Latest NewsNewsGulf

പ്രവാസികള്‍ക്ക് ആശങ്ക : പ്രവാസി മലയാളികളില്‍ ഈ രോഗം കൂടുതലായി കാണുന്നു : പലരും അറിയുന്നത് രോഗം ഗുരുതരമാകുമ്പോള്‍

പ്രവാസികളെ പെട്ടെന്ന് രോഗങ്ങള്‍ പിടികൂടുന്നുവെന്ന് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്. പ്രവാസികളില്‍ കൂടുതലായും കാണുന്നത് വൃക്ക സംബന്ധമായ അസുഖങ്ങളാണ്. ഗള്‍ഫില്‍ ചൂടില്‍ ജോലിചെയ്യുന്നതും വേണ്ടത്ര വെള്ളം കുടിക്കാത്തതും കാരണമാണു ശരീരത്തിലെ യൂറിക് ആസിഡ് ഉയര്‍ന്ന് പ്രവാസികളില്‍ വൃക്കരോഗങ്ങള്‍ കൂടുന്നതെന്നാണ് ഈ രംഗത്തെ വിദഗ്ധരുടെ കൂട്ടായ്മയായ സൊസൈറ്റി ഓഫ് നെഫ്രോളജി കണ്ടെത്തിയത്.

ഗള്‍ഫ് മേഖലയിലെന്നല്ല ലോകത്താകമാനംതന്നെ വൃക്കരോഗികളുടെ എണ്ണം അനുദിനം വര്‍ധിച്ചുവരുകയാണ് .ഇതിനു പ്രധാന കാരണം നമ്മുടെ ജീവിതശൈലിയിലും ഭക്ഷണശീലത്തിലുമുണ്ടായ മാറ്റങ്ങളാണെന്ന് എത്രപേര്‍ക്ക് അറിയാം. പ്രോട്ടീന്‍ ഉപയോഗം കൂടിയതും പ്രവാസികളില്‍ രോഗം വര്‍ധിക്കാന്‍ കാരണമായി. ഇറച്ചി, മത്സ്യം, കടല, പരിപ്പ് തുടങ്ങിയവ കൂടുതലായി കഴിക്കുന്നതിനാലാണു യൂറിക് ആസിഡ് ഉയരുന്നത്. ഡോക്ടറുടെ കുറിപ്പില്ലാതെ മരുന്നുകള്‍ വാങ്ങിയുള്ള അമിത ഉപയോഗവും വൃക്ക സംബന്ധമായ രോഗങ്ങള്‍ക്കു കാരണമാകുന്നുണ്ടെന്നു ഡോക്ടര്‍മാര്‍ പറയുന്നു. സാധാരണ ഏറ്റവുമധികം വൃക്കരോഗങ്ങള്‍ ഉണ്ടാകുന്നത് പ്രമേഹം, രക്താതിസമ്മര്‍ദം മുതലായ രോഗങ്ങള്‍ മൂലമാണ്. ഇവയെല്ലാം ഗള്‍ഫ് മേഖലയില്‍ ജോലി ചെയ്യുന്നവരില്‍ സര്‍വ്വ സാധാരണമാണ്.

വ്യായാമക്കുറവ്, അമിത സംഘര്‍ഷം, പുകവലി, അനാരോഗ്യകരമായ ഭക്ഷണ രീതി എന്നിവയെല്ലാം വൃക്ക രോഗത്തിന് കാരണമാകുന്നു.വൃ ക്കകള്‍ക്ക് തകരാര്‍ സംഭവിക്കുന്നത്, പലപ്പോഴും തുടക്കത്തിലേ അറിയാതെ പോകുന്നതാണ് അസുഖം ഗുരുതരമാകുന്നതിനു കാരണമാകുന്നത്. ഏതായാലും അധികമാരും അറിയപ്പെടാതെ പോകുന്ന 14 വൃക്ക രോഗ ലക്ഷണങ്ങള്‍ ചുവടെ കൊടുക്കുന്നു…

പ്രധാനപ്പെട്ടതും എന്നാല്‍ അധികമാരും ശ്രദ്ധിക്കാത്തതുമായ 14 വൃക്ക രോഗ ലക്ഷണങ്ങള്‍ ഇവയാണ്

