കൊച്ചി: വിചാരണ മാറ്റിവെയ്ക്കാനുള്ള ദിലീപിന്റെ ആവശ്യത്തിനുമേല്‍ ഉറച്ച തീരുമാനവുമായി കോടതി. നടിയെ ആക്രമിച്ച് അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ വിചാരണ വൈകിപ്പിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ദൃശ്യങ്ങളുടെ പകര്‍പ്പിന് തനിക്ക് അവകാശം ഉണ്ടെന്നും ഇതു നിഷേധിക്കുന്നത് നിയമവിരുദ്ധമാണെന്നും ദിലീപ് ഹര്‍ജിയില്‍ പറയുന്നു.
ദൃശ്യങ്ങളുടെ പകര്‍പ്പും ശബ്ദരേഖയും തനിക്ക് ലഭ്യമാകുന്നതുവരെ വിചാരണ നടപടികള്‍ നിറുത്തി വെയ്ക്കണമെന്നും ദിലീപ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതു സാധ്യമല്ലെന്നാണ് ഹൈക്കോടതി അഭിപ്രായപ്പെട്ടത്. തുടര്‍ന്ന് കേസില്‍ സര്‍ക്കാരിന്റെ നിലപാടറിയിക്കാന്‍ നിര്‍ദേശിച്ച് ഹര്‍ജി മാര്‍ച്ച് 21 ലേക്ക് മാറ്റി. കേസില്‍ നിര്‍ണായക തെളിവായ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങളുടെ പകര്‍പ്പും ഇതിന്റെ ശബ്ദരേഖയും ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് നടന്‍ ദിലീപ് നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ വാക്കാലുള്ള പരാമര്‍ശം.
കേസില്‍ നാളെ സെഷന്‍സ് കോടതിയില്‍ വിചാരണ തുടങ്ങും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നടിയെ ആക്രമിച്ച കേസ് വിചാരണ നടപടികള്‍ക്കായി മാര്‍ച്ച് 14 ന് പരിഗണിക്കും. അന്ന് ഹാജരാകാന്‍ ദിലീപടക്കമുള്ളവരോട് നിര്‍ദേശിച്ചിട്ടുമുണ്ട്. ഇതു സ്വാഭാവിക നടപടിക്രമമാണെന്ന് നിരീക്ഷിച്ച ഹൈക്കോടതി ഇതു തടയേണ്ടതില്ലെന്നും വ്യക്തമാക്കുകയായിരുന്നു.
Post Your Comments