Latest NewsKeralaNews

സമാപന സമ്മേളനത്തിൽ യെച്ചൂരിയും പിണറായിയും ഏറ്റുമുട്ടിയപ്പോൾ

തൃശൂര്‍: കമ്മ്യൂണിസ്റ്റ് സംസ്ഥാനസമ്മേളനത്തിൽ യെച്ചൂരിയും പിണറായിയും ഏറ്റുമുട്ടി. കോൺഗ്രസ് ബന്ധത്തിൽ ഭിന്നനിലപാടുകള്‍ പരസ്യമായി ഇരുവരും പ്രഖ്യാപിക്കുകയായിരുന്നു. സമാപന പൊതുയോഗം ഉദ്ഘാടനം ചെയ്ത യെച്ചൂരി തെരഞ്ഞടുപ്പ് സഖ്യം ഇല്ലെങ്കിലും ബിജെപിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസുമായി നീക്കുപോക്ക് വേണമെന്നാണ് പാര്‍ട്ടിലൈനെന്ന് ആവര്‍ത്തിച്ചു. ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് പാര്‍ട്ടി കോണ്‍ഗ്രസാണെന്ന് സംസ്ഥാന നേതാക്കളെ ഓര്‍മ്മിപ്പിക്കുകയും ചെയ്തു.

പാര്‍ട്ടിയില്‍ ഭിന്നാഭിപ്രായമുള്ളവരുണ്ടാകാം. എന്നാല്‍ ഭൂരിപക്ഷാഭിപ്രായപ്രകാരം തീരുമാനമെടുത്ത് കഴിഞ്ഞാല്‍ എല്ലാവരും അതുള്‍ക്കൊള്ളണം.ഹൈദരാബാദിലെ പാര്‍ട്ടികോണ്‍ഗ്രസില്‍ പിണറായി-കാരാട്ട് സഖ്യത്തിന്റെ നിലപാടിനെ പരാജയെപ്പടുത്തുമെന്നുള്ള സൂചനയായിരുന്നു യെച്ചൂരിയുടെ വാക്കുകള്‍.

തുടര്‍ന്ന് സംസാരിച്ച പിണറായി ഇതിനെ രൂക്ഷമായി വിമര്‍ശിക്കുകയായിരുന്നു. പാര്‍ട്ടി സമ്മേളനങ്ങള്‍ അഭ്യൂഹങ്ങള്‍ ബാക്കിവച്ച്‌ അവസാനിപ്പിക്കരുത്. ഇത് പാര്‍ട്ടി ശത്രുക്കള്‍ മുതലെടുക്കുകയാണ്. കേരളത്തില്‍ ബ്രാഞ്ച് തലം മുതല്‍ ജില്ലാ സമ്മേളനം വരെ പൂര്‍ത്തിയായത് ഒരു അഭ്യൂഹവും ബാക്കിവെക്കാതെയാണ്. തലയെണ്ണിമാത്രമല്ല എല്ലാക്കാര്യവും തീരുമാനിക്കുന്നത്. വര്‍ഗ്ഗശത്രുക്കള്‍ ആരൊക്കെയെന്ന കാര്യത്തില്‍ കേരളത്തിലെ പാര്‍ട്ടിപ്രവര്‍ത്തകര്‍ക്ക് സംശയമില്ല. ഒരുകാര്യത്തിലും യോജിച്ച്‌ നില്‍ക്കാവുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസ്.സംസ്ഥാനത്ത് ബിജെപിക്ക് ആദ്യമായി നിയമസഭാംഗത്വം ലഭിച്ചത് കോണ്‍ഗ്രസിന്റെ നിലപാട് മൂലമാണെന്ന് പിണറായി പറഞ്ഞു.

പ്രതിനിധി സമ്മേളനത്തിലെ ഉദ്ഘാടനപ്രസംഗത്തിലും ചര്‍ച്ചക്ക് മറുപടി പറഞ്ഞപ്പോഴും വ്യക്തമാക്കിയ തന്റെ നിലപാട് തന്നെയാണ് യെച്ചൂരി ഇന്നലെയും ആവര്‍ത്തിച്ചത്. ഇതിനെതിരെ പ്രതിനിധി സമ്മേളനത്തില്‍ വിമര്‍ശനമുന്നയിച്ചവരെ മറുപടി പ്രസംഗത്തില്‍ യെച്ചൂരി കടന്നാക്രമിക്കുകയും ചെയ്തിരുന്നു. ഇതിനുള്ള മറുപടി കൂടിയാണ് പിണറായി പൊതുസമ്മേളനത്തില്‍ പ്രകടിപ്പിച്ചതെന്നാണ് വിലയിരുത്തല്‍. പ്രതിനിധി സമ്മേളനത്തില്‍ പിണറായി പ്രസംഗിച്ചിരുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button