Latest NewsKeralaNews

അഴിമതി കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയില്‍ ഈ രാജ്യം 29ാം സ്ഥാനത്ത്

ദോഹ: അഴിമതി കുറഞ്ഞ 180 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ 29ആം സ്ഥാനത്ത്. ട്രാന്‍സ്‌പെരന്‍സി ഇന്റര്‍നാഷണല്‍ സര്‍വെയിലാണ് കണക്കുകള്‍ വ്യക്തമാക്കിയിരിക്കുന്നത്. ഭരണനിയന്ത്രണം, സുതാര്യത എന്നിവയില്‍ ഖത്തറിനു നൂറില്‍ 63 പോയിന്റ് ലഭിച്ചു. ഇത് 25ാം വര്‍ഷമാണ് അഴിമതിയുടെ തോത് സംബന്ധിച്ച വാര്‍ഷിക റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നത്.

സര്‍വേയില്‍ ഉള്‍പ്പെട്ട മൂന്നില്‍ രണ്ടു രാജ്യങ്ങളിലും കടുത്ത അഴിമതിയുണ്ടെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. വ്യത്യസ്ത 13 ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് പൊതുമേഖലയിലെ അഴിമതി ട്രാന്‍സ്‌പെരന്‍സി ഇന്റര്‍നാഷനല്‍ കണക്കാക്കുന്നത്. ലോക ബാങ്ക്, ലോക സാമ്പത്തിക ഫോറം, ബെര്‍ട്ല്‍സ്മാന്‍ ഫൗണ്ടേഷന്‍, ഇക്കണോമിക് ഇന്റലിജന്റ്‌സ് യൂണിറ്റ് തുടങ്ങിയ സ്ഥാപനങ്ങളുടെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് റാങ്ക് നിശ്ചയിക്കുന്നത്. പോയിന്റ് കുറവുള്ള രാജ്യങ്ങളില്‍ അഴിമതി കൂടുതലും പോയിന്റ് കൂടുതലുള്ള രാജ്യങ്ങളില്‍ അഴിമതി കുറവുമാണ്. മുന്‍ വര്‍ഷങ്ങളിലെ റിപ്പോര്‍ട്ടിനേക്കാള്‍ റാങ്ക് ഇത്തവണ മെച്ചപ്പെട്ടത് നേട്ടമായെന്നാണ് ഖത്തര്‍ അധികൃതര്‍ പറയുന്നത്.

പൊതുമേഖലയിലും ഭരണതലത്തിലും അഴിമതി കുറവായതിനാല്‍ കൂടുതല്‍ നിക്ഷേപം ഖത്തറിലേക്കെത്താന്‍ സഹായകമാകുമെന്നും അധികൃതര്‍ പറയുന്നു. പട്ടികയില്‍ 81ാം റാങ്കിലുള്ള ഇന്ത്യയ്ക്ക് 2017ല്‍ 40 പോയിന്റുകളാണുള്ളത്. 2016ലും ഇന്ത്യയ്ക്ക് 40 പോയിന്റായിരുന്നു. ന്യൂസീലന്‍ഡ് (89 പോയിന്റ്) ആണ് അഴിമതി ഏറ്റവും കുറഞ്ഞ രാജ്യം. 71 പോയിന്റുള്ള യുഎഇയ്ക്ക് 21ാം റാങ്കാണ്. 49 പോയിന്റുള്ള സൗദി അറേബ്യയ്ക്ക് 57ഉം 44 പോയിന്റുള്ള ഒമാന് 68ാം റാങ്കും 39 പോയിന്റുള്ള കുവൈത്തിന് 85ാം റാങ്കും 36 പോയിന്റുള്ള ബഹ്‌റൈന് 103ാം റാങ്കുമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button