നിസാരമെന്ന് കരുതുന്ന പല സാധനങ്ങളും പലപ്പോഴും വലിയ അപകടകാരികളാകാറുണ്ട്.പ്രത്യേകിച്ച് അടുക്കളയിലെ പല വസ്‌തുക്കളും പല രോഗങ്ങൾക്കും വഴിയൊരുക്കാറുണ്ട്. ബാത്‌റൂമിൽ കാണുന്ന അണുക്കളെക്കാൾ അപകടകാരികളാണ് അടുക്കളയിലെ അണുക്കൾ.അവ എങ്ങനെ ഉണ്ടാകുന്നു ഏതെല്ലാം രോഗങ്ങൾക്ക് വഴിയൊരുക്കുന്നു എന്ന് നോക്കാം.
ചപ്പാത്തി പലക
ചപ്പാത്തി പലക തടികൊണ്ടുള്ളതായാൽ ഇതിൽ കൃമികൾ അധികം ഉണ്ടാവും. അതുകൊണ്ട് തടിയല്ലേ എന്ന് വിചാരിക്കാതെ വെള്ളത്തിൽ മുക്കി കഴുകിയെടുത്ത് വെയിലത്തുവെച്ച് ഉണക്കുക.
പച്ചക്കറികൾ മുറിക്കാൻ ഉപയോഗിക്കുന്ന പലകകൾ
നമ്മളിൽ പലരും ചിക്കൻ, മട്ടൻ, ഉള്ളി, തക്കാളി, പഴങ്ങൾ, മറ്റു പച്ചക്കറികൾ എന്നിവയെല്ലാം മുറിച്ചശേഷം കത്തിയും പച്ചക്കറി മുറിക്കുന്നതിന് ഉപയോഗിച്ച പലകയും പ്ലാസ്റ്റിക്ക് ബോർഡും അതേപടി എടുത്തുവെയ്ക്കും. അല്ലെങ്കിൽ വെറുതെ ഒന്ന് കഴുകിവെയ്ക്കും. ഫലം ഇവ ബാക്ടീരിയാകളുടെ വാസസ്ഥലമായി മാറും. അതുകൊണ്ട് എന്തു മുറിച്ചാലും ഉടൻതന്നെ പാത്രം കഴുകുന്ന സോപ്പ് ഉപയോഗിച്ച് നല്ലവണ്ണം കഴുകുക. വിനീഗർ കൊണ്ടും ഇവ കഴുകാവുന്നതാണ്. ആഴ്ചയിൽ ഒരു തവണ സോപ്പുവെള്ളത്തിൽ മുക്കിവച്ച് കഴുകുന്നത് വളരെ നല്ലതാണ്.
ഫ്രിഡ്ജ്
ഫ്രിഡ്ജിലെ വെജിറ്റബിൾ ബോക്സിന്റെ അടിഭാഗത്തുള്ള പച്ചക്കറികളാണ് ആദ്യം അഴുകി തുടങ്ങുക. ഇങ്ങനെ ചീഞ്ഞ പച്ചക്കറികൾ, പഴവർഗ്ഗങ്ങളിലൂടെ ബാക്ടീരിയകൾ ഫ്രിഡ്ജ് മുഴുവൻ വ്യാപിക്കും. അതുകൊണ്ട് മാസത്തിലൊരിക്കൽ ഈ ബോക്സുകളെ സോഡപ്പൊടിയും ഡിറ്റർജന്റെ് ചേർത്ത വെള്ളവും കൊണ്ട് നല്ലവണ്ണം കഴുകി വെയിലത്ത‍് ഉണക്കിയശേഷം ഉപയോഗിക്കുക.
