ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനം കഴിഞ്ഞ് ആഴ്ചകള്‍ പിന്നിടുന്നതിന് മുമ്പ് ഭീകരസംഘടനയായ ഐസിസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന അഞ്ച് പേരെ യു.എ.ഇ ഇന്ത്യയിലേക്ക് നാടുകടത്തി. ഉത്തര്‍ പ്രദേശ് സ്വദേശിയായ റെഹാന്‍ അബീദിയാണ് ഇതില്‍ ഒരാളെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മുംബൈ, ചെന്നൈ എന്നിവടങ്ങളില്‍ നിന്നുമുള്ള മറ്റ് രണ്ടുവീതം ആള്‍ക്കാരെയും കൂടിയാണ് കയറ്റിവിട്ടത്. എന്നാല്‍ ഇവരുടെ പേര് വിവരങ്ങള്‍ വ്യക്തമായിട്ടില്ല. 20 – 25 പ്രായമുള്ള ഇവര്‍ പരസ്പരം അടുത്തറിയുന്നവരും സുഹൃത്തുക്കളുമാണ്.
അബുദാബി വിമാനത്താവളത്തില്‍ നിന്നും കയറ്റി വിട്ട ഇവര്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ കസ്റ്റഡിയിലാണെന്നാണ് വിവരം. ഒരു പ്രമുഖ ദേശീയ മാദ്ധ്യമമാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. അഞ്ച് പേരും മുതിര്‍ന്ന ഐസിസ് ഭീകരരുമായി ആശയവിനിമയം നടത്തിയിരുന്നതായി യു.എ.ഇ പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. വലിയ മതവിശ്വാസികളായ യുവാക്കള്‍ 18 വയസില്‍ തന്നെ ഉംറ തീര്‍ത്ഥാടനം നിര്‍വഹിച്ചിരുന്നു. ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ വന്‍ പ്രതിസന്ധി നിലനില്‍ക്കുന്നതിനിടെയുണ്ടായ ഏറ്റവും വലിയ നാടുകടത്തലാണിതെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.
നേരത്തെ, വിവിധ കേസുകളില്‍ ഇന്ത്യയിലെ ഏജന്‍സികള്‍ തേടിക്കൊണ്ടിരുന്ന തമിഴ്നാട്, കേരള സ്വദേശികളെ അബുദാബി, ദുബായ്, തുര്‍ക്കി എന്നിവിടങ്ങളില്‍ നിന്നും നാടുകടത്തിയിരുന്നു. ഇന്ത്യയ്ക്കെതിരെ യുദ്ധം ചെയ്യുന്നതിനും കൂടുതല്‍ ആളുകളെ സംഘത്തിലേക്ക് ചേര്‍ക്കുന്നതിനും വേണ്ടിയുള്ള ഇവരുടെ സംഭാഷണം യു.എ.ഇ രഹസ്യാന്വേഷണ ഏജന്‍സികള്‍ ചോര്‍ത്തിയതാണ് സംഘത്തെ കുടുക്കാന്‍ ഇടയാക്കിയത്. ഫെബ്രുവരിയില്‍ യു.എ.ഇ സന്ദര്‍ശിക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അബുദാബി കിരീടാവകാശിയും യു.എ.ഇ ഉപസൈന്യാധിപനുമായ ഷെയ്ക് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി ഭീകരവാദം നേരിടുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തിയിരുന്നു.
Post Your Comments