തൊഴില്‍ തേടിയെത്തുന്ന ഇന്ത്യക്കാരടക്കമുള്ള വിദേശികളും യു.എ.ഇ. യിലെ പ്രധാന നിയമങ്ങളെല്ലാം നിര്‍ബന്ധമായും മനസ്സിലാക്കിയിരിക്കണം. മാത്രമല്ല തൊഴിലിലും സാമൂഹിക ജീവിതത്തിലും ഇവിടെ താമസിക്കുന്ന വിദേശിയെന്ന നിലയില്‍ നമ്മുടെ ഉത്തരവാദിത്തത്തോടൊപ്പം അവകാശങ്ങളും തിരിച്ചറിയാന്‍ ഇത് സഹായിക്കുകയും ചെയ്യും.
അറിഞ്ഞിരിക്കണം ഈ നിയമങ്ങള്‍
- രാജ്യത്ത് ജോലി ചെയ്യുന്ന ഓരോ വിദേശതൊഴിലാളിയും ഫെഡറല്‍ നിയമമനുസരിച്ച് മനുഷ്യവിഭവശേഷി – സ്വദേശിവത്കരണ മന്ത്രാലയത്തില്‍ നിന്ന് തൊഴില്‍ അനുമതി(വര്‍ക്ക് പെര്‍മിറ്റ് )നേടണം.
- തൊഴിലാളിയുടെ നിയമനം സംബന്ധിച്ചുള്ള സകല നടപടികളുടെയും ചെലവ് വഹിക്കേണ്ടത് തൊഴിലുടമയാണ്. താമസ വിസ, വര്‍ക്ക് പെര്‍മിറ്റ് തുടങ്ങിയവയ്ക്കും ഇത് ബാധകമാണ് .
- തൊഴില്‍ കരാറിനനുസരിച്ചുള്ള ശമ്പളം എല്ലാ മാസവും രാജ്യത്തെ വേതന സംരക്ഷണ നിയമനുസരിച്ച് ബാങ്കുകളോ മറ്റു ധനകാര്യ സ്ഥാപനങ്ങളോ വഴി തൊഴിലുടമ തൊഴിലാളിക്ക് നല്‍കണം
- ഒരു ദിവസം എട്ടു മണിക്കൂര്‍ അല്ലെങ്കില്‍ ആഴ്ചയില്‍ 48 മണിക്കൂര്‍ എന്നതാണ് ജോലി സമയത്തിന്റെ കണക്ക്. ഹോട്ടലുകള്‍, സെക്യൂരിറ്റി സേവനം തുടങ്ങി ചില മേഖലകളില്‍ മാത്രം തൊഴില്‍ സമയത്തില്‍ മാറ്റമുണ്ട്.
- പ്രൊബേഷന്‍ കാലാവധി ആറ് മാസത്തില്‍ കൂടരുത്. ആഴ്ചയില്‍ ഒരു ദിവസം തൊഴിലാളിക്ക് നിര്‍ബന്ധമായും അവധി നല്‍കണം .
- അവധി ദിവസങ്ങളിലോ പ്രവൃത്തി ദിവസങ്ങളില്‍ തൊഴില്‍ സമയത്തിന് പുറമെയോ ജോലി ചെയ്യുകയാണെങ്കില്‍ സമയം കണക്കാക്കി ഓവര്‍ ടൈം വേതനം നല്കാന് തൊഴിലുടമയ്ക്ക് ബാധ്യതയുണ്ട്.
- രാജ്യത്തെ ഔദ്യോഗിക അവധി ദിനങ്ങളില്‍ തൊഴിലാളിക്ക് വേതനത്തോടുകൂടിയ അവധി നല്‍കണം. കൂടാതെ എല്ലാ വര്‍ഷവും മുപ്പതു ദിവസത്തെ വാര്‍ഷിക അവധിയും വിദേശ തൊഴിലാളികള്‍ക്ക് നിയമം അനുവദിച്ചിരിക്കുന്ന ആനുകൂല്യമാണ്.* മതത്തിന്റെ പേരിലോ വംശീയതയുടെ പേരിലോ വാക്കാലോ പ്രവൃത്തിയാലോ ആരെയും അധിക്ഷേപിക്കുകയോ വിവേചനം കാണിക്കുകയോ ചെയ്യരുത്. നിയമം കര്‍ശനമായും ഇത് വിലക്കിയിട്ടുണ്ട്.
