ഹോളി ആഘോഷിച്ച് മദ്യപിച്ചും ഭാംഗ് കുടിച്ചും ലക്കുകെട്ട മലയാളിയായ അവസാന വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥി അര്‍ധനഗ്‌നനായി പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ അതിക്രമിച്ചു കയറി. ഫെബ്രുവരി 27നാണ് സംഭവമുണ്ടായത്. ഒമ്പതാം നമ്പര്‍ ഹോസ്റ്റലിലെ താമസക്കാരനാണ് പുറത്താക്കപ്പെട്ട വിദ്യാര്‍ത്ഥി. മദ്യപിച്ച് ലക്കുകെട്ട ഇയാള്‍, പെണ്‍കുട്ടികള്‍ താമസിക്കുന്ന ആറാം നമ്പര്‍ ഹോസ്റ്റലിലേക്ക് ഓടിക്കയറുകയായിരുന്നു. ഇതിനിടെ ലുങ്കി അഴിഞ്ഞുപോയ ഇയാള്‍ ഏറെക്കുറെ നഗ്‌നനായാണ് ഹോസ്റ്റലിലെത്തിയത്.
പെണ്‍കുട്ടികള്‍ ഒച്ചവച്ചതിനെത്തുടര്‍ന്ന് സെക്യൂരിറ്റി ജീവനക്കാര്‍ ഓടിയെത്തി വിദ്യാര്‍ത്ഥിയെ പിടികൂടി. ആദ്യം അധികൃതര്‍ സംഭവം ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചെങ്കിലും പെണ്‍കുട്ടികളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് അച്ചടക്ക നടപടി സ്വീകരിക്കുകയായിരുന്നു. പൊലീസില്‍ പരാതിപ്പെടുമെന്ന് പെണ്‍കുട്ടികള്‍ മുന്നറിയിപ്പ് നല്‍കിയതോടെയാണ് ഫെബ്രുവരി 28ന് ഇയാളെ പുറത്താക്കാന്‍ കോളേജ് അധികൃതര്‍ തീരുമാനിച്ചത്.എന്നാല്‍, മദ്യനിരോധനമുള്ള ബീഹാറില്‍ എയിംസിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഹോളി ആഘോഷിക്കാന്‍ മദ്യം എവിടുന്ന് കിട്ടിയെന്ന കാര്യം പൊലീസ് അന്വേഷിക്കുന്നുണ്ട്.
2016 ഏപ്രില്‍ അഞ്ചിനാണ് ബീഹാറില്‍ മദ്യനിരോധനം ഏര്‍പ്പെടുത്തിയത്. മദ്യപിച്ച് അറസ്റ്റിലായാല്‍ പത്തുവര്‍ഷം വരെ തടവുശിക്ഷ കിട്ടാം. ഇതറിയുന്നതുകൊണ്ടാണ് പൊലീസില്‍ പരാതിപ്പെടുമെന്ന പെണ്‍കുട്ടികളുടെ ഭീഷണിക്ക് മുന്നില്‍ അധികൃതര്‍ വഴങ്ങിയത്. പുറത്താക്കപ്പെട്ട വിദ്യാര്‍ത്ഥി മദ്യപിച്ചിരുന്നില്ലെന്നും ഭാംഗാണ് കുടിച്ചതെന്നും എയിംസ് അധികൃതര്‍ പറയുന്നു. വിദ്യാര്‍ത്ഥിയെ കൈയോടെ പിടിച്ച പട്‌ന എയിംസ് അധികൃതര്‍ അച്ചടക്കനടപടിയുടെ പേരില്‍ കോളേജില്‍നിന്ന് മൂന്നുവര്‍ഷത്തേക്ക് പുറത്താക്കുകയും ചെയ്തു.
24 മണിക്കൂറിനകം ഹോസ്റ്റല്‍ വിട്ടുപോണമെന്ന നിര്‍ദേശത്തെത്തുടര്‍ന്ന് മാര്‍ച്ച് ഒന്നിന് വിദ്യാര്‍ത്ഥി നാട്ടിലേക്ക് മടങ്ങി. നാട്ടിലുള്ള രക്ഷിതാക്കളെ വിവരമറിയിച്ച അധികൃതര്‍, ഇയാള്‍ക്കൊപ്പം നാട്ടിലേക്ക് പോകാന്‍ ഒരു ജൂനിയര്‍ വിദ്യാര്‍ത്ഥിയെ ചുമതലപ്പെടുത്തുകയും ചെയ്തു.ഹോസ്റ്റലില്‍ കടന്നുകയറിയ വിദ്യാര്‍ത്ഥിയെ പുറത്താക്കണമെന്നായിരുന്നു പെണ്‍കുട്ടികളുടെ ആവശ്യം.
ഇവരെ സമാധാനിപ്പിക്കുന്നതിന് വേണ്ടി മൂന്നുവര്‍ഷത്തേക്കാണ് പുറത്താക്കിയിട്ടുള്ളത്. അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായതിനാല്‍, കരിയര്‍ തന്നെ അപകടത്തിലാവുന്നതാണ് ഈ നടപടി. പെണ്‍കുട്ടികളുമായി സംസാരിച്ചശേഷം ശിക്ഷ ഇളവ് ചെയ്യുന്ന കാര്യം പരിഗണിക്കുമെന്ന് എയിംസ് ഡയറക്ടര്‍ ഡോ. പി.കെ.സിങ് പറഞ്ഞു. സംഭവത്തെത്തുടര്‍ന്ന് 2013 ബാച്ചിലെ 63 വിദ്യാര്‍ത്ഥികളോടും ഹോസ്റ്റല്‍ ഒന്നില്‍ നിന്ന് ഹോസ്റ്റല്‍ നാലിലേക്ക് മാറാനും അധികൃതര്‍ ആവശ്യപ്പെട്ടു.11 ഹോസ്റ്റലുകളാണ് എയിംസിലുള്ളത്. ഇതിനോട് ചേര്‍ന്ന തുറസായ സ്ഥലത്തായിരുന്നു ഹോളി ആഘോഷം.
Post Your Comments