ഒറ്റക്കുട്ടിയുടെ ലോകത്തിന് പ്രത്യേകതകള്‍ നിരവധി. സ്വയം സ്യഷ്ടിക്കുന്ന ലോകത്തിലെ രാജാക്കന്മാരാണ് ഒറ്റക്കുട്ടികളില്‍ അധികം പേരും.സിംഗിള്‍ ചൈല്‍ഡ് സ്യഷ്ടിക്കുന്ന പ്രശ്‌നങ്ങളെ എങ്ങനെ പ്രായോഗിക തലത്തില്‍ കൈകാര്യം ചെയ്യാനാകും….
പത്തുമക്കള്‍ ഉണ്ടായിരുന്ന പഴയകാലത്തിന്റെ മക്കള്‍സമ്യദ്ധി കഥകള്‍ ഇന്നത്തെ കാലത്തിനു തമാശക്കഥ മാത്രമായിരിക്കുന്നു.നാം രണ്ട് നമുക്കു രണ്ട് എന്ന ആശയവും ഇപ്പോള്‍ പതിയെ പതിയെ പിന്മാറുകയാണ് .അച്ഛനും അമ്മയും രണ്ടു കുട്ടികളുമെന്ന അണുകുടുംബസങ്കല്പം ഒറ്റക്കുട്ടി എന്ന നിലയിലേക്കു ചുരുങ്ങിക്കഴിഞ്ഞു.മാതാപിതാക്കളുടെ ജോലിത്തിരക്ക്, കുട്ടിയെ നോക്കാനുളള സാഹചര്യക്കുറവ്, ഉയര്‍ന്ന വിദ്യാഭ്യാസ ചിലവ് തുടങ്ങി നിരവധി കാര്യങ്ങള്‍ ഒറ്റക്കുട്ടി മതി എന്ന അഡ്ജസ്റ്റ്‌മെന്റിലേക്ക് കാര്യങ്ങള്‍ കൊണ്ടുചെന്നെത്തിക്കുന്നു.
‘ഒന്നേ ഉള്ളെങ്കില്‍ ഉലക്കയ്ക്കടിച്ചു വളര്‍ത്തണം’ എന്നാണ് പഴമക്കാര്‍ പറഞ്ഞുവെച്ചിട്ടുള്ളത്.അമിത ലാളന കുട്ടിയെ ചീത്തയാക്കുമെന്ന തിരിച്ചറിവാണ് ഈ ചൊല്ലിനു പിന്നിലുളളത്.എന്നാല്‍ കാര്യങ്ങള്‍ നേരെ വിപരീതമായാണ് സംഭവിക്കുന്നത്.അമിതശ്രദ്ധ,ലാളന,പരിഗണന,സ്‌നേഹം ഇതെല്ലാം ഒരാളിലേക്കു കേന്ദ്രീകരിക്കുന്നു.എന്തു ചോദിച്ചാലും വാങ്ങിക്കാടുക്കാന്‍ മാതാപിതാക്കള്‍ മത്സരിക്കുന്ന അവസ്ഥ .ശാഠ്യങ്ങളെന്തും സാധിച്ചുകൊടുക്കുന്നു.പിടിവാശി,സ്വാര്‍ത്ഥത എല്ലാം ഒറ്റക്കുട്ടിയുടെ വ്യക്തിത്വത്തെ പ്രശ്‌ന സങ്കീര്‍ണ്ണമാക്കുന്നു.മാതാപാതാക്കളെ വൈകാരികമായി ബ്ലാക്ക് മെയില്‍ ചെയ്തു കാര്യങ്ങള്‍ നേടിയെടുക്കുന്നതിലും ഒറ്റക്കുട്ടികള്‍ മുന്നിലാണ്.