- രാജ്യത്തിനു അപകീര്‍ത്തികരമായതോ മറ്റു വ്യക്തികളെ അപമാനിക്കുന്ന രീതിയിലോ സമൂഹികമാധ്യമങ്ങളിലൂടെ പോസ്റ്റുകള്‍ പ്രചരിപ്പിക്കുന്നതും കുറ്റകരമായ നടപടിയാണ്. സമൂഹികമാധ്യമങ്ങള്‍ ഗുണപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കണം.
- പൊതുസ്ഥലത്ത് മാന്യമായി വസ്ത്രം ധരിച്ചു വേണം പോകാന്‍. പൊതുസ്ഥലങ്ങളില്‍ സ്നേഹപ്രകടനങ്ങള്‍ അതിരു വിടുന്നതും പിഴയടക്കമുള്ള ശിക്ഷ ക്ഷണിച്ചു വരുത്തും.
- റമസാന്‍ മാസത്തില്‍ പൊതു ഇടങ്ങളില്‍ ഭക്ഷണം കഴിക്കുകയോ വെള്ളം കുടിക്കുകയോ ചെയ്യരുത്.
- രാജ്യത്ത് ലൈസന്‍സില്ലാതെ മദ്യം കൊണ്ട് നടക്കുന്നതും കൈവശം വെക്കുന്നതും കുറ്റകരമാണ്. പൊതുസ്ഥലത്തു മദ്യം കഴിക്കുന്നതും മദ്യലഹരിയില്‍ പൊതുസ്ഥലങ്ങളില്‍ എത്തുന്നതും നിയമം വിലക്കിയിട്ടുണ്ട്.
- രക്തബന്ധമില്ലാത്ത എതിര്‍ലിംഗത്തില്‍ പെട്ടവരുമായി താമസസ്ഥലം പങ്കുവെക്കുന്നതും വിവാഹം കഴിക്കാതെ ഒരുമിച്ച് താമസിക്കുന്നതും തടവും പിഴയും നേടിത്തരുന്ന കുറ്റമാണ്.
ഉത്തരവാദിത്തത്തോടെ പെരുമാറണം
- തൊഴിലുടമയുടെ അനുമതിയില്ലാതെ മറ്റൊരു സ്ഥാപനത്തിനോ വ്യക്തിക്കോ വേണ്ടി ജോലി ചെയ്താല്‍ – പിഴ 50,000 ദിര്‍ഹം
- വിശ്വാസ വഞ്ചന – മൂന്ന് വര്‍ഷത്തെ തടവും പിഴയും
- കൈക്കൂലി വാങ്ങിച്ചാല്‍ – 10 വര്‍ഷം വരെ തടവ്
- കൈക്കൂലി വാഗ്ദാനം ചെയ്താല്‍ – 5 വര്‍ഷം വരെ തടവ്
- തെറ്റായ ആരോപണം ഉന്നയിച്ചാല്‍ – ആറ് മാസം തടവും 3000 ദിര്‍ഹം പിഴയും
- താമസ വിസ കാലാവധി കഴിഞ്ഞാല്‍ – ആദ്യ ആറ് മാസം പ്രതിദിനം 25 ദിര്‍ഹം വീതം, അത് കഴിഞ്ഞാല്‍ 50 ദിര്‍ഹം വീതവും ഒരു കൊല്ലം കഴിഞ്ഞാല്‍ പ്രതിദിനം 1000 ദിര്‍ഹം വീതവും പിഴ നല്‍കണം
- ചൂതുകളി – രണ്ടു വര്‍ഷം തടവും 20,000 ദിര്‍ഹം പിഴയും
- മയക്കു മരുന്ന് കടത്ത്, കൊലപാതകം – ജീവപര്യന്തം തടവ്
- മോഷണം – മൂന്ന് വര്‍ഷത്തില്‍ കൂടാത്ത തടവ്
- രേഖകളില്‍ കൃത്രിമം കാണിച്ചാല്‍ – 10 വര്‍ഷം വരെ തടവ്
Post Your Comments