന്ന ചലനശേഷിയും സംസാരശേഷിയും കവര്‍ന്നെടുത്തു. ഇനിയൊരു തിരിച്ചു വരവില്ലെന്നു വിധിച്ചപ്പോഴും തന്റെ ജീവിതം വിധിക്ക് അടിയറവു വച്ച് കീഴടങ്ങാൻ സ്റ്റീഫൻ ഹോക്കിംഗ് തയ്യാറായിരുന്നില്ല. ആരെങ്കിലും അക്ഷരങ്ങൾ തൊട്ടു കാണിക്കുമ്പോൾ പുരികം ചലിപ്പിച്ച് ആശയവിനിമയം നടത്തുന്ന വിദ്യ സ്വയം കണ്ടെത്തി. പിന്നീട് കവിളിലെ മസിലുകളുടെ ചെറിയ ചലനങ്ങൾ തിരിച്ചറിഞ്ഞ് അവയെ വാക്കുകളാക്കി മാറ്റുന്ന ഒരു സെൻസര്‍ ഉപയോഗിച്ച് കമ്പ്യൂട്ടര്‍ സഹായതോടെയായി ആശയവിനിമയം. ഒരു യന്ത്ര മനുക്ഷ്യൻ സംസാരിക്കും പോലെ കൌതുകകരമായിരുന്നു ആ സംസാരം എങ്കിലും ആ അവസ്ഥയില്‍ 1988-ൽ പുറത്തിറക്കിയ “എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം” എന്ന തന്റെ ആദ്യ പുസ്തകത്തിന്റെ ഒരുകോടിയിലധികം കോപ്പികളാണ് ലോകത്ത് വിറ്റഴിഞ്ഞത്. വിവിധ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട ഈ ശാസ്ത്ര ഗ്രന്ഥം ഏറ്റമധികം കോപ്പികൾ വിറ്റഴിക്കപ്പെട്ടതിനുള്ള ഗിന്നസ് റിക്കോർഡ് വരെ നേടി!
അപൂർവ്വം ചിലരെ ജീവിതം മാറ്റി മറിച്ചിട്ടുള്ളൂ, അവനവന്റെ ജീവിതത്തോടൊപ്പം അദ്ദേഹത്തെ വായിക്കുന്ന എല്ലാവരുടെ ജീവിതവും ഹോക്കിങ്‌സ് മാറ്റി മറിച്ചു, മറ്റൊരു തരത്തിൽ പറഞ്ഞാൽ വീൽ ചെയറിൽ അനങ്ങാനാകാതെ ഇരിക്കുമ്പോഴും മനസ്സ് കൊണ്ടും ശരീരം കൊണ്ടും ഡിസേബിൾ അല്ലാതായിരുന്ന പ്രതിഭാസമായിരുന്നു സ്റ്റീഫൻ ഹോക്കിങ്‌സ്. കടുത്ത നിരീശ്വരവാദി. അവനവനെ മാത്രം വിശ്വസിച്ച് പ്രവർത്തിച്ച ശാസ്ത്രകാരൻ. എഴുപത്തിയാറാമത്തെ വയസ്സിൽ അദ്ദേഹം ലോകം വിട്ടു പോകുമ്പോൾ അവശേഷിപ്പിച്ചത് ആ ജീവിതം തന്നെ ബാക്കി നിർത്തി അദ്ദേഹം കണ്ടെത്തിയ ലോകത്തെ.
പ്രണാമം പ്രൊഫസര്‍!
Post Your Comments