എന്നാല്‍ പുറം ലോകത്തെത്തുമ്പോള്‍ ഒറ്റക്കുട്ടിയുടെ അവസ്ഥ വ്യത്യസ്ഥമാകുന്നു.വീട്ടില്‍ കിട്ടുന്ന പരിഗണന ഒരിക്കലും പുറം ലോകത്തു ലഭിക്കില്ല.അപ്പോള്‍ അവര്‍ ആകെ അരിക്ഷതാവസ്ഥയിലെത്തുകയും മാനസികമായി തകരുകയും ചെയ്യുന്നു. അമിതമായ പരിഗണന കിട്ടി വളരുന്ന കുട്ടി ക്രമേണ സ്വയം പര്യാപ്തത ഇല്ലാത്ത വ്യക്തിത്വത്തിനു ഉടമയായി തീരുന്നു.അതിവൈകാരികതയും ഒറ്റപ്പെടലും മനക്കരുത്തില്ലായ്മയും അവരുടെ സ്വഭാവത്തിന്റെ ഭാഗമാകുന്നു. ക്ഷമിക്കാനും സഹിക്കാനുമുളള കഴിവിലില്ലായ്മ കാരണം ഇവരെ പ്രശ്‌നക്കാരെന്ന ലേബലിലേക്ക് സമൂഹവും മാറ്റി നിര്‍ത്തുന്നു.എന്നാല്‍ ഒരല്പം ശ്രദ്ധ കൊടുത്താല്‍ ഇവരെ മിടുക്കരാക്കി വളര്‍ത്തിയെടുക്കാനാവും. സിംഗിള്‍ ചൈല്‍ഡിനെ മിടുക്കരായി വളര്‍ത്തിയെടുക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.
സ്‌നേഹം കൊടുക്കുക ഒപ്പം അവരുടെ സ്‌നേഹം നേടിയെടുക്കുക-കളിക്കാന്‍ കൂട്ടുകാരില്ലാത്ത ഒറ്റക്കുട്ടിയുടെ ഏറ്റവും നല്ല ചങ്ങാതിയായി മാതാപിതാക്കള്‍ മാറണം.മാനസികമായ പിന്തുണയും സ്‌നേഹവും കൊടുത്ത് അവരെ വളര്‍ത്തണം. ചോദിക്കുന്നതെന്തും വാങ്ങിക്കൊടുക്കുന്നതു മാത്രമല്ല സ്‌നേഹം.സ്‌നേഹം അറിഞ്ഞു വളരുന്ന കുട്ടി മറ്റുളളവരെ സ്‌നേഹിക്കാനും പഠിക്കുന്നു.
ശ്രദ്ധ നല്‍കുക-ഓഫീസില്‍ നിന്നു തളര്‍ന്നു വരുന്ന അമ്മ കുട്ടിയെ ടി.വിക്കു മുന്നിലേക്കു പറഞ്ഞു വിടുകയാണ് പതിവ്. അച്ഛനാണെങ്കില്‍ വീട്ടിലെത്താന്‍ വീണ്ടും വൈകും.പകല്‍ മുഴുവന്‍ ഡേ കെയറിലും സ്‌ക്കൂളിലുമായി സമയം ചിലവഴിച്ചിട്ടാണ് കുട്ടി വീട്ടിലേക്കെത്തുന്നത്.ആകുട്ടിക്കാണ് വീട്ടുകാരുടെ മനപൂര്‍വ്വമല്ലാത്ത ഇത്തരം അവഗണനകളെ നേരിടേണ്ടി വരുന്നത്. വീടിനുളളിലും അതോടെ അവര്‍ ഒറ്റപ്പെടുന്നു.പോഷകമൂല്യമുളള ഭക്ഷണം കൊണ്ടു മാത്രം പൂര്‍ണ്ണമാകുന്നതല്ല കൂട്ടികളുടെ വളര്‍ച്ച.ശാരീരിക വളര്‍ച്ചക്കൊപ്പമോ അതിലധികമോ പ്രധാന്യം ഉളളതാണ് മാനസിക വളര്‍ച്ചയും.വീട്ടിലെപ്പണികളില്‍ കുട്ടിയെയും ഉള്‍പ്പെടുത്തണം.