പെരിയ: കോളേജ് ജീവനക്കാരിലൊരാള്‍ ഫോട്ടോയെടുത്ത് അപമാനിച്ചതായി വിദ്യാര്‍ഥിനിയുടെ പരാതി. മറ്റെവിടെയും താമസിക്കാന്‍ സൗകര്യം ലഭിക്കാത്തതിനെത്തുടര്‍ന്ന് കാമ്പസിലെ മള്‍ട്ടി പര്‍പ്പസ് ഹാളില്‍ തങ്ങിയ കേന്ദ്രസര്‍വകലാശാലയിലെ എം.എ. വിദ്യാര്‍ഥിനിയുടെ ജീവനക്കാരിലൊരാള്‍ ഫോട്ടോയെടുത്തും മറ്റും അപമാനിച്ചതായാണ് പരാതി. കഴിഞ്ഞദിവസം ഹോസ്റ്റലില്‍നിന്നു പുറത്താക്കപ്പെട്ട പെണ്‍കുട്ടിയാണ് ബുധനാഴ്ച രാത്രി കാമ്പസിലെ മള്‍ട്ടി പര്‍പ്പസ് ഹാളില്‍ തങ്ങിയത്.
എന്നാല്‍ ഇവിടെ തങ്ങാന്‍ പാടില്ലെന്ന് ജീവനക്കാരന്‍ പറഞ്ഞു. മറ്റെവിടെയും പോകാന്‍ കഴിയില്ലെന്ന് വിദ്യാര്‍ഥിനിയും. തുടര്‍ന്ന് സര്‍വകലാശാലാ അധികാരികള്‍ അറിയിച്ചതിനാല്‍ പോലീസുമെത്തി. പോലീസെത്തി പെണ്‍കുട്ടിയെ ഹാളില്‍നിന്നു മാറ്റാന്‍ ശ്രമിച്ചെങ്കിലും സഹപാഠികള്‍ പ്രതിഷേധിച്ചതിനാല്‍ സാധിച്ചില്ല. അതിനിടെ ജീവനക്കാരന്‍, കിടന്നുറങ്ങുന്ന തന്റെ ഫോട്ടോയെടുത്തെന്ന് വിദ്യാര്‍ഥിനി ആരോപിച്ചു.
സഹപാഠികള്‍ സംഘടിച്ച് കൈയേറ്റം ചെയ്തതായി ജീവനക്കാരന്‍ മുരളി ബേക്കല്‍ പോലീസില്‍ പരാതി നല്കി. കേസ് രജിസ്റ്റര്‍ ചെയ്തതായി പോലീസ് അറിയിച്ചു. അതേസമയം ഹോസ്റ്റലില്‍നിന്നു സസ്പെന്‍ഡ് ചെയ്യപ്പെട്ട വിദ്യാര്‍ഥിനിക്ക് വ്യാഴാഴ്ചയാണ് ഇതുസംബന്ധിച്ച ഉത്തരവ് കൈയില്‍ കിട്ടിയതെന്ന് സഹപാഠികള്‍ പറഞ്ഞു. ഹോസ്റ്റലില്‍നിന്നു പുറത്താക്കപ്പെട്ടതിനാല്‍ വിദ്യാര്‍ഥിനിയുണ്ടാക്കുന്ന കള്ളപ്പരാതിയാണിതെന്ന് സര്‍വകലാശാലാ അധികൃതര്‍ പറയുന്നു. മതിയായ കാരണങ്ങളാലാണ് ഹോസ്റ്റലില്‍നിന്നു പുറത്താക്കിയതെന്നും അധികൃതര്‍ വ്യക്തമാക്കി.
Post Your Comments