ദുബായ്•ലോകത്തെ ശക്തമായ പാസ്പോര്‍ട്ടുകളുടെ പട്ടികയില്‍ മൂന്ന് സ്ഥാനം മെച്ചപ്പെടുത്തി യു.എ.ഇ. നേരത്തെ 25 ാം സ്ഥാനത്തായിരുന്ന യു.എ.ഇ പാസ്പോര്‍ട്ട് ഇപ്പോള്‍ 22 ാം സ്ഥാനത്താണ്.
ഗള്‍ഫ്, മധ്യപൂര്‍വ പ്രദേശങ്ങള്‍, വടക്കന്‍ ആഫ്രിക്കന്‍ മേഖല എന്നിവിടങ്ങളിലെ അറബ് രാജ്യങ്ങളിലെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ട് യു.എ.ഇയുടേതാണ്.
യു.എ.ഇ പാസ്പോര്‍ട്ട് വാഹകര്‍ക്ക് 138 രാജ്യങ്ങളില്‍ വിസ-ഫ്രീയായി പ്രവേശിക്കാം. ഒന്നാം സ്ഥാനത്തുള്ള സിംഗപ്പൂര്‍ പാസ്പോര്‍ട്ട് കൈവശമുള്ളവര്‍ക്ക് 162 രാജ്യങ്ങളില്‍ വിസ-ഫ്രീ പ്രവേശനം അനുവദിക്കുന്നുണ്ട്.
സിംഗപ്പൂരും ദക്ഷിണ കൊറിയയുമാണ് ഒന്നാം സ്ഥാനത്തുള്ളത്. ജര്‍മ്മനിയും ജപ്പാനും രണ്ടാം സ്ഥാനം പങ്കിടുമ്പോള്‍ ഡെന്മാര്‍ക്ക്, സ്വീഡന്‍, ഫിന്‍ലന്‍ഡ്, ഇറ്റലി, ഫ്രാന്‍സ്, സ്പെയിന്‍ തുടങ്ങിയ രാജ്യങ്ങള്‍ മൂന്നാം സ്ഥാനം പങ്കിടുന്നു.
യു.കെ, ലക്സംബര്‍ഗ്, നോര്‍വേ, നെതര്‍ലന്‍ഡ്‌സ്, ബെജിയം, ഓസ്ട്രിയ, പോര്‍ച്ചുഗല്‍ തുടങ്ങിയ രാജ്യങ്ങളാണ് നാലാം സ്ഥാനത്ത്. സ്വിറ്റ്സര്‍ലന്‍ഡ്, അയര്‍ലന്‍ഡ്,കാനഡ, എന്നിവരോടൊപ്പം അമേരിക്ക അഞ്ചാം സ്ഥാനം പങ്കിടുന്നു.
ഗള്‍ഫ് രാജ്യങ്ങളില്‍ കുവൈത്ത് 49 ാം സ്ഥാനത്തും സൗദി അറേബ്യ 60 ാം സ്ഥാനത്തുമാണ്. ഫിലിപ്പൈന്‍സ് പാസ്പോര്‍ട്ട് സാംബിയ സിംബാബ്‌വേ എന്നീ രാജ്യങ്ങള്‍ക്കൊപ്പം 68 ാം സ്ഥാനത്താണ്. ഈ പാസ്പ്പോര്‍ട്ട് വാഹകര്‍ക്ക് 68 രാജ്യങ്ങളില്‍ വിസ-രഹിതമായി പ്രവേശിക്കാം.
പട്ടികയില്‍ ഇന്ത്യ 73 ാം സ്ഥാനത്താണ്. പാക്കിസ്ഥാന്റെ റാങ്ക് 94 ആണ്. ഇന്ത്യയ്ക്കൊപ്പം സെനഗലും ഹെയ്ത്തിയും 73 ാം സ്ഥാനത്തുണ്ട്.
ഇന്ത്യന്‍ പാസ്പോര്‍ട്ട് വാഹകര്‍ക്ക് 57 രാജ്യങ്ങളില്‍ വിസ-രഹിത പ്രവേശനം ലഭിക്കും. പാക്കിസ്ഥാന്‍ പാസ്പോര്‍ട്ട് വാഹകര്‍ക്ക് 30 രാജ്യങ്ങളിലാണ് വിസ-രഹിത പ്രവേശനം ലഭിക്കുന്നത്.
പട്ടികയില്‍ പാക്കിസ്ഥാന് പിറകില്‍ ഇറാഖും അഫ്ഗാനിസ്ഥാനും മാത്രമാണ് ഉള്ളത്. പാക്കിസ്ഥാന് തൊട്ടുമുന്നില്‍ 93 ാം സ്ഥാനത്ത് സിറിയയാണ്. ബംഗ്ലാദേശ് 90 ാം സ്ഥാനത്താണ്. ഇന്ത്യയുടെ മറ്റ് അയല്‍ രാജ്യങ്ങളായ ശ്രീലങ്കയും നേപ്പാളും 89 ാം സ്ഥാനത്താണ്. 86 ാം സ്ഥാനത്താണ് മ്യാന്മാര്‍ (ബര്‍മ്മ). ഭൂട്ടാന്‍ 76 ാം സ്ഥാനത്തും.
Post Your Comments