വിവാഹമണ്ഡപത്തിൽനിന്നും മിന്ന് കെട്ടിന് വിസമ്മതിച്ച് വധു ഇറങ്ങിപ്പോയി. മുടിയൊക്കി നീട്ടിവളർത്തിയ ഫ്രീക്കൻ ഭർത്താവിനെ പ്രതീക്ഷിച്ച് മണ്ഡപത്തിലെത്തുമ്പോൾ അവിടെ കാണുന്നതൊരു കഷണ്ടിക്കാരനെയാണെങ്കിൽ ആർക്കാണ് സഹിക്കുക. പെണ്ണിന്റെ അച്ഛന്റെ വാക്കുവിശ്വസിച്ച് ഡൽഹിയിൽനിന്ന് വിവാഹം കഴിക്കാനെത്തിയ ഡോക്ടർക്ക് തീർത്തും അപരിചിതയായ മറ്റൊരു പെൺകുട്ടിയെ വിവാഹം ചെയ്യേണ്ടിവന്നു. ഘോഷയാത്രയായി മണ്ഡപത്തിലെത്തിയ വരൻ, തലപ്പാവ് ഊരിമാറ്റിയപ്പോഴാണ് വധു ഞെട്ടിയത്.
വരൻ കഷണ്ടിക്കാരനാണെന്നറിഞ്ഞപ്പോൾ അവർക്ക് സഹിച്ചില്ല. വിവാഹവേദിയിലെത്തി പരസ്പരം മാല ചാർത്തുകവരെ ചെയ്തശേഷമാണ് പ്രശ്‌നമുണ്ടായത്. വിവാഹവേദിയിൽനിന്ന് പെണ്ണ് ഇറങ്ങിപ്പോയതോടെ, രണ്ട് കുടുംബങ്ങളും പ്രതിസന്ധിയിലായി. രവികുമാർ എന്ന ഡോക്ടറാണ് ബിഹാറിലെ സുഗൗളി ഗ്രാമത്തിൽ വിവാഹത്തിനെത്തി കുടുങ്ങിയത്. ഒരുവർഷം മുമ്പ് രണ്ടുകുടുംബങ്ങളും ചേർന്ന് വിവാഹനിശ്ചയം നടത്തിയിരുന്നെങ്കിലും പെണ്ണും ചെറുക്കനും പരസ്പരം കണ്ടിരുന്നില്ല.വിവാഹം കഴിക്കാതെ ഡൽഹിയിലേക്ക് മടങ്ങില്ലെന്ന് തീരുമാനിച്ച രവികുമാറും കുടുംബവും ഗ്രാമസഭയിൽ പരാതിപ്പെട്ടു.
എന്നാല്‍ അതേ ഗ്രാമത്തിൽനിന്നുതന്നെ മറ്റൊരു പെൺകുട്ടിയെ വധുവായി തിരഞ്ഞെടുക്കാൻ ഗ്രാമസഭ അനുവദിച്ചു. ഒരു പച്ചക്കറിക്കടക്കാരന്റെ മകൾ നേഹാ കുമാരിയെന്ന യുവതിയെയാണ് രവികുമാർ കണ്ടെത്തിയത്. പാളിപ്പോയ ആദ്യ വിവാഹത്തിന്റെ രണ്ടാം നാൾ നേഹാകുമാരിയെ രാംജാനകി അമ്പലത്തിൽവെച്ച് രവികുമാർ മിന്നുകെട്ടി. എങ്ങനെയും വിവാഹം കഴിച്ച് മാനം രക്ഷിക്കാനായതിന്റെ ആഹ്ലാദത്തിലാണ് രവികുമാറും കുടുംബവും. എന്നാൽ, ഗ്രാമസഭയുടെ നിർബന്ധത്തിന് വഴങ്ങി അപ്രതീക്ഷിത വിവാഹം കഴിക്കേണ്ടിവന്നതിന്റെ നടുക്കത്തിലാണ് നേഹാകുമാരി. ഇരുവരുടെയും വിവാഹഫോട്ടോയിൽനിന്നുതന്നെ ഈ മാനസികാവസ്ഥ വ്യക്തവുമാണ്.
Post Your Comments