Latest NewsKeralaNews

പൊന്തന്‍പുഴയിലേത് വന്‍ ഭൂമികുംഭകോണം, വിജിലന്‍സ് അന്വേഷിക്കണം: കുമ്മനം

കോട്ടയം: പൊന്തന്‍പുഴ വനഭൂമിക്കേസ് വന്‍ ഭൂമികുംഭകോണമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഏഴായിരം ഏക്കര്‍ സംരക്ഷിത വനപ്രദേശം ഏതാനും വ്യക്തികളുടെ കൈകളില്‍ എത്തുന്നതിനായി ചില നിഗൂഢശക്തികള്‍ തന്ത്രപരമായ കരുനീക്കങ്ങള്‍ നടത്തി. ഇതിന് വനംവകുപ്പിലെ ഉദ്യോഗസ്ഥരും ഒത്താശ ചെയ്തു. കേസ് കോടതിയില്‍ പരാജയപ്പെടാനിടയായ സാഹചര്യത്തെക്കുറിച്ച് വിജിലന്‍സ് അന്വേഷിക്കണം. കേസില്‍ ബിജെപി റിവ്യൂഹര്‍ജി നല്‍കും. സംരക്ഷിത വനപ്രദേശത്തിന്റെ കാര്യത്തില്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന് അധികാരമുള്ളതിനാല്‍ അവരെകൂടി കേസിന്റെ ഗൗരവം ബോധ്യപ്പെടുത്തും. പൊന്തന്‍പുഴ വനപ്രദേശം സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

1905-ല്‍ ദിവാന്‍ മാധവറാവുവിന്റെ കാലത്ത്് ഇത് സംരക്ഷിത വനപ്രദേശമാണെന്ന് പ്രഖ്യാപിച്ചു. 1959-ല്‍ വീണ്ടും പുതിയ നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് വീണ്ടും റിസര്‍വ് വനമായി നോട്ടിഫൈ ചെയ്തതാണ്. വനഭൂമി കുറ്റിക്കാടാണെന്ന് റിപ്പോര്‍്ട്ട് നല്‍കിയ അഡ്വക്കേറ്റ് ജനറലിന്റെ റിപ്പോര്‍ട്ട് വനഭൂമിക്ക് അവകാശം ഉന്നയിച്ചവരെ സഹായിക്കാനായിരുന്നു. ശാസ്ത്രജ്ഞന്‍മാരാണ് ഇത്തരം കാര്യത്തില്‍ പഠനം നടത്തി റിപ്പോര്‍ട്ട് നല്‍കേണ്ടത്. എന്നാല്‍ ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള സംഘം അത്തരമൊരു റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല. മൂവാറ്റുപുഴ-പുനലൂര്‍ റോഡ് വികസനം, പാറമട കേസുകളില്‍ വനംവകുപ്പ് ഇത് സംരക്ഷിത വനപ്രദേശമാണെന്ന് സത്യവാങ്മൂലം നല്‍കിയിരുന്നു. എന്നാല്‍ ഈ കേസില്‍ മാത്രം മറിച്ചൊരു റിപ്പോര്‍ട്ട് നല്‍കിയത് എന്താണെന്ന് വ്യക്തമാക്കണം. ചില മാഫിയകള്‍ക്ക് വേണ്ടി കേസില്‍ കള്ളക്കളി നടത്തിയെന്നും കുമ്മനം ആരോപിച്ചു.

്സര്‍ക്കാരിന്റെ റവന്യുകേസുകള്‍ നന്നായി കൈകാര്യം ചെയ്തിരുന്ന സുശീലഭട്ടിനെ മാറ്റിയത് മുതല്‍ കേസിന്റെ അട്ടിമറി തുടങ്ങിയിരുന്നു. അവരെ ഒഴിവാക്കിയതിന് പിന്നില്‍ ദുരൂഹതയുണ്ട്. നിരവധി ലോബികളുടെ സമ്മര്‍ദ്ദഫലമായാണ് ഇത് നടന്നത്. വിവാദമായ ഈ കേസിന്റെ നടത്തിപ്പിനായി അവരെ സ്പെഷ്യല്‍ പ്ലീഡറായി നിയമിക്കണം. നഷ്ടപരിഹാരം നല്‍കി വനഭൂമി ഏറ്റെടുക്കാമെന്ന വനംമന്ത്രിയുടെ നിലപാട് ശരിയല്ല. ഇതിലൂടെ കോടികളയായിരിക്കും അവകാശം ഉന്നയിക്കുന്ന 287 പേര്‍ക്ക് ലഭിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ബിജെപി സംസ്ഥാന വക്താവ് അഡ്വ. എസ്. ജയസൂര്യന്‍, ജില്ലാപ്രസിഡന്റ് എന്‍. ഹരി, കര്‍ഷകമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പി.ആര്‍. മുരളീധരന്‍, അഡ്വ. നോബിള്‍ മാത്യു, കെ.ജി. കണ്ണന്‍, വി.എന്‍. മനോജ്, കൃഷ്ണകുമാര്‍ നീറിക്കാട്, കെ.പി. ഭൂവനേശ്, എസ്. മിഥുന്‍, ടി.ബി. ബിനു, വി.സി അജി, കെ.വി. നാരായണന്‍ തുടങ്ങിയവര്‍ കുമ്മനത്തിനൊപ്പമുണ്ടയായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button