സംസ്ഥാനത്ത് ഭൂമി കൈമാറ്റത്തിന് പുതിയ നിയമം. ഭൂവിനിയോഗവും കൈമാറ്റവും സംബന്ധിച്ച നടപടിക്രമങ്ങള്‍ സുതാര്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നിയമം വരുന്നത്. ഭൂമിയുടെ ക്രയവിക്രയത്തില്‍ റവന്യൂ, രജിസ്ട്രേഷന്, സര്‍വെ വകുപ്പുകളുടെ നടപടികള്‍ ഏകോപിപ്പിക്കുന്ന ദ കേരള ലാന്ഡ് അഡ്മിനിസ്ട്രേഷന് ആന്ഡ് മാനേജ്മെന്റ് (കേരള ഭൂനിര്‍വഹണവും കൈകാര്യം ചെയ്യലും) നിയമത്തിന്റെ കരട് രൂപമായി.
നിയമത്തില്‍ വേണ്ട മാറ്റങ്ങളെക്കുറിച്ച് ശുപാര്ശ നല്കാന്‍ മാര്ച്ച് അഞ്ചിന് രജിസ്ട്രേഷന് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം തിരുവനന്തപുരത്ത് ചേരും. ഭൂമിയുടെ കൈകാര്യവുമായി ബന്ധപ്പെട്ട് നിലവിലുള്ള സര്‍വേ, ഭൂമിയുടെ സ്വഭാവം നിര്ണയിക്കുന്ന ഭൂപടവും രേഖകളും തയ്യാറാക്കല്‍, ഭൂനികുതി ഈടാക്കല് എന്നിവ നിയമത്തിന്റെ പരിധിയില്‍ വരും. ഉടസ്ഥാവകാശവും തണ്ടപ്പേരും മാറ്റല്, അവകാശികളില്ലാത്തതും പിടിച്ചെടുത്തതുമായ ഭൂമിയുടെ വിനിയോഗവും പാട്ടം നല്കലും തുടങ്ങിയവയില് കാലാകാലങ്ങളില് ഇറക്കിയ നിര്ദേശങ്ങള് വഴിയുണ്ടായ അവ്യക്തത ഒഴിവാക്കാനും ഈ പുതിയ നിയമം സഹായകമാകും.
പുതിയ നയം പ്രാബല്യത്തില്‍ വരുന്നതോടെ ഭൂമി ക്രയവിക്രയവുമായി ബന്ധപ്പെട്ട് സര്ക്കാര്‍, ലാന്ഡ് റവന്യൂ കമ്മിഷണര്‍, റവന്യൂ ബോര്ഡ്, സര്‍വേ ഡയറക്ടര്, രജിസ്ട്രേഷന് ഐ. ജി. തുടങ്ങിയവര്‍ പലതവണയായി ഇറക്കിയിട്ടുള്ള ചട്ടങ്ങളും നിര്ദേശങ്ങളും അസാധുവാകും. കൂടാതെ സ്വതന്ത്ര വകുപ്പുകളായ സര്‍വേ, രജിസ്‌ട്രേഷന്‍ എന്നിവ റവന്യൂ വകുപ്പിന് കീഴിലാവും. സര്‍വേ വകുപ്പിലെ ജീവനക്കാരെ റവന്യൂവിന്റെ ഭാഗമാക്കി കളക്ടറേറ്റ്, വില്ലേജ് ഓഫീസുകളില്‍ പുനര്‍വിന്യസിക്കുകായും ചെയ്യും.
എന്നാല്‍ സംസ്ഥാനത്ത് ഇതുവരെ നില നിന്നിരുന്ന ചില നിയമങ്ങള്‍ പുതിയ നിയമത്തോടെ ഇല്ലാതാകും. ഏകദേശം പത്തു നിയമങ്ങള്‍ അങ്ങനെ അസാധുവാകുന്ന കൂട്ടത്തിലുണ്ട്. അവ കണ്ടുകൃഷി ഭൂമി കൈമാറ്റച്ചട്ടം (1958), കേരള ഭൂനികുതി നിയമം (1961), കേരള സര്‍വേയും അതിര്‍ത്തി നിര്‍ണയിക്കലും നിയമം (1961), തിരിച്ചുപിടിച്ച അവകാശികളില്ലാത്ത ഭൂമി നിയമം (1964), ഭൂമി ഉടമസ്ഥാവകാശ കൈമാറ്റനിയമം (1966), ഭൂവിനിയോഗ നിയമം (1967), ശ്രീപാദം ഭൂമി സ്വതന്ത്രമാക്കല്‍ നിയമം (1969), ശ്രീപണ്ടാരവക കൈവശപ്പെടുത്തലും സ്വതന്ത്രമാക്കലും) നിയമം (1971), സേവന സഹായ (കൈവശപ്പെടുത്തലും സ്വതന്ത്രമാക്കലും) നിയമം (1981), നെല്‍വയല്‍ നീര്‍ത്തടസംരക്ഷണ നിയമം (2008) എന്നിവയാണ്.
പവിത്ര പല്ലവി
Post Your Comments