കൊച്ചി ; ഷുഹൈബ് വധക്കേസ് ഹൈക്കോടതി സിബിഐക്ക് വിട്ടു. കേസിന്റെ അന്വേഷണം സിബിഐയെ ഏല്‍പ്പിക്കണമെന്നാവശ്യപ്പെട്ട് ഷുഹൈബിന്റെ മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് കമാല്‍ പാഷ അനുകൂല ഉത്തരവ് പുറപ്പെടുവിച്ചത്. സിബിഐ തിരുവനന്തപുരം യൂണിറ്റിനാണ് അന്വേഷണ ചുമതല. സര്‍ക്കാരിനു കനത്ത തിരിച്ചടിയാണ് ഉത്തരവ് നല്‍കിയിരിക്കുന്നത്.
ഷുഹൈബ് വധകേസില്‍ നിലവിലെ അന്വേഷണം ഫലപ്രദമല്ലെന്ന് ഹൈകോടതി വിമര്‍ശിച്ചിരുന്നു. രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കണം. കൊലപാതകങ്ങള്‍ക്ക് പിന്നില്‍ ആരാണെന്ന് എല്ലാവര്‍ക്കുമറിയാം. ഇതിനെതിരെ ഒരു ചെറുവിരല്‍ അനക്കാന്‍ സാധിക്കുമോ എന്നാണ് കോടതി നോക്കുന്നതെന്നും ജസ്റ്റിസ് കമാല്‍പാഷ വ്യക്തമാക്കി.കേസിലെ പ്രതികള്‍ക്ക് എന്നെങ്കിലും വ്യക്തി വൈരാഗ്യം ഷുഹൈബുമായി ഉണ്ടായിരുന്നോവെന്നു കോടതി ചോദിച്ചു.
കേസ് ഹൈകോടതിക്ക് പരിഗണിക്കാന്‍ അധികാരമില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍, ഒരാള്‍ ചൂണ്ടിക്കാണിക്കുമ്പോഴാണ് അധികാരം ഉണ്ടോ എന്ന് സംശയം ഉണ്ടാകുന്നതെന്നും ജഡ്ജി വ്യക്തമാക്കി. സമാനമായ നിരവധി കേസുകള്‍ പരിഗണിച്ചിട്ടുണ്ടെന്ന് ജസ്റ്റിസ് കെമാല്‍പാഷ ചൂണ്ടിക്കാട്ടി. കൊലപാതക കേസിലെ ഗൂഢാലോചന തെളിയിക്കപ്പെടാതെ പോകുന്നത് ദൗര്‍ഭാഗ്യകരമാണന്ന് കോടതി അഭിപ്രായപ്പെട്ടു. ഈ ഘട്ടത്തില്‍ അന്വേഷണത്തില്‍ ഇടപെടരുതെന്ന് സര്‍ക്കാര്‍ പറഞ്ഞു.
പ്രാദേശിക വിഷയങ്ങള്‍ ആണ് കൊലപാതകത്തിന് കാരണം. കൊലപാതകത്തിന് കാരണം രാഷ്ട്രീയ വൈരാഗ്യം. കേസിലെ പ്രതിയായ ബിജുവിനെ ഷുഹൈബ് അടിച്ചിരുന്നു. ഷുഹൈബ് കോണ്‍ഗ്രസ് പ്രവര്‍ത്തകനും ബിജു സി.പി.എം അനുഭാവിയുമാണ്. മികച്ച അന്വേഷണമാണ് നടക്കുന്നതെന്നും സി.ബി.ഐ വേണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. അതെ സമയം കേസ് ഏറ്റെടുക്കാൻ തയ്യാറാണെന്ന് സി ബി ഐ കോടതിയിൽ വ്യക്തമാക്കി.
Post Your Comments