അടുക്കളയില്‍ അമ്മക്കൊപ്പം കളിച്ചുംരസിച്ചും കുട്ടിയും സന്തോഷമായിരിക്കണം.കുട്ടി ഉറങ്ങും മുമ്പേ അച്ഛനും വീട്ടിലെത്താനായി ശ്രദ്ധിക്കണം.ഒഴിവു ദിവസങ്ങളില്‍ ഔട്ടിങ്ങിനു കൊണ്ടു പോകുക തുടങ്ങിയവയെല്ലാം അവരെ പുറം ലോകത്തോട് കൂടുതല്‍ അടുപ്പിക്കും.കളിക്കുമ്പോഴും മറ്റും സംഭവിക്കുന്ന ചെറിയ വീഴ്ചകെള നിസാരമായി കാണുക.കുട്ടികളുടെ കാര്യത്തില്‍ അമിതമായ ആകാംക്ഷ നല്ലതല്ല. തീയില്‍കുരുത്തതു വെയിലത്തു വാടില്ല.അതാണ് പ്രക്യതി നിയമം.അതിജീവിക്കുന്നവര്‍ക്കുളളതാണ് വിജയം.തൊട്ടാവാടികളാക്കി കുട്ടികളെ വളര്‍ത്തരുത്.അവര്‍ പ്രതിസന്ധികളില്‍ തളര്‍ന്നു പോകും
ആശയവിനിമയം-കുട്ടിയെ കാര്‍ട്ടൂണിനു മുന്നിലിരുത്തിയിട്ട് മറ്റുകാര്യങ്ങളില്‍ മുഴുകുമ്പോള്‍ ഒരു കാര്യം മറക്കരുത് അവര്‍ മറ്റൊരു മാധ്യമത്തിന് തങ്ങളുടെ മുഴുവന്‍ ശ്രദ്ധയും കൊടുക്കുന്നു എന്നത്.വണ്‍ സൈഡ് കമ്മ്യൂണിക്കേഷനില്‍ ഏര്‍പ്പെടുന്ന കുട്ടിക്ക് ചിന്താശേഷിയും ആശയവിനിമയ ശേഷിയും കുറവായിരിക്കും.കുട്ടികളോട് ധാരാളം സംസാരിക്കുക.ഭാഷാ മികവും ആശയവിനിമയ ശേഷിയുംകൂടാന്‍ ഇതു സഹായകമാകും.തെറ്റുകള്‍ തിരുത്തി മുന്നോട്ടു പോകാന്‍ തുറന്ന ആശയവിനിമയം വഴിയൊരുക്കുന്നു.
വായനാശീലം വളര്‍ത്തുക-പുസ്തകമാണ് ഏറ്റവും നല്ല ചങ്ങാതി.ഒറ്റപ്പെടലിന്റെ ലോകത്തുനിന്നു അറിവിന്റെ വിശാലലോകത്തേക്ക് എത്തിക്കാനും ചിന്തകള്‍ വിശാലമാകാനും പുസ്തകങ്ങള്‍ കുട്ടിയെ സഹായിക്കുന്നു.
സഹായിക്കാനും സഹകരിക്കാനും പഠിപ്പിക്കുക-സമൂഹത്തോടെ ഇണങ്ങിച്ചേരാന്‍ കുട്ടിയെ പരിശീല്ിപ്പിക്കണം.വീട്ടില്‍ കളിക്കാനെത്തുന്ന മറ്റു കൂട്ടികള്‍ക്ക് കളിപ്പാട്ടങ്ങളും മറ്റും ഷെയര്‍ ചെയ്യാന്‍ കുട്ടിയെ പ്രേരിപ്പിക്കണം. വേദനിക്കുന്നവരെയും,സഹായം ആവശ്യമുളളവരെയും കരുണയോടെ പരിഗണിക്കുന്ന മാതാപിതാക്കളെ കണ്ടുവളരുന്ന കുട്ടി തീര്‍ച്ചയായും അനുതാപമുളളവനായി മാറും.മാതാപിതാക്കളെ കണ്ടാണ് കുട്ടി പഠിക്കുന്നതെന്ന കാര്യം മറക്കരുത്.വലുപ്പച്ചെറുപ്പമില്ലാതെ ആളുകളോട് ഇടപെടാന്‍ പഠിപ്പിക്കുക.മാനുഷ്യ മൂല്യങ്ങള്‍ പകര്‍ന്നു നല്‍കണം.
