ഹിന്ദുധര്‍മപ്രതീകങ്ങളെ തെറ്റായി വ്യഖ്യാനിക്കുന്ന പ്രവണത ഈയിടെയായി വര്‍ധിച്ചുവരുന്നുണ്ട്. സനാതന സംസ്‌കൃതിയെ തകര്‍ക്കുക എന്ന കൃത്യമായ ഉദ്ദേശ്യത്തോടെ പ്രവര്‍ത്തിക്കുന്ന ചില വൈദേശിക ഇന്‍ഡോളജിസ്റ്റുകളാണ് ഹിന്ദുദേവതകളെയും ചിഹ്നങ്ങളെയും മറ്റും ദുര്‍വ്യാഖ്യാനിക്കുന്നതിന് ചുക്കാന്‍ പിടിക്കുന്നത്.
കേരളത്തിന്റെ കുലദേവതയായ ഭദ്രകാളിയെ അത്യന്തം പ്രാകൃതമായ ചിന്തകളുടെ ഉത്പന്നമായാണ് സാറാ കാല്‍ഡ്വല്‍ ഗ്രന്ഥത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്. ഇത്തരം വ്യാഖ്യാനങ്ങള്‍ പഠിച്ചിറങ്ങുന്ന പുതുതലമുറ വലിയ തോതിലുള്ള ആശയക്കുഴപ്പത്തെ നേരിട്ടുകൊണ്ടിരിക്കുകയാണ്. അവരുടെ സംശയങ്ങള്‍ക്ക് വേണ്ടരീതിയില്‍ മറുപടി പറയുവാന്‍ ഹൈന്ദവ ആചാര്യന്മാര്‍ക്കുപോലും പലപ്പോഴും സാധിക്കാറില്ല. ഹിന്ദുധര്‍മപ്രതീകങ്ങളുടെ താത്ത്വികമായ അടിത്തറയെ കണ്ടെത്തി അവതരിപ്പിക്കേണ്ടത് അത്യന്തം ആവശ്യമായി വന്നിരിക്കുകയാണ്. ഇതിനൊരു തുടക്കമെന്നോണം വേദങ്ങളുടെ വെളിച്ചത്തില്‍ ഭദ്രകാളിസ്വരൂപത്തെ നോക്കിക്കാണാന്‍ ശ്രമിക്കുകയാണിവിടെ.
ദേവത എന്നാല്‍ ഈശ്വരന്റെ ദിവ്യഗുണങ്ങളെ വിളിക്കുന്ന പേരാണ്. ഈശ്വരന്‍ ഒന്നേയുള്ളുവെങ്കിലും അവന് ഒട്ടേറെ വിശേഷഗുണങ്ങളുണ്ട്. ആ വിശേഷഗുണങ്ങള്‍ നേടിയെടുക്കാനായിരുന്നു അതത് ദേവതകളെ നമ്മുടെ പൂര്‍വികര്‍ ഉപാസിച്ചിരുന്നത്. അങ്ങനെ കുലത്തിന്റെ ഒട്ടാകെയുള്ള ദൗര്‍ബല്യങ്ങളെ പരിഹരിക്കാന്‍ അവര്‍ കുലദേവതാ സങ്കല്പത്തിനു രൂപംകൊടുത്തു. അങ്ങനെയെങ്കില്‍ കേരളീയ സമൂഹത്തിന്റെ കുലദേവതയായി ഭദ്രകാളിയെ പ്രതിഷ്ഠിച്ച നമ്മുടെ പൂര്‍വികര്‍, ഈശ്വരന്റെ ഏതൊരു ഗുണവിശേഷത്തെയായിരിക്കും കാളീ ഉപാസനയിലൂടെ നേടിയെടുക്കാന്‍ ആഗ്രഹിച്ചിരുന്നിരിക്കുക? മുണ്ഡകോപനിഷത്തില്‍ അഗ്‌നിയുടെ ഏഴുതരം ജിഹ്വകളെ അഥവാ നാക്കുകളെക്കുറിച്ച് പറയുന്ന ഒരു ശ്ലോകമുണ്ട്. ‘കാളീ കരാളീ ച മനോജവാ ച സുലോഹിതാ യാ ച സുധൂമ്രവര്‍ണാ സ്ഫുലിങ്ഗിനീ വിശ്വരുചീ ച ദേവീ ലേലായമാനാ ഇതി സപ്തജിഹ്വാ’ കാളി, കരാളി, മനോജവാ, സുലോഹിതാ, സുധൂമ്രവര്‍ണാ, സ്ഫുലിങ്ഗിനി, വിശ്വരുചി എന്നീ ഏഴു ജിഹ്വകള്‍ അഗ്‌നിയുടേതാണന്നാണ് ഈ പറഞ്ഞതിനര്‍ഥം.
