Latest NewsArticleParayathe VayyaWriters' Corner

അങ്ങയെ തിരിച്ചറിയാത്തവര്‍ക്ക് വേണ്ടി ഇ. ശ്രീധരൻജി, മാപ്പ്.. മാപ്പ്.. മുതിർന്ന മാധ്യമ പ്രവർത്തകൻ കെവിഎസ് ഹരിദാസ് വേദനയോടെ

മാപ്പ് , മാപ്പ് , മാപ്പ് ……. ഇ ശ്രീധരൻ ജി. അങ്ങേക്ക് ഇത്തരമൊരു വേദന കേരളത്തിൽ ഉണ്ടായതിൽ മാപ്പ് ; ഒരു മലയാളി എന്ന നിലക്ക് ഇങ്ങനെ പരസ്യമായി മാപ്പ് പറയാനേ എനിക്ക് ഉൾപ്പടെ കഴിയൂ. അത് അങ്ങേക്കും നന്നായി അറിയാമല്ലോ. സ്വന്തം നാട്ടിൽ ഇങ്ങനെ ഒന്ന് അങ്ങേക്ക് സംഭവിച്ചുകൂടായിരുന്നു എന്ന കാര്യത്തിൽ ഒരു മലയാളിക്കും അഭിപ്രായ ഭിന്നത ഉണ്ടാവുമെന്ന് തോന്നുന്നില്ല. പക്ഷെ സംഭവിച്ചുപോയി……

ലൈറ്റ് മെട്രോ സംബന്ധിച്ച പ്രശ്നങ്ങളാണ് കേരളത്തിലെ സർക്കാരിനെ ഇ ശ്രീധരനിൽ നിന്നും അകറ്റിയത്. യുഡിഎഫ് ഭരണകാലത്ത് ഉയർത്തിക്കൊണ്ടുവന്ന പദ്ധതിയുമായി മുന്നോട്ട് പോകാൻ ഇടതുപക്ഷ സർക്കാർ തയ്യാറായി. അതിനായി ഡിഎംആർസി ഇവിടെ ഓഫീസുകൾ തുറക്കുകയും ചെയ്തു. എന്നാലിപ്പോൾ എന്ത് ശ്രീധരൻ ഏത് ശ്രീധരൻ എന്നൊക്കെയാണ് നമ്മുടെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ ചോദിക്കുന്നതത്രെ. അതൊക്കെ പോട്ടെ. സുധാകരനെ നമുക്കൊക്കെ അറിയാം. ഒന്ന് കാണാൻ ഒരു അവസരം ചോദിച്ചിട്ട് ഏതാണ്ട് മൂന്ന് മാസമാവുന്നു; നമ്മുടെ മുഖ്യമന്ത്രി അതിന് അനുമതി നൽകിയില്ല. കേരളം തങ്ങളുടെ അഭിമാനമായി കരുതുന്ന ഇ ശ്രീധരനോടാണ് ഇത്തരമൊരു നിലപാട്. എന്താണ് സംഭവിച്ചത് എന്നത് എനിക്ക് ഇനിയും ബോധ്യമാവുന്നില്ല. കൊച്ചി മെട്രോയുടെ ഉദ്‌ഘാടന വേളയിലും മറ്റും ശ്രീധരനും പിണറായി വിജയനുമൊക്കെ ഒന്നിച്ചുനീങ്ങിയത് നാമൊക്കെ കണ്ടതല്ലേ. അത് മാത്രമോ, പ്രധാനമന്ത്രി നരേന്ദ്ര മോദിയും അന്ന് നഗരവികസന മന്ത്രിയായിരുന്ന, ഇന്നത്തെ ഉപരാഷ്ട്രപതി, വെങ്കയ്യ നായിഡുവും അദ്ദേഹത്തിന് നൽകിയ പ്രാധാന്യവും ആദരവും നാം കണ്ടതല്ലേ. അതിനൊക്കെയൊപ്പം പിണറായി വിജയനുമുണ്ടായിരുന്നുവല്ലോ. അതിനുശേഷം എന്താണാവോ സംഭവിച്ചത്?. അത് എന്തായാലും, മലയാളിയുടെ അഭിമാന പുത്രാ, ശ്രീധരൻജി,നിങ്ങൾ പൊറുക്കുക. ഇതാണ് കേരളം.