1, മൂത്രാശയ സംവിധാനങ്ങളുടെ പ്രവര്‍ത്തനത്തിലുണ്ടാകുന്ന മാറ്റങ്ങള്‍

വൃക്ക രോഗത്തിന്റെ അടിസ്ഥാന ലക്ഷണങ്ങളാണ് മൂത്രാശയ സംവിധാനങ്ങളുടെ പ്രവര്‍ത്തനത്തിലുണ്ടാകുന്ന മാറ്റങ്ങള്‍. മൂത്രത്തിന്റെ അളവ് കുറയുക, ഇടയ്ക്കിടെ മൂത്രം ഒഴിക്കുക എന്നിവ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്. മൂത്രത്തിന്റെ അളവ് കൂടുകയോ കുറയുകയോ ചെയ്യുന്നത്, മൂത്രത്തിന് കടുത്ത നിറം, മൂത്രം ഒഴിക്കണമെന്ന് തോന്നുകയും, എന്നാല്‍ മൂത്രം പോകാതിരിക്കുകയും ചെയ്യുന്ന അവസ്ഥ എന്നിവ പ്രധാന ലക്ഷണങ്ങളാണ്. എന്നിരുന്നാലും രാത്രി സമയങ്ങളില്‍ ഇടയ്ക്കിടെ മൂത്രമൊഴിക്കുന്നതും, ദീര്‍ഘനേരം മൂത്രം ഒഴിക്കാതിരിക്കുന്നതും വൃക്ക രോഗത്തിന്റെ തുടക്കത്തിലുള്ള ലക്ഷണമാണ്.

2, മൂത്രം ഒഴിക്കാന്‍ ബുദ്ധിമുട്ട്, വേദന

മൂത്രം ഒഴിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതും വേദന ഉളവാകുന്നതും വൃക്കരോഗം ഉണ്ടാക്കുന്ന അണുബാധയുടെ ലക്ഷണമാകും. മൂത്രനാളിയില്‍ ഉണ്ടാകുന്ന അണുബാധ വൃക്കകളെ ബാധിക്കുമ്പോള്‍, കടുത്ത പനിയും പുറംവേദനയും ഉണ്ടാകും.

3, മൂത്രത്തില്‍ രക്തം കാണപ്പെടുക

മൂത്രത്തില്‍ രക്തം കാണപ്പെടുന്നുണ്ടെങ്കില്‍ ഉടന്‍ ഡോക്ടറെ കാണുക. ഇത് വൃക്കകള്‍ തകരാറിലാണെന്നതിന്റെ ലക്ഷണമാണ്.

4, പതയും നുരയുമുള്ള മൂത്രം

വൃക്കകള്‍ തകരാറിലാകുമ്പോള്‍, ഒരാളുടെ ശരീരത്തില്‍നിന്ന് പ്രോട്ടീന്‍ നഷ്ടപ്പെടുക വഴിയാണ് മൂത്രം പതയും നുരയുമായി കാണപ്പെടുന്നത്.

5, ശരീരത്തിലും മുഖത്തും നീര്‍ക്കെട്ട്

ശരീരത്തിലെ മാലിന്യങ്ങളും ലവണങ്ങളും നീക്കം ചെയ്യുകയാണ് വൃക്കകളുടെ ജോലി. എന്നാല്‍ വൃക്ക രോഗം കാരണം ഇത് സാധിക്കാതെ വരുമ്പോള്‍, ആവശ്യമില്ലാത്ത ജലവും ലവണങ്ങളും ശരീരത്തില്‍ അടിഞ്ഞുകൂടുക വഴിയാണ് നീര്‍ക്കെട്ട് ഉണ്ടാകുന്നത്.

6, കടുത്ത ക്ഷീണവും വിളര്‍ച്ചയും ബലക്കുറവും

വൃക്കകള്‍ ഉല്‍പാദിപ്പിക്കുന്ന എറിത്രോപൊയ്റ്റിന്‍ എന്ന ഹോര്‍മോണാണ് ചുവന്ന രക്താണുക്കളെ, ഒക്സിജന്‍ വഹിക്കാന്‍ പര്യാപ്തമാക്കുന്നത്. വൃക്കകള്‍ പരാജയപ്പെടുന്നതോടെ, ഈ ഹോര്‍മോണിന്റെ ഉല്‍പാദനം നിലയ്ക്കുകയും, തല്‍ഫലമായി ശരീരത്തിലെ ചുവന്നരക്താണുക്കളുടെ അളവ് കുറയുകയും ചെയ്യുന്നു. ഇത് വിളര്‍ച്ചയ്ക്കും ക്ഷീണത്തിനും ശരീരത്തിന്റെ ബലക്കുറവിനും കാരണമാകുന്നു.

