മാര്‍ച്ച് എട്ട്… ലോകം വനിതാ ദിനം ആഘോഷിക്കുമ്പോള്‍… ഓര്‍മ്മിക്കേണ്ടത് ഒരു ദിവസത്തെയല്ല. ചരിത്രത്തെയാണ്. പുറത്തിറങ്ങാനും മാറ് മറയ്ക്കാനും, വോട്ട് ചെയ്യാനും തുടങ്ങി സമരം ചെയ്ത് നേടിയെടുത്ത അവകാശങ്ങളുടെ ഒരു നീണ്ട ലിസ്റ്റ് ഓരോ പെണ്‍ചരിത്രത്തിനും പിന്നിലുണ്ട്. അത് ഓര്‍ക്കാതെ സോഷ്യല്‍ മീഡിയയുടെയും കൊച്ചമ്മമാരുടെയും ആഘോഷമായി വനിതാ ദിനം ഇന്ന് മാറിക്കഴിഞ്ഞു. അവകാശസമരത്തിന്റെ ഓര്‍മ്മകള്‍ നൂറ്റാണ്ട് കടക്കുകയാണ്. ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ പെണ്‍സുരക്ഷയെക്കുറിച്ചുള്ള നടുക്കങ്ങളാണ് സൃഷ്ടിക്കുന്നത്. പെണ്‍കുഞ്ഞുങ്ങള്‍ മുതല്‍ വൃദ്ധകള്‍വരെ നീളുന്ന പീഡിതരുടെ നിര നീണ്ടുനീണ്ട് നമ്മുടെ കിടപ്പുമുറിയോളം വരുന്നുവെന്ന ഞെട്ടല്‍ സമൂഹം ഒന്നിച്ച് ഏറ്റെടുക്കേണ്ടതാണ്.
സ്ത്രീകള്‍ അവകാശങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തിയതിന്റെ ഓര്‍മ്മകളുമായി ഒരു ദിവസം. പുരുഷന്‍മാരുടേതിനേക്കാള്‍ മോശം വേതനത്തില്‍ അതിലും മോശം തൊഴില്‍ സാഹചര്യങ്ങളില്‍, ചൂഷണങ്ങളില്‍ നരകിക്കുകയായിരുന്നു സ്ത്രീകള്‍. ആ സഹനത്തിന്റെ ഒടുവില്‍ സ്ത്രീകള്‍ നടത്തിയ ഉജ്വലമായ മുന്നേറ്റത്തെയാണ് ഈ ദിനം കുറിക്കുന്നത്. സ്വന്തം ജോലിസ്ഥലത്തെ സൗകര്യങ്ങളും ജീവിത സാഹചര്യങ്ങളും മെച്ചപ്പെടുത്താന്‍ സ്ത്രീകള്‍ നടത്തിയ മുന്നേറ്റത്തിന്റെയും വ്യവസായ കുത്തകകളുടെ ആധിപത്യത്തിനുമേല്‍ വരിച്ച വിജയത്തിന്റെയും ഓര്‍മ്മപ്പെടലാണ് അന്താരാഷ്ട്ര വനിതാ ദിനം.
1857 മാര്‍ച്ച് എട്ടിന്, ന്യൂയോര്‍ക്കിലെ വനിതകള്‍ നടത്തിയ സമരവും പ്രക്ഷോഭവുമാണ് വനിതാദിനത്തിന് തുടക്കമായത്. തുണി മില്ലുകളില്‍ തൊഴിലെടുത്തിരുന്ന ആയിരക്കണക്കിന് സ്ത്രീകള്‍, കുറഞ്ഞ ശമ്പളത്തിനും അതിദീര്‍ഘമായ തൊഴില്‍ സമയത്തിനും മുതലാളിത്തത്തിനുമെതിരെ വോട്ടുചെയ്യാനുമുളള അവകാശത്തിനുവേണ്ടി ആദ്യമായി ശബ്ദമുയര്‍ത്തി. ആ ശബ്ദം നൂറ്റാണ്ടുകളിലൂടെ സ്ത്രീ ശബ്ദമായി മാറി. ന്യൂയോര്‍ക്കില്‍ ഉയര്‍ന്ന ഈ സമരാഗ്‌നി ലോകമാകെ പടര്‍ന്നുപിടിക്കാന്‍ അധികകാലം വേണ്ടിവന്നില്ല. ലോകത്തിന്റെ പല ഭാഗങ്ങളിലും സ്ത്രീകള്‍ സംഘടിക്കാനും അവകാശങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്താനും തുടങ്ങി. യു.എസ്സില്‍ 1909 ഫെബ്രുവരി 28ന് വനിതാദിനം ആചരിച്ചു. 1910ല്‍ കോപ്പന്‍ഹേഗനില്‍ നടന്ന സമ്മേളനത്തില്‍, ലോക വനിതാ ദിനം ആചരിക്കണമെന്ന ആവശ്യമുയര്‍ന്നു.
