Latest NewsNewsIndia

അഞ്ചുപേര്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ആ ഭയാനക രാത്രി ഓര്‍മ്മിച്ച് യുവതി: പ്രതികള്‍ക്ക് ശിക്ഷ വാങ്ങിക്കൊടുത്തത് ഇങ്ങനെ

അഞ്ചു പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്ത ആ ഭയാനക രാത്രി ഇപ്പോഴും ആ പെൺകുട്ടിക്ക് പേടി സ്വപ്നമാണ്. പതിനൊന്നാം ക്ലാസ്സിൽ പഠിക്കുമ്പോഴായിരുന്നു അത് നടന്നത്.2015 സെപ്തംബറിലായിരുന്നു അഞ്ചു പേര്‍ അവളുടെ ജീവിതം പിച്ചിച്ചീന്തിയത്. 17 കാരിയായിരുന്ന പെണ്‍കുട്ടിയായിരുന്നു അവള്‍. ഒരു കാറില്‍ അവളെ തട്ടിക്കൊണ്ടു പോയ സംഘം കാട്ടു പ്രദേശത്തേക്ക് കൊണ്ടു പോയി കൂട്ട ബലാത്സംഗം ചെയ്തു. ശാരീരികമായും മാനസികമായും ഉണ്ടായ ആഘാതത്തിൽ നിന്ന് ആ പെൺകുട്ടിക്ക് മുക്തയാകാൻ കാലങ്ങൾ ഏറെയെടുത്തു.

സല്‍വാര്‍ കമ്മീസ് ധരിക്കണം അതാണ് ചേരുന്ന വേഷമെന്ന് ആള്‍ക്കാര്‍ എപ്പോഴും അവളോട് പറയുമായിരുന്നു. ക്രൂരമാര്‍ന്ന വിധി നേരിടേണ്ടി വന്ന രാത്രിയിലും അതു തന്നെയായിരുന്നു അവളുടെ വേഷം. ഇപ്പോഴും സൽവാർ കമ്മീസ് ധരിക്കാൻ പെൺകുട്ടിക്ക് ഭയമാണ്. തനിയെ എങ്ങും പോവില്ല. വെളിയിലിറങ്ങിയാലും ആൾക്കൂട്ടത്തിനൊപ്പം മാത്രം നടക്കാൻ ശീലിച്ചു. അത്തരം കാര്യം ഇനിയും സംഭവിക്കുമോ എന്ന ഭീതി ഇപ്പോഴുമുണ്ട്. അസാധാരണമായ ദുരന്തങ്ങളാണ് ജീവിതം നല്‍കിയത്. സംഭവത്തിന് ശേഷം 2017 ല്‍ മാതാവിന് കാന്‍സറിനോട് മല്ലിടേണ്ടി വന്നു. ഇപ്പോള്‍ കാന്‍സര്‍ അവസാന സ്റ്റേജിലാണ്.

അമ്മയ്ക്ക് കിട്ടുന്ന 1000 രൂപ പെന്‍ഷനാണ് ഇപ്പോള്‍ രണ്ടു പേരുടേയും ജീവന്‍ നിലനിര്‍ത്തുന്നത്്. മരുന്നിനും ഭക്ഷണത്തിനും അയല്‍ക്കാര്‍ സഹായിക്കും.13 മാസം പ്രായമുള്ളപ്പോള്‍ ദത്തെടുക്കപ്പെട്ട പെണ്‍കുട്ടിക്ക് നാലു വയസ്സുള്ളപ്പോള്‍ പിതാവ് മരിച്ചതിന് ശേഷം വീട്ടുവേല ചെയ്തായിരുന്നു മാതാവ് മകളെ സംരക്ഷിച്ചു പോന്നത്. എന്നാല്‍ കാന്‍സര്‍ കണ്ടെത്തിയതിന് ശേഷം മാതാവ് ഇപ്പോള്‍ കിടക്കയില്‍ തന്നെയാണ്.2016 ല്‍ പെണ്‍കുട്ടി ഫെബ്രുവരിയില്‍ സ്കൂളില്‍ പോക്ക് പുനരാരംഭിച്ചു. എല്ലാവരും സാധാരണ പോലെയാണ് പെരുമാറിയത്. എന്നാലും സംഭവത്തെ തുടര്‍ന്നുള്ള വിഷാദം മൂലം പെണ്‍കുട്ടിക്ക് പരീക്ഷ എഴുതുവാനായില്ല.

സംഭവത്തിന്റെ വിചാരണ സമയത്ത് ഇരയെയും മാതാവിനെയും സമീപിച്ച്‌ പ്രതികളുടെ കുടുംബം പല രീതിയില്‍ അപമാനിക്കുമായിരുന്നു. കേസ് പിന്‍ വലിക്കാന്‍ ആവശ്യപ്പെട്ട് ഓരോ പ്രതികളും അഞ്ചു ലക്ഷം രൂപ വീതവുമായി സമീപിക്കുകയും ചെയ്തിരുന്നു. പണം എടുത്ത് കേസ് അവസാനിപ്പിക്കാനായിരുന്നു മിക്കവരുടേയും ഉപദേശം. എന്നാല്‍ എന്തു സംഭവിച്ചാലും പണം എടുക്കില്ലെന്നായിരുന്നു പെണ്‍കുട്ടിയുടെ മറുപടി.

വ്യാഴാഴ്ച കേസ് പരിഗണിച്ച പ്രാദേശിക കോടതി 25 വര്‍ഷം തടവിനായിരുന്നു അഞ്ചു പേരെയും ശിക്ഷിച്ചത്. ഇതിൽ അവൾ സംതൃപ്തയാണ്. ഒരു ജോലി ലഭിച്ച് ആദ്യ ശമ്പളം അമ്മക്ക് നൽകുവാനാണ്‌ പെൺകുട്ടിയുടെ തീരുമാനം. ഇപ്പോൾ പെൺകുട്ടി സംഗീതത്തിൽ ബിരുദത്തിനു പഠിക്കുകയാണ്. പലരും വിവാഹം ചെയ്യാൻ ഉപദേശിക്കുന്നുണ്ടെങ്കിലും അവൾക്ക് അതിനുള്ള ധൈര്യമില്ല..

shortlink

Related Articles

Post Your Comments

Related Articles


Back to top button