also read: കാമാക്ഷിയമ്മന്‍ ക്ഷേത്രത്തിലെ പരാശക്തിയായ-ദേവതകളുടെ ദേവി
സപ്തമാതൃക്കള്‍ എന്നു പിന്നീട് പറയപ്പെട്ട ഏഴു ദേവതകള്‍ ഈ ജിഹ്വകള്‍തന്നെയാണ്. ഋഗ്വേദത്തിലെ ‘സപ്തവാണീഃ’ എന്ന പ്രയോഗത്തില്‍ ഈ ചിന്തയുടെ വേര് നമുക്ക് കാണാം (ഋഗ്വേദം. 3.1.6). ആ അഗ്‌നിജിഹ്വകളില്‍ ആദ്യത്തേതാണ് കാളി. അഗ്‌നിയില്‍ ആഹുതി വീഴുമ്പോള്‍ നീലജ്വാലകള്‍ കാണാം. ഇതുതന്നെ ഭദ്രകാളി. നീണ്ട നാക്ക് കാണാം കാളീചിത്രങ്ങളിലും പ്രതിമകളിലും. അഗ്‌നിയുടെ ജിഹ്വ അഥവാ നാക്കാണ് ഈ പ്രതീകം ഉണ്ടാകുന്നതിന് കാരണമായത്. യഥാര്‍ഥത്തില്‍ ഈശ്വരന്റെ വാക്ശക്തിയെയാണ് സപ്തവാണികളില്‍ ഒന്നായ ഭദ്രകാളീദേവത പ്രകടമാക്കുന്നത്. അഗ്‌നി വാഗ്രൂപം സ്വീകരിച്ച് വായില്‍ പ്രവേശിച്ചു എന്ന് ഐതരേയോപനിഷത്തില്‍ പറയുന്നുണ്ട്. ‘അഗ്‌നിര്‍വാഗ്ഭൂത്വാ മുഖം പ്രാവിശത്’ (ഐതരേയോപനിഷത്ത് 2.4) (ഐതരേയോപനിഷത്ത് 2.4) ഇക്കാര്യം സൂചിപ്പിക്കാനാണ് ഭദ്രകാളീരൂപത്തില്‍ നീണ്ട നാക്കിനെ നമ്മുടെ പൂര്‍വികര്‍ വരച്ചത്.
നാക്കുനീട്ടിയിരിക്കുന്ന ഭദ്രകാളി വാഗ്ദേവി ആണെങ്കില്‍ ആ വാഗ്ദേവിയുടെ കഴുത്തിലണിഞ്ഞിരിക്കുന്ന തലയോട്ടിമാല എന്തായിരിക്കും? തലയോട്ടിക്ക് സംസ്‌കൃതത്തില്‍ കപാലമന്നാണ് പേര്. ‘ക’ എന്നാല്‍ പരാശക്തിയാണെന്നാണ് ഏകാക്ഷരകോശത്തില്‍ പറഞ്ഞിരിക്കുന്നത്. ‘പാല’ എന്നാല്‍ പാലകനായ പരമശിവനുമാണ്. അതായത് ശിവശക്തിയോഗമാണ് കപാലത്തിലുള്ളത്. പാര്‍വതീ-പരമേശ്വരന്മാര്‍ വാക്കിനെയും അര്‍ഥത്തെയുംപോലെ ഒന്നിച്ചിരിക്കുന്നു എന്നാണ് മഹാകവി കാളിദാസന്‍ എഴുതിയത്. ‘വാഗര്‍ഥാവിവ സംപൃക്തൗ…പാര്വതീപരമേശ്വരൗ’ (രഘുവംശം 1.1)ഓരോ അക്ഷരത്തിനും അര്‍ഥമുള്ളതായി ഏകാക്ഷരകോശത്തില്‍ നിന്നു മനസ്സിലാക്കാം. അതായത് ഓരോ അക്ഷരവും ഓരോ കപാലങ്ങളാണ്.
പാണിനിയുടെ വ്യാകരണ സൂത്രങ്ങള്‍ക്ക് ഭാഷ്യമെഴുതിയ നന്ദികേശ്വരനും ഇതേ അഭിപ്രായം സുവ്യക്തമായി പറഞ്ഞിട്ടുണ്ട്. എന്നാല്‍ വിധിവിപര്യയമെന്ന് പറയട്ടെ, ഈ രഹസ്യകോഡ് മനസ്സിലാക്കാന്‍ ആളുകള്‍ക്ക് കഴിഞ്ഞില്ല.ഭദ്രകാളിയുടെ രൂപഭാവങ്ങളും കൈകളിലുള്ള ആയുധങ്ങളുമെല്ലാം കൃത്യമായി സാധനാമേഖലകളിലെ ഓരോ കാര്യങ്ങളെ വെളിവാക്കുന്നതാണ്. ഭദ്രകാളിയുടെ കൈയിലുള്ള ത്രിശൂലം ജീവിതത്തില്‍ ഇച്ഛാശക്തി-ജ്ഞാനശക്തി-ക്രിയാശക്തി എന്നീ ശക്തിത്രയങ്ങളുടെ പ്രാധാന്യത്തെ പ്രതീകവല്‍ക്കരിക്കുമ്പോള്‍ പരിചയും വാളും യഥാക്രമം ജീവിതത്തില്‍ കടന്നുവരുന്ന പ്രതിസന്ധികളെ പ്രതിരോധിക്കുന്നതിനും അവയെ ഇല്ലാതാക്കുന്നതിനും ഉപാസകന് പ്രേരണയെ നല്‍കുന്നതാണ്. ഇങ്ങനെ അവനവന്റെ ഉള്ളിലുള്ള നൈസര്‍ഗികമായ വിചാരധാരകളെ ഉണര്‍ത്തി ജീവിതവിജയം നേടാനുള്ള ആഹ്വാനമാണ് കുലദേവതയായ ഭദ്രകാളിയുടേത്.
Post Your Comments