തുടര്‍ന്ന്, 1911 മാര്‍ച്ച് 19ന് ജര്‍മ്മനിയും സ്വിറ്റ്‌സര്‍ലന്‍ഡും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ വനിതാ ദിനം ആചരിച്ചു. ജര്‍മ്മനിയിലെ സോഷ്യലിസ്റ്റ് ഡെമോക്രാറ്റിക് പാര്‍ട്ടി വനിതാ വിഭാഗം അദ്ധ്യക്ഷ ക്ലാരസെട്കിനിന്റെ നേതൃത്വത്തിലായിരുന്നു ഇത്. അന്ന് 17 രാജ്യങ്ങളില്‍ നിന്നുള്ള വനിതാ പ്രതിനിധികള്‍ പങ്കെടുത്ത സമ്മേളനത്തില്‍ ഉയര്‍ന്നുവന്ന ആശയത്തിന് അപ്പോള്‍ത്തന്നെ അംഗീകാരം നല്‍കി. തൊട്ടടുത്ത വര്‍ഷം, അതായത് ഒരു നൂറ്റാണ്ട് മുമ്പ് 1911 മാര്‍ച്ച് എട്ടിന്, അന്താരാഷ്ട്രതലത്തില്‍ ഈ ദിനം വനിതാ ദിനമായി ആചരിച്ചു. 1917 മാര്‍ച്ച് എട്ടിന് റഷ്യയില്‍ നടത്തിയ വനിതാ ദിന പ്രകടനം, റഷ്യന്‍ വിപ്ലവത്തിന്റെ ഒന്നാം ഘട്ടമായാണ് കണക്കാക്കപ്പെടുന്നത്. 1975ല്‍, ഐക്യരാഷ്ട്ര സഭ മാര്‍ച്ച് എട്ട് അന്താരാഷ്ട്ര വനിതാ ദിനമായി പ്രഖ്യാപിച്ചു.
ഈ വര്‍ഷത്തെ അന്താരാഷ്ട്ര വനിതാദിനാചരണത്തിന്റെ സന്ദേശം ‘സധൈര്യം മുന്നോട്ട്’ എന്നതാണ്. വനിതാ ശിശു വികസന വകുപ്പ് രൂപീകരിച്ചതിനു ശേഷമുള്ള ആദ്യത്തെ അന്താരാഷ്ട്ര വനിതാദിനാചരണമാണിത് എന്ന പ്രത്യേകത കേരളത്തിനുണ്ട് . കേരള സാമൂഹ്യ സുരക്ഷാ മിഷന്‍, സോഷ്യല്‍ വെല്‍ഫെയര്‍ ബോര്‍ഡ്, വനിതാ വികസന കോര്‍പറേഷന്‍, വനിതാ കമ്മീഷന്‍, ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റ്, എന്‍.എച്ച്.എം., കുടുംബശ്രീ മുതലായ വകുപ്പുകളും എല്ലാ വനിതാ സംഘടനകളും ഒന്നായി ചേര്‍ന്നാണ് ഈ വര്‍ഷത്തെ വനിതാ ദിനാചരണം സംഘടിപ്പിക്കുന്നത്. ഇതോടൊപ്പം ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ജെന്‍ഡര്‍ സാക്ഷരതാ യജ്ഞത്തിനും തുടക്കം കുറിക്കും. കൂടാതെ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച 11 വനിതകള്‍ക്കുള്ള 2017ലെ വനിതാരത്‌ന പുരസ്‌കാര ( മൂന്ന് ലക്ഷം രൂപയും ശില്‍പവും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്‌കാരം.) വിതരണവും സമ്മേളനത്തില്‍ നടക്കും
Post Your Comments