ന്യൂഡല്‍ഹി: ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബിപ്ലബ് കുമാര്‍ ദേബ് ത്രിപുര മുഖ്യമന്ത്രിയായി വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും. അഗര്‍ത്തലയിലെ ഗസ്റ്റ് ഹൗസില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളത്തില്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ഗരിയാണ് ബിപ്ലബ് കുമാറിന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.ജിഷ്ണു ദേബ് ബര്‍മന്‍ ഉപമുഖ്യമന്ത്രിയായും ചുമതലയേല്‍ക്കും. വിപുലമായ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാര്‍, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ എന്നിവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കും.
59 അംഗ സഭയില്‍ 35 എം.എല്‍.എമാരാണ് ബിജെപിക്കുള്ളത്. 48കാരനായ ബിപ്ലബ് കുമാര്‍ ത്രിപുരയില്‍ ബിജെപിയുടെ രാഷ്ട്രീയ മുന്നേറ്റത്തിന് ചുക്കാന്‍ പിടിച്ചവരില്‍ പ്രധാനിയാണ്. ജനപ്രീതിയുടെ കാര്യത്തില്‍ മണിക് സര്‍ക്കാരിനൊപ്പം നില്‍ക്കുന്നയാളാണ് ബിപ്ലബ് കുമാര്‍ എന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. വിദ്യാഭ്യാസത്തിന്റെ ഭാഗമായി ഡല്‍ഹിയിലെത്തിയ ബിപ്ലബ് കുമാര്‍ പിന്നീട് സ്വയംസേവകന്‍ എന്നനിലയിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ജിം ഇന്‍ട്രക്ടറായും പ്രവര്‍ത്തിച്ചുവരികയായിരുന്നു.
ആര്‍എസ്‌എസിന്റെ പരിശീലനത്തില്‍ ഉയര്‍ന്നുവന്ന നേതാവായ ബിപ്ലബ് കുമാര്‍ ഏറ്റവും മികച്ച പ്രതിഛായയുള്ള നേതാക്കളിലൊരാളാണെന്നു വിലയിരുത്തുന്നു. സ്റ്റേറ്റ് ബാങ്ക് ഉദ്യോഗസ്ഥയാണ് ബിപ്ലബ് കുമാറിന്റെ ഭാര്യ. ഇവര്‍ക്ക് രണ്ട് കുട്ടികളാണുള്ളത്. വെള്ളിയാഴ്ച സ്വാമി വിവേകാനന്ദ മൈതാനത്തായിരിക്കും സത്യപ്രതിജ്ഞാ ചടങ്ങ്.
Post Your Comments