കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമിയിടപാട് വിവാദത്തില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് ഹൈക്കോടതിയുടെ വിമര്‍ശം. രാജ്യത്തെ നിയമമൊന്നും കര്‍ദ്ദിനാളിന് ബാധകമല്ലേയെന്ന് കോടതി ആരാഞ്ഞു. സഭയുടെ ഭൂമിയിടപാടില്‍ താന്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ നടപടിയെടുക്കാന്‍ അധികാരം മാര്‍പാപ്പയ്ക്ക് മാത്രമാണെന്ന കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ അഭിഭാഷകന്‍ വാദിച്ചതിനെത്തുടര്‍ന്നാണ് ഹൈക്കോടതി ഇക്കാര്യം ആരാഞ്ഞത്.
കാനോന്‍ നിയമപ്രകാരമാണ് പള്ളിക്കാര്യങ്ങള്‍ നടക്കുന്നതെന്ന് കര്‍ദ്ദിനാളിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. അതുകൊണ്ടുതന്നെ ക്രമക്കേട് നടന്നിട്ടുണ്ടെങ്കില്‍ നടപടിയെടുക്കാനുള്ള അധികാരമുള്ളത് മാര്‍പാപ്പയ്ക്ക് മാത്രമാണ്. പരാതിയുമായി പലരും മാര്‍പാപ്പയെ സമീപിച്ചതാണ്. എന്നാല്‍, തനിക്കെതിരെ നീക്കങ്ങളൊന്നും ഉണ്ടായില്ല. താന്‍ തെറ്റു ചെയ്തിട്ടില്ലെന്നാണ് ഇത് തെളിയിക്കുന്നതെന്നും കര്‍ദ്ദിനാള്‍ അഭിഭാഷകന്‍ വഴി കോടതിയെ അറിയിച്ചു.
നോട്ട് നിരോധനം മൂലമാണ് ഭൂമിയിടപാടില്‍ ഉദ്ദേശിച്ച പണം കിട്ടാതിരുന്നതെന്നും കര്‍ദ്ദിനാള്‍ ഹൈക്കോടതിയെ അറിയിച്ചു. ഐപിസി 460 വകുപ്പ് പ്രകാരം കേസില്‍ വിശ്വാസവഞ്ചനാക്കുറ്റം നിലനില്‍ക്കുമോ എന്ന് പരിശോധിക്കുകയാണെന്ന് കോടതി വ്യക്തമാക്കി. ഇന്ത്യയിലെ ക്രിമിനല്‍ നിയമലംഘനത്തില്‍ മാര്‍പാപ്പയുടെ നിയമത്തിന് പ്രസക്തിയില്ലെന്നും കോടതി പറഞ്ഞു. വത്തിക്കാന്റെ തീരുമാനങ്ങള്‍ ആഭ്യന്തര കാര്യങ്ങളില്‍ മാത്രമേ ബാധകമാവൂ എന്നും കോടതി വ്യക്തമാക്കി.
Post Your Comments