കൊച്ചി മെട്രോ പദ്ധതിയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചപ്പോൾ കേരളത്തിലുണ്ടായ പ്രതികരണങ്ങൾ, പലരുമെടുത്ത നിലപാടുകൾ അങ്ങയുടെ ഓർമ്മയിലുണ്ടാവും എന്നതറിയായ്കയല്ല. അന്ന് ഗ്ലോബൽ ടെണ്ടർ വിളിക്കാനും നേരിട്ട് പണികൾ നടത്താനുമൊക്കെ വലിയ ആവേശം കാണിച്ചവർ ആരൊക്കെയാണ് എന്നത് മലയാളികൾ മറന്നിട്ടില്ല. ഏതാണ്ട് അയ്യായിരം കോടിയുടെ പദ്ധതിയാണ്. ചെറിയ കാര്യമല്ല. ഒരു ശതമാനം കിട്ടിയാൽ അന്പത് കോടിയായി . ഒരു പത്ത് ശതമാനം കിട്ടാൻ ഒരു പ്രയാസവുമില്ല എന്നതും എല്ലാവർക്കുമറിയാം. അതായത് വീട്ടിലിരുന്നാൽ തന്നെ ഒരു അഞ്ഞൂറ് കോടി പോക്കറ്റിൽ എത്തുമെന്ന് പലരും തീർച്ചയാക്കി. അതൊക്കെ ഇന്നലെ ചാനൽ ചർച്ചയിൽ ബിജെപി നേതാവ് കെ സുരേന്ദ്രൻ വിശദീകരിക്കുന്നത് കണ്ടു. അതാണിവിടത്തെ കീഴ്‌വഴക്കം, അതാണിവിടത്തെ നാട്ട് നടപ്പ് . പത്ത് ശതമാനമല്ല ഇരുപതും മുപ്പതുമൊക്കെയാണ്……..പലരും നേടിയിരുന്നത്. എന്നിട്ടും , വർഷങ്ങളെടുത്തിട്ടും, പൂർത്തിയാവാത്ത പദ്ധതികൾ എത്രയെണ്ണം.

ആ കൊള്ള നടത്തേണ്ട എന്ന് വെച്ചതും ഇ ശ്രീധരനെയും ഡിഎംആർസിയെയും അതേൽപ്പിച്ചതും വെറുതെയല്ല. അത്രമാത്രമായിരുന്നു ജനകീയ വികാരം. ഡിഎംആർസിക്ക് വേണ്ടി ഇതുപോലെ ജനങ്ങൾ രംഗത്ത് വന്നിരിക്കില്ല ദൽഹിയിൽ പോലും. അതിന് രണ്ട് കാരണങ്ങൾ ഉണ്ട്. അതിൽ പ്രധാനം ഇ ശ്രീധരനോടുള്ള ബഹുമാനം, അദ്ദേഹത്തിലുള്ള വിശ്വാസം ….. അതൊക്കെയാണ്. കള്ളത്തരം ചെയ്യില്ലെന്നും കൊള്ളയടിക്കുന്നവർക്ക് വിഷമമാവുമെന്നും ജനങ്ങൾക്കറിയാമായിരുന്നു. മറ്റൊന്ന്, അദ്ദേഹത്തെ വേണ്ടെന്ന് പറയുന്നവരുടെ ലക്ഷ്യത്തെക്കുറിച്ചും ആർക്കും സംശ്യമില്ലായിരുന്നു. പദ്ധതി യഥാവിധി നടത്തലല്ല മറിച്ച് യഥാവിധി പോക്കറ്റ് വീർപ്പിക്കലാണ് അവരുടെ ലക്ഷ്യമെന്ന് തീർച്ചയായിരുന്നു. യഥാർഥത്തിൽ ഇ ശ്രീധരന്റെ വരവ് അധർമ്മത്തിന് മേൽ ധർമ്മം വിജയമായിരുന്നു. തെറ്റിന് മേൽ സത്യം നേടിയ വിജയമായിരുന്നു.

