മുംബൈ: അന്തരിച്ച നടി ശ്രീദേവിയുടെ സംസ്‌കാരം സംബന്ധിച്ച് കപൂര്‍ കുടുംബം തീരുമാനം എടുത്തു. ശ്രീദേവിയുടെ സംസ്‌കാരം ബുധനാഴ്ച കഴിഞ്ഞ് മൂന്നരയ്ക്ക് നടക്കും. മുബൈയിലെ പാര്‍ലെ സേവ സമാജ് ഹിന്ദു ശ്മശാനത്തിലാണ് സംസ്‌കാരം. കപൂര്‍-അയ്യപ്പന്‍ കുടുംബത്തിന്റെ സംയുക്ത പത്രക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാവിലെ 09.30 മുതല്‍ 12.30 വരെ അന്ധേരിയിലെ സെലിബ്രേഷന്‍ സ്‌പോര്‍ട്‌സ് ക്ലബില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. പൊതുജനങ്ങള്‍ക്ക് ഇവിടെയെത്തി പ്രിയ താരത്തിന് അന്ത്യാജ്ഞലി അര്‍പ്പിക്കാം. രണ്ട് മണിക്ക് സെലിബ്രേഷന്‍ ക്ലബില്‍ നിന്ന് ശ്രീദേവിയുടെ അന്ത്യയാത്ര ആരംഭിക്കും. കൃത്യം മൂന്നരയ്ക്ക് തന്നെ സംസ്‌കാരം നടക്കുമെന്നും കുടുംബം അറിയിച്ചു.
ദുബായിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വൈകുന്നേരം മുന്നരയോടെയാണ് ശ്രീദേവിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയത്. കപൂര്‍ കുടുംബാംഗങ്ങളും ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതരും ചേര്‍ന്നാണ് ശ്രീദേവിയുടെ മൃതദേഹം മോര്‍ച്ചറില്‍ നിന്നും എറ്റുവാങ്ങിയത്. മരണത്തില്‍ ദുരൂഹതയില്ലെന്ന് വ്യക്തമാക്കി ദുബായ് പോലീസ് ക്ലിയറന്‍സ് ലെറ്റര്‍ നല്‍കിയതോടെയാണ് മൃതദേഹം വിട്ടുകിട്ടുന്നതിനുള്ള തടസം നീങ്ങിയത്. തുടര്‍ന്ന് മുഹ്‌സിനയിലെ മെഡിക്കല്‍ സെന്ററിലെത്തിച്ച് മൃതദേഹം എംബാം ചെയ്തു.
എംബാം ചെയ്ത ശേഷം വൈകുന്നേരം ആറരയോടെയാണ് ദുബായ് വിമാനത്താവളത്തില്‍ നിന്നും ശ്രീദേവിയുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിമാനം പുറപ്പെട്ടത്. വ്യവസായി അനില്‍ അംബാനിയുടെ സ്വകാര്യ വിമാനത്തിലാണ് മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടു പോന്നത്. പത്ത് മണിക്ക് മുംബൈയില്‍ എത്തുന്ന മൃതദേഹം ലോന്ദ്വാലയിലെ ശ്രീദേവിയുടെ വസതിയിലേക്ക് കൊണ്ടുപോകും.
അതേസമയം ശ്രീദേവിയുടെ മരണത്തിലെ അന്വേഷണം അവസാനിപ്പിച്ചതായി ദുബായ് പോലീസ് വ്യക്തമാക്കി. പരാതി ലഭിച്ചാല്‍ മാത്രം തുടരന്വേഷണം നടത്തും. താമസിച്ചിരുന്ന ഹോട്ടലിലെ ബാത്ത് ടബ്ബില്‍ ശ്രീദേവി മുങ്ങിമരിച്ചുവെന്ന കണ്ടെത്തല്‍. പ്രോസിക്യുഷന്‍ ശരിവച്ചു. ശ്വാസകോശത്തില്‍ വെള്ളം കയറിയതാണ് മരണകാരണം. ശ്രീദേവിയുടെ ശരീരത്തില്‍ മദ്യത്തിന്റെ സാന്നിധ്യവും കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂറിനേയും ഹോട്ടല്‍ ജീവനക്കാരെയും ചോദ്യം ചെയ്തിരുന്നു.
Post Your Comments