ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തി മുങ്ങിയ പ്രമുഖ വ്യവസായി നീരവ് മോഡി, തട്ടിപ്പിന് കൂട്ടുനില്‍ക്കാന്‍ ബാങ്കിലെ ഒരു ഉന്നത ഉദ്യോഗസ്ഥന് വജ്രാഭരണങ്ങളും സ്വര്‍ണനാണയങ്ങളും നല്‍കിയതായി സി.ബി.ഐയുടെ കണ്ടെത്തല്‍.
പി.എന്‍.ബിയുടെ മുംബൈ ശാഖയിലെ ഫോറെക്‌സ് വിഭാഗത്തില്‍ മാനേജരായി ജോലി ചെയ്തിരുന്ന യശ്വന്ത് ജോഷിക്കാണ് നീരവ് ഇത്തരത്തില്‍ വിലപിടിപ്പുള്ള വസ്തുക്കള്‍ കൈക്കൂലിയായി നല്‍കിയതെന്നാണ് സി.ബി.ഐയുടെ കണ്ടെത്തല്‍. അറസ്റ്റിലായവരില്‍ ഒരാള്‍ ഇക്കാര്യം സമ്മതിച്ചതായും അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയെ അറിയിച്ചു.
അറുപത് ഗ്രാം തൂക്കം വരുന്ന രണ്ട് സ്വര്‍ണ നാണയങ്ങള്‍, സ്വര്‍ണവും വജ്രവും കൊണ്ട് നിര്‍മ്മിച്ച കമ്മല്‍ എന്നിവയാണ് യശ്വന്ത് നീരവില്‍ നിന്ന് കൈക്കൂലിയായി വാങ്ങിയത്. ഇവ യശ്വന്തിന്റെ വീട്ടില്‍ നിന്നും കണ്ടെടുത്തിയിട്ടുണ്ട്. നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് യശ്വന്ത്.
പതിനാല് പേരെയാണ് പി.എന്‍.ബി തട്ടിപ്പുമായി ബന്ധപ്പെട്ട് ഇതുവരെ സി.ബി.ഐ സംഘം അറസ്റ്റ് ചെയ്തത്. വ്യാജരേഖകളുടെ സഹായത്തോടെ പി.എന്‍.ബിയില്‍നിന്ന് 11,400 കോടിരൂപയുടെ തട്ടിപ്പാണ് നീരവ് മോഡി നടത്തിയത്. തട്ടിപ്പ് പുറത്തുവന്നയുടന്‍ ഇയാള്‍ രാജ്യം വിടുകയായിരുന്നു.
എന്‍ഫോഴ്‌സ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റിന് ലഭിച്ച വിവരമനുസരിച്ച് നീരവ് ഇപ്പോള്‍ ഹോങ്കോങ്ങിലാണ്. മോഡിയുടെയും കൂട്ടുപ്രതിയും അമ്മാവനുമായ മെഹുല്‍ ചോക്‌സിയുടെയും ഇന്ത്യയിലെ സ്വത്ത് വകകള്‍ എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടിയിരുന്നു. ഇതിന് പിന്നാലെ തൊഴിലാളികളോട് വേറെ ജോലി നോക്കാനും ശമ്പളം നല്‍കാന്‍ പണമില്ലെന്നും കാട്ടി ചോക്‌സി നോട്ടീസ് അയച്ചിരുന്നു.
Post Your Comments