അന്ന് ഒരുകാര്യം പറയാതെ വയ്യ. ചില കോൺഗ്രസുകാർ ഒഴികെയുള്ളവർ എല്ലാം ഇ ശ്രീധരനും ഡിഎംആർസിക്കും ഒപ്പമായിരുന്നു. അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പരസ്യമായി ശ്രീധരനൊപ്പം എന്ന് പറയുമ്പോഴും മറുപക്ഷത്തായിരുന്നു എന്നതും പറയാതെ വയ്യ. അതേസമയം ദൽഹിയിലുണ്ടായിരുന്ന എകെ ആന്റണിയാവട്ടെ ‘ശ്രീധരൻ വേണം’ എന്ന നിലപാടെടുത്തു എന്നതും മറന്നുകൂടാ. കെവി തോമസിനെപ്പോലുള്ള കോൺഗ്രസുകാരും ഇക്കാര്യത്തിൽ ഏറെക്കുറെ ആന്റണി പക്ഷത്തായിരുന്നു എന്ന തോന്നലാണുണ്ടാക്കിയത്. ഓ രാജഗോപാൽ, മറ്റു ബിജെപി സംസ്ഥാന നേതാക്കൾ എന്നിവർ ഇക്കാര്യത്തിൽ വലിയ പിൻതുണയാണ് ഡിഎംആർസിക്ക് നൽകിയത്. അതിനേക്കാളൊക്കെ ശ്രദ്ധിച്ചത് വിഎസ് അച്യുതാനന്ദൻ സ്വീകരിച്ച നിലപാടുകളാണ്. അദ്ദേഹം പരസ്യമായിത്തന്നെ കോൺഗ്രസുകാർ എടുക്കുന്ന ഇരട്ടത്താപ്പിനെ തുറന്നുകാട്ടി. അതിലേറെ എന്ന് പറയേണ്ടതുണ്ട്, സിപിഎം നേതാവായ പി രാജീവ് സ്വീകരിച്ച പ്രൊ -ആക്റ്റീവ് റോൾ ആണ്. എന്റെ നല്ല സുഹൃത്തായ പി രാജീവ് അന്ന് രാജ്യസഭാംഗം ആയിരുന്നു. അതുകൊണ്ട് ഡിഎംആർസിയുമായും ഇ ശ്രീധരനുമായും അടുത്തിടപഴകാൻ അവസരം ലഭിച്ചിരുന്നു. ഒരർത്ഥത്തിൽ രാജീവിന്റെ ഇടപെടലാണ് ഉമ്മൻ ചാണ്ടി സർക്കാരിന് തലവേദനയായത്. മറ്റൊരാൾ കൂടിയുണ്ട്….. അന്തരിച്ച ജസ്റ്റിസ് വിആർ കൃഷ്ണയ്യർ. ‘സ്വാമി’ സ്വീകരിച്ച നിലപാടും പലപ്പോഴും നിർണ്ണായകമായി. അങ്ങിനെ യാണ് യുഡിഎഫ് സർക്കാർ അവസാനം വഴിപ്പെട്ടത്. ചില ഐഎഎസ് ഉദ്യോഗസ്ഥർ, പേര് പറയാതെതന്നെ പലരും ഓർമ്മിക്കുന്നുണ്ടാവും, അപ്പോൾ കാണിച്ച വിഷമം മറക്കാവതാണ് എന്ന് തോന്നുന്നില്ല.