സ്വാര്‍ത്ഥത മുളയിലേ നുളളണം-ഒരു കാരണവശാലും കുട്ടിയെ സ്വാര്‍ത്ഥതയുടെ പണിപ്പുരകളാക്കരുത്.ഞാന്‍,എനിക്ക് എന്ന നിലയില്‍ നിന്ന് കുട്ടിയെ പുറത്തുകൊണ്ടുവരണം.നല്ല ഭക്ഷണവും സൗകര്യങ്ങളും കുട്ടിക്കുമാത്രമായി നല്കുന്നത് മാതാപിതാക്കള്‍ അവര്‍ക്കുവേണ്ടി എല്ലാം ത്യജിക്കേണ്ടവരാണെന്ന ചിന്ത അവരില്‍ ഉണ്ടാക്കാന്‍ ഇടയാക്കും. ഭാവിയില്‍ ഇത് അവര്‍ക്കു തന്നെ വിനയാകും.കുട്ടി ഒന്നിന്‍റെയും വിലയറിയാത്തവരായി വളരും.
വിശ്വാസത്തിലെടുക്കുക ആത്മവിശ്വാസം നല്കുക-കുട്ടിയെ നിങ്ങള്‍ വിശ്വസിക്കുന്നു എന്നു വരുമ്പാള്‍ അവരുടെ ആത്മവിശ്വാസം വര്‍ദ്ധിക്കും.എന്തും തുറന്നു പറയാന്‍ നിങ്ങള്‍ ഉണ്ടെന്ന വിശ്വാസം തെറ്റുകളില്‍ നിന്നു അവരെ തിരുത്താനുളള മാര്‍ഗ്ഗം കൂടിയാണ്.ചെറിയജോലികളും ഉത്തരവാദിത്തങ്ങളും നല്കുന്നതും ആത്മ വിശ്വാസം വര്‍ദ്ധിപ്പിക്കും.
പണത്തിന്‍റെ മൂല്യം അറിയിച്ചു വളര്‍ത്തുക-കാണുന്നതും ചോദിക്കുന്നതും എല്ലാം വാങ്ങി നല്‍കരുത. കടം വാങ്ങിയും കുട്ടിയെ സന്തോഷിപ്പിക്കുന്ന രീതി ഒട്ടും നല്ലതല്ല.സ്വന്തം ആവശ്യങ്ങള്‍ സാധിച്ചുതരാനുളള ആളുകള്‍ മാത്രമായി അവര്‍ മാതാപിതാക്കളെ കണക്കാക്കും.പറ്റാത്ത കാര്യങ്ങള്‍ക്ക് നോ പറയാന്‍ കഴിയണം.അലെങ്കില്‍ പണത്തിന്റെ മൂല്യം അറിയാതെ വളരാന്‍ ഇടയാകും. തെറ്റുകള്‍ക്ക ശിക്ഷ നല്‍കേണ്ടി വരുന്ന അവസരത്തില്‍ എന്തിനാണ് ശിക്ഷ നല്‍കിയതെന്നു പറഞ്ഞു മനസിലാക്കണം.തലോടലിനൊപ്പം ശിക്ഷിക്കേണ്ടിടത്ത് അതു നല്‍കാനും മറക്കരുത്.
താരതമ്യം വേണ്ട-ഓരോകുട്ടിയും അതുല്യരാണെന്നു മനസിലാക്കിയാല്‍ തീരുന്ന പ്രശ്‌നമാണ് താരതമ്യപ്പെടുത്തല്‍.ഓരോരുത്തര്‍ക്കും അവരുടേതായ കഴിവുകളുണ്ട്.എത്രശ്രമിച്ചാലും പലര്‍ക്കും ഒഴിവാക്കാനാവാത്ത സ്വഭാവമാണ് താരതമ്യപ്പടുത്തല്‍.തലമുറകളിലായി കൈമാറപ്പെട്ടു വരുന്ന ഈ സ്വഭാവം ബോധപൂര്‍വ്വം തന്നെ ഒഴിവാക്കണം.
Post Your Comments