7, തലകറക്കവും ഏകാഗ്രത കുറവും

മേല്‍പ്പറഞ്ഞ കാരണം കൊണ്ട്, രക്താണുക്കള്‍ ചുരുങ്ങുന്നതോടെ, തലച്ചോറിന് ആവശ്യമായ ഓക്സിജന്റെ അളവ് കുറയുന്നു. ഇത് തലകറക്കത്തിനും ഏകാഗ്രത കുറയാനും ഇടയാക്കുന്നു.

8, എപ്പോഴും പനിയും വിറയലും അനുഭവപ്പെടുക

ചൂടുള്ള കാലാവസ്ഥയിലും ശരീരം തണുത്തുവിറയ്ക്കുകയും പനിയും അനുഭവപ്പെടുന്നത് വൃക്ക രോഗത്തിന്റെ ലക്ഷണമാണ്. വൃക്കയിലെ അണുബാധ അഥവാ, പൈലോനെഫ്രൈറ്റിസ് എന്ന അവസ്ഥ കാരണമാണ് ഇങ്ങനെ പനിയും വിറയും അനുഭവപ്പെടുന്നത്.

9, ത്വക്ക് രോഗവും ചൊറിച്ചിലും

വൃക്കകള്‍ തകരാറിലാകുന്നതോടെ ശരീരത്തിലെ മാലിന്യങ്ങളും ലവണങ്ങളും രക്തത്തില്‍ അടിയുന്നു. ഇതുകാരണമാണ് ത്വക്ക് രോഗവും ചൊറിച്ചിലുമൊക്കെ ഉണ്ടാകുന്നത്.

10, വായനാറ്റവും ലോഹരുചിയും

വൃക്കകള്‍ തകരാറിലാകുമ്പോള്‍, രക്തത്തിലെ യൂറിയയുടെ അളവ് കൂടുന്നു. ഈ യൂറിയ പിന്നീട് അമോണിയയായി ഉമിനീരില്‍ എത്തുകയും, വായനാറ്റം അനുഭവപ്പെടുകയും ചെയ്യുന്നു. വായില്‍ ലോഹത്തിന്റെ രുചി അനുഭവപ്പെടുന്നതും ഇതുകാരണമാണ്.

11, ഓര്‍ക്കാനവും ഛര്‍ദ്ദിലും

വൃക്കകള്‍ തകരാറിലാകുന്നതുവഴി, രക്തത്തില്‍ മാലിന്യവും ലവണങ്ങളും അടിയുന്നതുകാരണം തുടര്‍ച്ചയായി ഓര്‍ക്കാനവും ഛര്‍ദ്ദിലും ഉണ്ടാകും.

12, ഭക്ഷണത്തോട് താല്‍പര്യം ഇല്ലാതാകുക

വൃക്കകള്‍ തകരാറിലാകുമ്പോള്‍, ശരീരത്തില്‍ മാലിന്യങ്ങളും വിഷവസ്തുക്കളും അടിയുന്നു. അതുകൊണ്ടാണ് ഭക്ഷണത്തോട് താല്‍പര്യം ഇല്ലാതാകുക. കഴിക്കുന്ന ഭക്ഷണത്തിന് രുചി അനുഭവപ്പെടുകയുമില്ല.

13, ശ്വസിക്കാനുള്ള ബുദ്ധിമുട്ട്

വൃക്കരോഗം മൂലം വിളര്‍ച്ച ഉണ്ടാകും. ഇത് ശരീരത്തിലേക്ക് എത്തിക്കുന്ന ഓക്സിജന്റെ അളവ് കുറയ്ക്കുന്നു. കൂടാതെ ശ്വാസകോശത്തില്‍ ചിലതരം ദ്രവങ്ങള്‍ ഉണ്ടാകുകയും ചെയ്യും. ഇത്തരം കാരണങ്ങളാല്‍, ശ്വാസോച്ഛാസം ഏറെ ബുദ്ധിമുട്ടേറിയതാകുന്നു.

14, പുറംഭാഗത്ത് വേദന

നടുവിന്റെ താഴെനിന്ന് മുകളിലേക്ക് അനുഭവപ്പെടുന്ന വേദന വൃക്ക രോഗത്തിന്റെ ലക്ഷണമാണ്. വൃക്കയില്‍ കല്ല് ഉണ്ടാകുമ്പോഴും, മൂത്രത്തിലെ അനുബാധ ഉണ്ടാകുമ്പോഴും ഈ വേദന ഉണ്ടാകും. വൃക്കകളില്‍ ദ്രവങ്ങള്‍ നിറഞ്ഞു മുഴകള്‍ ഉണ്ടാകുമ്പോഴും ഈ വേദന അനുഭവപ്പെടും.

shortlink

Related Articles

Post Your Comments

Related Articles


Back to top button