പിന്നെയെന്താണ് ഇപ്പോൾ ഇങ്ങനെയൊരു മനം മാറ്റം?. അതും സിപിഎമ്മിന്റെ പക്ഷത്തുനിന്ന്. കേരളത്തിന് സാമ്പത്തിക ബുദ്ധിമുട്ടുണ്ട് എന്നതറിയായ്കയല്ല. കാര്യങ്ങൾ നേരെചൊവ്വേ നടത്താനാവാത്ത അവസ്ഥയുണ്ട് ഇവിടെ എന്നതുമറിയാം. എന്നാൽ ഇതിനാവശ്യമുള്ള പണം അഞ്ചു വര്ഷം കൊണ്ട്‌ ഉണ്ടാക്കിയാൽ മതി. ഒരു വര്ഷം ഏതാണ്ട് 250 കോടിയോളം മതിയാവും. അതുണ്ടാക്കാൻ കഴിയില്ലെങ്കിൽ പിന്നെ ഒരു സംസ്ഥാന ഭരണകൂടമെന്തിനാണ്?. ഈ ഇടത് സർക്കാർ അധികാരമേറ്റ ശേഷം ഇവിടെ ഒരു പ്രധാന നിർമ്മാണ പ്രവർത്തനവും നടന്നിട്ടില്ല എന്നതോർക്കുക. കിഫ്‌ബി മുഖേന നടപ്പിലാക്കുന്ന കുറെ ഓവർ ബ്രിഡ്ജുകളിൽ അത് ഒതുങ്ങുന്നു. ഒരു വ്യവസായശാല തുറന്നിട്ടില്ല അല്ലെങ്കിൽ പുതുതായി ഉണ്ടായിട്ടില്ല. ഒരു വലിയ പദ്ധതിയെക്കുറിച്ചു ചിന്തപോലുമുണ്ടായിട്ടില്ല. ഇതുപോലെ ചിലതൊക്കെ തുടങ്ങിയാൽ കേരളത്തിന് എന്തെങ്കിലുമായി എന്നതാവണം ഇ ശ്രീധരനെപ്പോലുള്ളവർ ചിന്തിച്ചത്. അവിടെയും സംശയങ്ങൾ, തെറ്റിദ്ധാരണകൾ, അതിലൂടെ അഴിമതിയുടെ ദുർഗന്ധവും.

കൊച്ചി മെട്രോ നഷ്ടത്തിലായി എന്നും മറ്റുമാണ് പരാതി. അത് തുടക്കത്തിലേ ലാഭത്തിലാവുമെന്ന് ആരെങ്കിലും കരുതിയിരുന്നോ ?. എവിടെയാണ് ഇത്തരമൊരു പദ്ധതി തുടക്കത്തിലേ ലാഭത്തിലായിട്ടുള്ളത്. മാത്രമല്ല അതിന്റെ തുടർപ്രവർത്തനങ്ങൾ എവിടെയുമെത്തിയിട്ടുമില്ല. സ്ഥലമേറ്റെടുക്കൽ ഇനിയും പാതിവഴിയിലാണ്. ചമ്പക്കര പാലം, അവിടെനിന്ന് തൃപ്പൂണിത്തുറ വരെയുള്ള പാത എന്നിവ എങ്ങുമെത്തിയിട്ടില്ല. മെട്രോ തൃപ്പുണിത്തുറക്ക് ദീർഘിപ്പിക്കാൻ സമരം ചെയ്തത് സിപിഎമ്മുകാരാണ് എന്നതുമോർക്കണം. പാലാരിവട്ടം -ഇൻഫോ പാർക്ക് പദ്ധതിയെക്കുറിച്ചിപ്പൊൾ ആരുംഒന്നും മിണ്ടുന്നില്ല. ഇവിടെ ഇ ശ്രീധരൻ കൂടി വിട്ടുപോയാൽ എന്താവും ഇതിന്റെ അവസ്ഥ എന്നത് ചിന്തിക്കാനാവുമോ?. കേരളം ഗൗരവത്തിൽ ചിന്തിക്കേണ്ടുന്ന വിഷയമാണ്. കേരള സർക്കാരും, വാശി വൈരാഗ്യങ്ങൾ വിട്ടുകൊണ്ട് ഇക്കാര്യത്തെ ഭാവാത്മകമായി സമീപിക്കാൻ തയ്യാറാവണം. അതിന് ഇപ്പോൾ കഴിഞ്ഞില്ലെങ്കിൽ കേരളം ഈ ഭരണകൂടത്തെ പഴിക്കും……. കേരള ജനത മാപ്പ് നൽകുകയുമില്ല .

മഹാരോഗികളായ ജനപ്രധിനിധികളുടെ നാട്ടില്‍ നിന്നും ഒരു പ്രധാനമന്ത്രി ഇങ്ങനെ

shortlink

Related Articles

Post Your Comments

Related Articles


Back to top button