KeralaCinemaLatest News

മാനവികതയില്‍ അധിഷ്ഠിതമായ ഉന്നത കലാമൂല്യമുള്ള സിനിമകള്‍ മലയാളത്തിലുണ്ടാവണം: മുഖ്യമന്ത്രി

തിരുവനന്തപുരം ; മാനവികതയില്‍ അധിഷ്ഠിതമായ ഉന്നത കലാമൂല്യമുള്ള സിനിമകള്‍ മലയാളത്തില്‍ സൃഷ്ടിക്കാന്‍ ചലച്ചിത്രപ്രവര്‍ത്തകര്‍ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മലയാള സിനിമയുടെ നവതി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം നിശാഗന്ധിയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കലയെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തെയും അടിച്ചമര്‍ത്തുന്ന ഫാസിസ്റ്റ് പ്രവണതകള്‍ ശക്തിപ്പെട്ടുകൊണ്ടിരിക്കുന്നു. മതമൗലികവാദികള്‍ക്കിടയില്‍ അസഹിഷ്ണുത വര്‍ദ്ധിച്ചു വരുന്ന കാലമാണിത്. ജാതിചിന്തകള്‍ ശക്തമാകുന്ന ഭീതിജനകമായ കാഴ്ചയാണിപ്പോള്‍. ആദിവാസി യുവാവിനെ തല്ലിക്കൊല്ലുകയും ദളിത് കലാകാരന്റെ മൃതദേഹത്തോട് അനാദരവ് കാട്ടുകയും ചെയ്യുന്നത് നാം കണ്ടു. ഈ കാലഘട്ടത്തില്‍ കേരളത്തിന്റെ നവോത്ഥാന മൂല്യങ്ങള്‍ തിരിച്ചുപിടിക്കേണ്ടതുണ്ട്. ഈ വെല്ലുവിളി ഏറ്റെടുക്കാന്‍ ചലച്ചിത്ര കലാകാരന്‍മാര്‍ തയ്യാറാവണം.

നവോത്ഥാന കേരളം പിന്‍തിരിഞ്ഞു നടന്നതിനൊപ്പം മലയാള സിനിമയും ഇടക്കാലത്ത് പിന്നോട്ടുപോയി. ചില സിനിമകള്‍ കേരളത്തിന്റെ മതേതരമൂല്യത്തിനേല്‍പ്പിച്ച ആഘാതം ചെറുതല്ല. ആണ്‍കോയ്മയുടെ ആധിപത്യത്തില്‍ സ്ത്രീ സമൂഹം അധിക്ഷേപിക്കപ്പെടുന്ന സ്ഥിതിയുണ്ടായി. മണ്ണിനോടും മനുഷ്യനോടും കൂറുള്ള ചലച്ചിത്ര പ്രവര്‍ത്തകരാണ് മലയാള സിനിമയ്ക്ക് അഭിമാനകരമായ നേട്ടങ്ങള്‍ നേടിക്കൊടുത്തതെന്ന് പുതിയ സംവിധായകര്‍ ഓര്‍ക്കണം. മലയാള സിനിമ മണ്ണും മനുഷ്യനും പൊള്ളുന്ന ജീവിതവും പ്രതിഫലിപ്പിക്കുന്ന സംസ്‌കാരത്തില്‍ നിന്ന് അകന്ന് കേവലം കൗതുക സിനിമകള്‍ സൃഷ്ടിക്കുന്ന രീതിയിലേക്ക് മാറിയിട്ടുണ്ട്. സാങ്കേതിക വിദ്യയുടെ കാലത്ത് സിനിമയില്‍ വര്‍ണപ്പൊലിമ നിറയുന്നു.

ALSO READ ;കരിപ്പൂര്‍ എയര്‍പ്പോട്ടിലെ മോഷണം; വിശദീകരണവുമായി മുഖ്യമന്ത്രി

ഓരോ കാലത്തെയും ജീവിതാവസ്ഥയെ മാറ്റിമറിച്ച സമര ഇടപെടലുകളെ മലയാള സിനിമ അടയാളപ്പെടുത്തിയിട്ടുണ്ട്. കോളനിവാഴ്ചയ്‌ക്കെതിരെ നിലകൊണ്ട സ്വാതന്ത്ര്യ പ്രസ്ഥാനങ്ങളും ജാതീയതയ്‌ക്കെതിരെ പ്രവര്‍ത്തിച്ച നവോത്ഥാന പ്രസ്ഥാനങ്ങളും ജന്‍മിത്വത്തിനും സാമ്രാജ്യത്വത്തിനുമെതിരായ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളും മലയാള സിനിമയുടെ ആദ്യകാലത്തെ കാര്യമായി സ്വാധീനിച്ചിട്ടുണ്ട്. കേരളത്തിന്റെ ജീവിത പുരോഗതിയെ സാംസ്‌കാരികമായി പ്രതിഫലിപ്പിക്കാനും സിനിമയ്ക്ക് കഴിഞ്ഞിട്ടുണ്ട്. കേരള സംസ്‌കാരത്തെ ശക്തിപ്പെടുത്തുന്നതിനും നവീകരിക്കുന്നതിനും മികച്ച സംഭാവന അന്നത്തെ സിനിമകള്‍ നല്‍കി. സാംസ്‌കാരികമായ നയതന്ത്ര ദൗത്യം അന്താരാഷ്ട്രതലത്തില്‍ വിജയകരമായി ഏറ്റെടുക്കാന്‍ കഴിഞ്ഞ മാധ്യമമാണ് സിനിമ. ഉയര്‍ന്ന സാക്ഷരതയ്‌ക്കൊപ്പം ഉന്നതമായ ദൃശ്യസാക്ഷരതയും ചലച്ചിത്രാസ്വാദന ശേഷിയുമുള്ള നാടായാണ് കേരളം ലോകമാകെ അറിയപ്പെടുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button