ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ നാല് ദിവസത്തിനുള്ളിൽ മൂന്ന് സൈനികർ ആത്മഹത്യ ചെയ്തു. മൂന്നുപേരും വ്യത്യസ്ത സാഹചര്യങ്ങളിലാണ് മരിച്ചിരിക്കുന്നത്. ശ്രീനഗറിലെ സോൻവാർ മേഖലയിൽ പോസ്റ്റ് ചെയ്ത 79 ബറ്റാലിയനിലെ കോൺസ്റ്റബിൾ സുഖ്ദേവ് മാർച്ച് 10 ശനിയാഴ്ച രാവിലെ സ്വയം നിറയൊഴിച്ച് മരിക്കുകയായിരുന്നു. ജവാൻ സംഭവസ്ഥലത്തുതന്നെ മരിച്ചു. മാർച്ച് 7 ന് ജമ്മു കാശ്മീരിലെ ഹാൻഡ്വര മേഖലയിൽ ലങ്കാട്ടിൽ നടന്ന രാഷ്ട്രീയ റൈഫിൾസ് ക്യാമ്പിലാണ് സെപോയ് ബിരേന്ദർ സിൻഹ എന്ന ജവാന്‍ ആത്മഹത്യ ചെയ്തത്.
ഹാൻഡ്വര മേഖലയില്‍ നടന്ന ആത്മഹത്യയ്ക്ക് ഒരു ദിവസം മുമ്പ് മറ്റൊരു ജവാനും ആത്മഹത്യ ചെയ്തിരുന്നു. രാജസ്ഥാൻ സ്വദേശിയായ നായിക് ശങ്കർ സിംഗ് എന്ന 35 കാരനായ ജവാനാണ് ആത്മഹത്യ ചെയ്തത്. വെർനോവ് മേഖലയിലെ ആർമി ക്യാംപില്‍ വെച്ച് ഇദ്ദേഹം സ്വയം വെടിവെച്ച് മരിക്കുകയായിരുന്നു. മൂന്നു സൈനികരുടെയും ആത്മഹത്യയ്ക്ക് പിന്നിലെ കാരണം ഇതുവരെ വ്യക്തമല്ല. 2017 ല്‍ ഇന്ത്യൻ വ്യോമസേനയിലും ഇന്ത്യന്‍ സൈന്യത്തിലും ഇന്ത്യൻ നാവികസേനയിലുമായി 92 പേര്‍ ആത്മഹത്യ ചെയ്തതായാണ് റിപ്പോര്‍ട്ട്.
ഇന്ത്യന്‍ സൈന്യത്തിലാണ് ഏറ്റവും കൂടുതല്‍ ആത്മഹത്യ നടക്കുന്നതെന്ന് പ്രതിരോധ മന്ത്രി സുഭാഷ് ഭാംരെ ലോക്സഭയിൽ പറഞ്ഞു. കണക്കുകൾ പ്രകാരം, ഇന്ത്യൻ സൈന്യത്തിലെ ജൂനിയർ കമ്മീഷൻഡ് ഓഫീസർമാരില്‍ നിന്നും, മറ്റ് റാങ്കുകളില്‍ നിന്നും 67 പേരാണ് കഴിഞ്ഞ വര്‍ഷം ആത്മഹത്യ ചെയ്തത്. 2016 ൽ ആത്മഹത്യ ചെയ്ത ജെസിഒ , ഒആര്‍ എന്നിവരുടെ എണ്ണം 100 ആയിരുന്നു. 2015 ൽ ഇത് 77 ഉം, 2014 ൽ 82 ഉം ആയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ സൈനിക ഓഫീസർമാരിൽ 2016 ൽ നാലുപേരും 2015 ൽ ഒന്നും 2014 ൽ രണ്ടു പേരുമാണ് ആത്മഹത്യ ചെയ്തത്.
Post Your Comments