KeralaLatest NewsNews

അഭ്യൂഹങ്ങൾക്ക് അവസാനം: കുമ്പളത്ത് വീപ്പയില്‍ കണ്ട മൃതദേഹം ആരുടെതെന്ന് തിരിച്ചറിഞ്ഞു

കുമ്പളം: കുമ്പളത്ത് വീപ്പയില്‍ കണ്ടെത്തിയ മൃതദേഹം ഡി എൻ എ ഫലം പുറത്തു വന്നതോടെ ആരുടെതെന്ന് സ്ഥിരീകരിച്ചു. ഉദയംപേരൂര്‍ സ്വദേശിനി ശകുന്തളയുടേതാണ് മൃതദേഹമെന്നാണ് സ്ഥിരീകരണം. കഴിഞ്ഞ ജനുവരി ഒൻപതിനാണ് ആലപ്പുഴയിലെ പാം ഫൈബര്‍ കമ്പനിയുടെ കുമ്പളത്തെ ഒഴിഞ്ഞപറമ്പിലെ വീപ്പയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ അന്വേഷണം സംസ്ഥാനത്തിനു പുറത്തേക്ക് വരെ പോലീസ് വ്യാപിപ്പിച്ചിരുന്നു.

മൃതദേഹത്തിന്റെ ഇടതു കണങ്കാലില്‍ കണ്ടെത്തിയ പിരിയാണി (സ്ക്രൂ) കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണമാണ് ആളെ തിരിച്ചറിയാന്‍ കാരണമായത്. കാലിലെ അസ്ഥിയൊടിഞ്ഞപ്പോള്‍ നടത്തിയ ചികിത്സയുടെ ഭാഗമായി പിടിപ്പിച്ചതായിരുന്നു പിരിയാണി. പുണെയിലെ എസ്.എച്ച്‌. പിറ്റ്കാര്‍ കമ്പനിയാണ് പിരിയാണിയുടെ നിർമ്മാതാക്കളെന്ന് മനസിലായി. അവിടെ നിന്ന് പിരിയാണി വാങ്ങിയിട്ടുള്ള ആസ്​പത്രികളുടെ ലിസ്റ്റ് പോലീസ് ശേഖരിച്ചു. രണ്ട് വര്‍ഷം മുൻപ് തൃപ്പൂണിത്തുറയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ഓപ്പറേഷന്‍ നടത്തി ആറ് പേര്‍ക്ക് ഇത്തരം പിരിയാണി ഘടിപ്പിച്ചതായി പോലീസിന് വിവരം ലഭിച്ചിരുന്നു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അതില്‍ അഞ്ച് പേരെ പോലീസ് കണ്ടെത്തി. ഒരാള്‍ ഉദയംപേരൂര്‍ തേരയ്ക്കല്‍ ശകുന്തളയാണെന്നും വിവരം ലഭിച്ചു. വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായ സ്കൂട്ടര്‍ അപകടത്തെ തുടര്‍ന്നാണ് ഇവര്‍ക്ക് ഓപ്പറേഷന്‍ നടത്തി പിരിയാണി ഘടിപ്പിച്ചത്. എന്നാല്‍, ഇവര്‍ മുംൈബയിലാണെന്നും ജീവനോടെയുണ്ടെന്നുമുള്ള വിവരമാണ് പോലീസിന് ആദ്യം ലഭിച്ചത്. തുടര്‍ന്ന് വീപ്പയില്‍ കണ്ടെത്തിയ മൃതദേഹം മലയാളിയുടേതല്ലായിരിക്കാം എന്ന നിഗമനത്തിലും പോലീസ് എത്തിയിരുന്നു. മുംബൈയില്‍ പോയി അന്വേഷണം നടത്തിയെങ്കിലും ശകുന്തളയെക്കുറിച്ച്‌ വിവരമൊന്നും ലഭിച്ചില്ല.

പിന്നീട് ഡി.എന്‍.എ. പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തില്‍ മൃതദേഹം ശകുന്തളയുടേതുതന്നെ എന്ന് തിരിച്ചറിയുകയായിരുന്നു. ഒന്നര വര്‍ഷത്തോളമായി ഇവര്‍ നാട്ടിലില്ലെന്ന് പറയുന്നു. സ്കൂട്ടര്‍ അപകടത്തെത്തുടര്‍ന്ന് ഇവര്‍ക്ക് നഷ്ടപരിഹാരമായി ലക്ഷങ്ങള്‍ കിട്ടിയിരുന്നു. കൊലപാതകത്തിന് ഇതുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു. ഇവരുമായി ബന്ധമുണ്ടായിരുന്ന ഒരു ചെറുപ്പക്കാരനെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. ഇവരുടെ മൃതദേഹം കണ്ടെത്തിയതിന്റെ പിറ്റേന്ന് എരൂരിലുണ്ടായ ഒരു ചെറുപ്പക്കാരന്റെ മരണവുമായി കേസിന് ബന്ധമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button