വാഷിങ്ങ് മെഷീൻ
നമ്മുടെ അഴുക്ക് തുണികളിൽ നൂറ് മില്ലിയൻ ബാക്ടീരിയാകൾ ഉണ്ടാവുമത്രെ. ഇത‍് വാഷിങ്ങ് മെഷീനിലിട്ട് അലക്കുമ്പോൾ, ചെറിയ അളവിലാണെങ്കിലും മെഷീനിൽ തങ്ങിനിൽക്കുന്ന വെള്ളത്തിലൂടെ ബാക്ടീരിയാകൾ മെഷീനകത്ത് പെരുകുന്നു. അതുകൊണ്ട് മാസത്തിൽ ഒരു തവണയെങ്കിലും വെള്ളത്തിൽ സോപ്പുപൗഡറിട്ട് മെഷീൻ ഒാടിച്ച് ഈർപ്പം മാറുന്നതുവരെ മെഷിനിന്റെ മൂടി തുറന്നുവെയ്ക്കുക പാന്റീസ് മുതലായ അടിവസ്ത്രങ്ങൾ യാതൊരു കാരണവശാലും വാഷിങ് മെഷീനിലിട്ട് അലക്കരുത‍്. മറ്റുള്ള തുണികളിൽ ഉള്ളതിനേക്കാൾ മൂന്ന് മടങ്ങ് കൃമികൾ അടിവസ്ത്രങ്ങളിലുണ്ടാവും. അടിവസ്ത്രങ്ങൾ കൈകൊണ്ട് അലക്കി പിഴിഞ്ഞ് അതിനു ശേഷം അൽപ്പസമയം ചൂടുവെള്ളത്തിൽ മുക്കിവെച്ച ശേഷം ഉണക്കാനിടുക.
കിച്ചൻ മാറ്റ്
അടുക്കളയിലെ ചവിട്ടികൾ നമ്മുടെ വളർത്തുമൃഗങ്ങളായ പൂച്ച, പട്ടി എന്നിവയുടെ കിടക്കയാണ് പലപ്പോഴും. വളർത്തുമൃഗങ്ങളുടെ ശരീരത്തിലുള്ള പ്രാണികൾ, അഴുക്കുകൾ എന്നിവ നാമറിയാതെതന്നെ ചവിട്ടികളിൽ പറ്റിപ്പിടിച്ചിരിക്കും മാത്രമല്ല ചിതറിവീണ ഭക്ഷണത്തിന്റെ അംശങ്ങൾ, ഇടയ്ക്കിടെ നനയുക എന്നീ കാരണങ്ങളാൽ ടോയ്‍ലെറ്റ് സീറ്റിലുള്ളതിനേക്കാൾ ഇരട്ടി ബാക്ടീരിയകൾ ഈ ചവിട്ടികളിൽ കുടിയേറും. ആഴ്ചയിൽ ഒരിക്കലെങ്കിലും ഈ കിച്ചൻ മാറ്റുകൾ സോപ്പുവെള്ളത്തിൽ കുതിർത്തുവെച്ച് കഴുകി വെയിലത്ത് ഉണക്കി ഉപയോഗിക്കുക. മൂന്നുമാസത്തിലൊരിക്കലെങ്കിലും ഇവ മാറ്റേണ്ടതാണ്.
വാട്ടർടാപ്പ്
അടുക്കളയിലേക്ക് വെള്ളം വരുന്ന ടാപ്പുകളിൽ മിക്കവരും ഫിൽട്ടർ ഘടിപ്പിച്ചിട്ടുണ്ടാവും. എന്നാൽ എപ്പോഴാണ് അതെടുത്ത് വൃത്തിയാക്കുന്നതെന്നകാര്യം പലർക്കും ഒാർമ്മയുണ്ടാവില്ല. മാത്രമല്ല ധൃതിയിൽ പാചകം ചെയ്ത കൈകൊണ്ടുതന്നെ ടാപ്പ് തുറക്കുകയും അടയ്ക്കുകയും ചെയ്യും. ഇങ്ങനെ ദിവസവും ചെയ്താൽ ആ ടാപ്പിൽ എത്രമാത്രം കൃമികൾ പറ്റിപ്പിടിച്ചിട്ടുണ്ടാവും എന്ന് ചിന്തിക്കാവുന്നതേയുള്ളു. അതുകൊണ്ട് ടാപ്പിനെ ചെറുനാരങ്ങയോ, വിനിഗറോ ഉപയോഗിച്ച് ഇടയ്ക്കിടെ ശുദ്ധിയാക്കുന്നതിനോടൊപ്പം ഫിൽട്ടറും മാറ്റുക.
പാത്രം തേയ്ക്കുന്ന സ്ക്രബ്ബർ
ഏറ്റവുമധികം ബാക്ടീരിയാകൾ ഉള്ള ഒരു വസ്തുവാണ് സ്ക്രബ്ബർ. പാത്രങ്ങൾ കഴുകിയശേഷം സ്ക്രബ്ബറിനേയും നല്ലവണ്ണം കഴുകി വൃത്തിയാക്കുക. ഇടയ് ക്കിടെ സ്ക്രബ്ബറുകൾ മാറ്റുന്നതാണ് ആരോഗ്യത്തിന് നല്ലത്.
Post Your Comments