മുംബൈ•ടയര്‍ പൊട്ടി വിമാനം റണ്‍വേയില്‍ കുടുങ്ങിയതിനെത്തുടര്‍ന്ന് വ്യാഴാഴ്ച മുംബൈ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം അര മണിക്കൂറിലേറെ നിര്‍ത്തി വച്ചു.
ചരക്കുവിമാനം മുംബൈയിലെ പ്രധാന റണ്‍വേയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ ടയര്‍ പൊട്ടുകയായിരുന്നു. വിമാനത്താവളത്തിലെ രണ്ടമത്തെ റണ്‍വേ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിട്ടിരുന്നതിനാല്‍ വിമാനങ്ങളുടെ വരവും പോക്കും പൂര്‍ണമായും തടസപ്പെട്ടു. രണ്ട് വിമാനങ്ങള്‍ വഴി തിരിച്ചുവിട്ടു. സംഭവത്തെത്തുടര്‍ന്ന് മുംബൈയില്‍ നിന്നുള്ള വിമാനങ്ങള്‍ 30 മിനിറ്റിലേറെ വൈകിയാണ് പുറപ്പെട്ടത്.
ബാങ്കോക്കില്‍ നിന്ന് വരികയായിരുന്ന കൊറിയര്‍ കമ്പനിയായ യു.പി.എസ് എയര്‍ലൈന്‍സിന്റെ 015 വിമാനം ഹൈഡ്രോളിക് തകരാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് വിമാനത്താവളത്തില്‍ പൂര്‍ണ അടിയാന്തിരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ഉച്ചയ്ക്ക് 12.09 ഓടെ വിമാനം പ്രധാന റണ്‍വേ 27 ല്‍ തൊട്ടു, തുടര്‍ന്ന് ടയര്‍ പൊട്ടിയ വിമാനം റണ്‍വേയില്‍ കുടുങ്ങിപ്പോകുകയായിരുന്നു.
ഇത്തരം സാഹചര്യങ്ങളില്‍ രണ്ടാമത്തെ റണ്‍വേ ഉപയോഗിക്കാറാണ് പതിവ്. 12.40 ഓടെ വിമാനം റണ്‍വേയില്‍ നിന്നും തള്ളി മാറ്റിയ ശേഷം റണ്‍വേ പരിശോധനകള്‍ക്ക് ശേഷം സര്‍വീസ് വീണ്ടും പുനരാരംഭിക്കുകയായിരുന്നു.
Post Your Comments