തിരുവനന്തപുരം: പിഡിപി ചെയര്‍മാന്‍ അബ്ദുൽ നാസിര്‍ മഅ്ദനിയുടെ ചികിത്സ ബംഗളൂരുവില്‍ നിന്നു കേരളത്തിലേക്കു മാറ്റാന്‍ ഇടപെടല്‍ അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കത്തയച്ചു.മഅ്ദനി കേരളത്തിലെ വലിയൊരു വിഭാഗം ജനങ്ങള്‍ക്ക് പ്രിയപ്പെട്ടയാളാണ് എന്നും മത പണ്ഡിതനും കേരളത്തിലെ പ്രധാനപ്പെട്ട രാഷ്ട്രീയ വ്യക്തിത്വമാണെന്നും പിണറായി ഫെബ്രുവരി 27ന് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടുന്നു. കത്തിന്റെ പൂർണ്ണ രൂപം ഇങ്ങനെ ;
പ്രിയപ്പെട്ട ശ്രീ സിദ്ധരാമയ്യ ജീ,
കേരളത്തിലെ ഗണനീയമായ ഒരു വിഭാഗം ജനങ്ങള്‍ക്ക് അതീവ ഉത്കണ്ഠയും നിര്‍ണായക പ്രാധാന്യവുമുള്ള ഒരു കാര്യത്തിലേക്ക് ശ്രദ്ധ താങ്കളുടെ ക്ഷണിക്കുന്നതിനു വേണ്ടിയാണ് ഞാന്‍ ഈ കത്ത് എഴുതുന്നത്. ഈ കാര്യത്തില്‍ താങ്കളുടെ ദയാപൂര്‍ണമായ ഇടപെടല്‍ ആവശ്യമാണ്. കേരളത്തിലെ ഒരു മത പണ്ഡിതനും അറിയപ്പെടുന്ന രാഷ്ട്രീയ വ്യക്തിത്വവുമായ ശ്രീ അബ്ദുൽ നാസര്‍ മഅ്ദനി ഇപ്പോള്‍ കര്‍ണാടകയില്‍ വിചാരണ നടക്കുന്ന ഒരു കേസില്‍പ്പെട്ടു കഴിയുകയാണ്. ഏതെങ്കിലും ക്രിമിനല്‍ കേസില്‍ ഇതുവരെ ഒരു കോടതിയും കുറ്റവാളിയായി കണ്ടെത്തുകയോ ശിക്ഷിക്കുകയോ ചെയ്തിട്ടില്ലാത്ത അദ്ദേഹം കഴിഞ്ഞ 17 വര്‍ഷമായി ജയില്‍ ജീവിതത്തിലാണ് എന്നാണ് എനിക്കറിയാന്‍ കഴിഞ്ഞത്.
ഇപ്പോഴാകട്ടെ അദ്ദേഹം ഗുരുതര രോഗാവസ്ഥയില്‍ ബംഗളൂരുവിലെ എം എസ് രാമയ്യ മെമ്മോറിയല്‍ മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിയില്‍ ചികില്‍സയിലുമാണ്. അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി വളരെ മോശമാണ് എന്നാണ് ഈ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്. ഈ ശോചനീയ സ്ഥിതിയില്‍ അദ്ദേഹത്തിന്റെ ചികില്‍സ കേരളത്തിലെ ഏതെങ്കിലും പ്രധാനപ്പെട്ട ആശുപത്രിയിലേക്ക് മാറ്റാന്‍ അനുവദിച്ചാല്‍ അത് അദ്ദേഹത്തിന് വലിയ ആശ്വാസമാവുകയും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പരിചരണവും സാമീപ്യവും അദ്ദേഹത്തിന്റെ ചികില്‍സ കൂടുതല്‍ ഫലപ്രദമാകാനും ആരോഗ്യ സ്ഥിതി മെച്ചപ്പെടാനും കാരണമാവുകയും ചെയ്യും.
അതിന്റെ അടിസ്ഥാനത്തില്‍ ശ്രീ മഅ്ദനിയെ കേരളത്തിലേക്കു മാറ്റാന്‍ അനുവദിക്കുന്ന ഉത്തരവുണ്ടാകണം എന്ന് അഭ്യര്‍ത്ഥിച്ച് ബഹുമാനപ്പെട്ട സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയെങ്കിലും കര്‍ണാടക സംസ്ഥാനത്തെ പ്രോസിക്യൂഷന്‍ അതിനെതിരേ ശക്തമായി നിലകൊള്ളുകയും ഹര്‍ജിയെ എതിര്‍ക്കുകയുമാണ് ചെയ്യുന്നത്. ഈ സാഹചര്യത്തില്‍ മത പണ്ഡിതന്മാരും വിവിധ സംഘടനാ പ്രതിനിധികളും ഉള്‍പ്പെടുന്ന ഒരു സംഘം എന്ന സമീപിക്കുകയും താങ്കള്‍ക്കു മുന്നില്‍ ഈ വിഷയം ഉന്നയിച്ച് സുപ്രീംകോടതിയില്‍ കാര്യമായി അദ്ദേഹത്തിന്റെ ഹര്‍ജിയെ എതിര്‍ക്കാതിരിക്കുന്ന വിധത്തില്‍ താങ്കളുടെ അനുഭാവപൂര്‍ണമായ സമീപനവും അനുകൂല നിലപാടും ഉണ്ടാകുന്നതിനു വേണ്ടി ശ്രമിക്കണം എന്ന് ആവശ്യപ്പെടുകയും ചെയ്തിരിക്കുകയാണ്.
ഈ വിഷയത്തിന് താല്‍പര്യത്തോടെ പരിഗണന നല്‍കുന്ന ആള്‍ എന്ന നിലയില്‍, വെറുതേ എന്തെങ്കിലും ചെയ്താല്‍ പോരെന്നും അവരുടെ അഭ്യര്‍ത്ഥനയോട് അനുകൂലമായി പ്രതികരിക്കണം എന്ന് താങ്കളോട് അഭ്യര്‍ത്ഥിക്കുക എന്നത് എന്റെ ഉത്തരവാദിത്തമാണ് എന്നും ഞാന്‍ ചിന്തിച്ചു. ഈ അഭ്യര്‍ത്ഥനയെ താങ്കള്‍ അതിന്റെ ശരിയായ പരിപ്രേക്ഷ്യത്തില്‍ എടുക്കുകയും വേണ്ടതു ചെയ്യുകയും ചെയ്യുമെന്ന് ഞാന്‍ പ്രതീക്ഷിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു.
സ്നേഹാദരങ്ങളോടെ,
പിണറായി വിജയന്‍.
Post Your Comments