തൃപുരയിലും ഒരു ആദിവാസിയെ കൊന്നൊടുക്കി; അതിനു പിന്നിൽ മാർക്സിസ്റ്റ് കാരും. സിപിഎമ്മിന് വോട്ട് ചെയ്യാതിരുന്നതിന്റെ പേരിലാണ് ഈ കൊലപാതകം എന്നാണ് സൂചനകൾ. മാർക്സിസ്റ്റുകാരായ അളിയനും ബന്ധുക്കളും ചേർന്നാണ് ആദിവാസി യുവതിയെ കൊലപ്പെടുത്തിയത് എന്നതാണ് വാർത്ത. അവരുടേത് ഒരു കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് കുടുംബമാണ്. ഇത്തവണ തിരഞ്ഞെടുപ്പിൽ ആ മേഖലയിൽ ബിജെപി വലിയതോതിൽ ശക്തിയാർജ്ജിച്ചിരുന്നു. അതൊടെയുണ്ടായ രാഷ്ട്രീയ മാറ്റമാണ് കൊലപാതകത്തിൽ കലാശിച്ചത് എന്ന് തൃപുരയിൽനിന്നുള്ള ഒരു മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. തൃപുരയിൽ സിപിഎമ്മിന് കാര്യങ്ങൾ കൈവിട്ടു പോയി എന്നതാണ് ഇതൊക്കെ കാണിക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത് വന്നിട്ടില്ലെങ്കിലും കാര്യങ്ങൾ ബിജെപിക്ക് അനുകൂലമാണ് എന്ന് സിപിഎം വിലയിരുത്തിക്കഴിഞ്ഞതായാണ് സൂചനകൾ.
അധികാരം നഷ്ടപ്പെടുമെന്ന സ്ഥിതിയായപ്പോൾ വ്യാപകമായ അക്രമത്തിനാണ് സിപിഎം തൃപുരയിൽ തയ്യാറായത്. മുൻകാലങ്ങളിൽ കോൺഗ്രസാണ് അവിടെ പ്രതിപക്ഷമായിരുന്നത്. അവർക്ക് സിപിഎം അക്രമത്തിനും ഭീഷണിക്കും മുന്നിൽ ഒന്നും ചെയ്യാനായിരുന്നില്ല. ഇത്തവണ കാര്യങ്ങൾ മാറി. കള്ളവോട്ട് തടയാൻ കഴിഞ്ഞു എന്നതാണ് മറ്റൊരു പ്രധാന കാര്യം. മുൻ തിരഞ്ഞെടുപ്പുകളിൽ 90 ശതമാനത്തിന് അപ്പുറമായിരുന്നു അവിടെ പോളിംഗ്. ഇത്തവണ അത് വളരെ കുറഞ്ഞു; ഏതാണ്ട് 78 ശതമാനമാണ് അതിപ്പോൾ. അതായത് 25.73 ലക്ഷം സമ്മതിദായകരിൽ 76 ശതമാനം പേര് വോട്ട് ചെയ്തിരിക്കുന്നു. ഏതാണ്ട് 19. 55 ലക്ഷം വോട്ടാണ് പോൾ ചെയ്തത്. തീർച്ചയായും അതുതന്നെയാണ് സിപിഎമ്മിനെ അലട്ടുന്നത്. കള്ളവോട്ട് ചെയ്യാനാവാത്ത സ്ഥിതി വന്നതോടെ കാര്യങ്ങൾ കൈവിട്ടു എന്ന് അവർ വിലയിരുത്തുന്നു. സംസ്ഥാനത്ത് വോട്ടെടുപ്പ് കഴിഞ്ഞു. മാർച്ച് മൂന്നിന് വോട്ടെണ്ണും. എന്നാൽ ഇതുവരെ സിപിഎം അവരുടെ പതിവ് വിലയിരുത്തലുമായി രംഗത്ത് വന്നിട്ടില്ല എന്നത് ശ്രദ്ധിക്കേണ്ടതുണ്ട് . അത് പ്രധാനപ്പെട്ട സൂചനയാണ്. സാധാരണയായി ഒരു തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ തങ്ങൾക്ക് കൃത്യമായി എത്ര വോട്ടും സീറ്റും കിട്ടും എന്ന് പറയാൻ സിപിഎമ്മിന് കഴിയാറുണ്ട്. ഇത്തവണ കാര്യങ്ങൾ തിരിച്ചറിഞ്ഞിട്ടും അവർ അത് പറയുന്നില്ല. അതേസമയം തൃപുരയുടെ ചുമതലയുണ്ടായിരുന്ന ബിജെപി നേതാവ് പറഞ്ഞത് ഇത്തവണ ബിജെപി അധികാരത്തിലേറും എന്നുതന്നെയാണ്. അതുതുറന്ന് പറയാൻ ബിജെപി നേതാവ് ഇപ്പോൾ തയ്യാറായത് അവരിലുള്ള ആത്മവിശ്വാസമാണ് കാണിക്കുന്നത് എന്ന് വിലയിരുത്തേണ്ടിവരും.
തൃപുരയിൽ വലിയ മാറ്റം ആദ്യമേ കാണാനായിരുന്നു. അത് ബിജെപി അവിടെ ‘ചില വിധ്വംസക ശക്തികളുമായി’ ചേർന്ന് പ്രവർത്തിച്ചത് കൊണ്ടാണ് എന്നാണ് സീതാറാം യെച്ചൂരിയെപ്പോലുള്ളവർ പറയുന്നത്. അവർക്ക് ഇപ്പോൾ അതെ പറയാനാവൂ. വർഷങ്ങളായി ആ സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ സജീവമായുള്ള ഒരു പാർട്ടിയുമായി ബിജെപി സഖ്യമുണ്ടാക്കുകയാണ് ചെയ്തത് എന്നത് അവർ മറച്ചുവെക്കുന്നു. തൃപുരയിലെ മാറ്റങ്ങൾ കാണാതെ പോകുകയാണവർ. കഴിഞ്ഞ കാൽ നൂറ്റാണ്ടായി നിലനിന്നിരുന്ന ഒരു സർക്കാർ, അതിന് നേതൃത്വം നൽകിയിരുന്ന പാർട്ടിയും, ജനങ്ങളിൽ നിന്ന് ഒറ്റപ്പെട്ടിരുന്നു. അവിടേക്ക് കടന്നുചെല്ലാൻ ബിജെപിക്കായി. അന്നാട്ടിലെ ചെറുപ്പക്കാർ, സ്ത്രീകൾ, ആദിവാസികൾ മറ്റ് പിന്നാക്ക വിഭാഗക്കാർ തുടങ്ങിയവർ വലിയ തോതിൽ ബിജെപിയിൽ അണിനിരന്നു. നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും മറ്റും റാലികളിൽ കണ്ട ജനക്കൂട്ടം തൃപുരയുടെ ചരിത്രത്തിൽ തന്നെ ഒരു പുതുമയായിരുന്നുവല്ലോ. അത്രവലിയ ആവേശമാണ് അവർക്ക് ജനങ്ങളിൽ ഉണ്ടാക്കാനായത്. അതേസമയം കോൺഗ്രസ് ഇത്തവണ അവിടെ ഇല്ലാതാവും എന്ന് വേണം കരുതാൻ. അക്ഷരാർഥത്തിൽ കോൺഗ്രസിനെ വിലക്കെടുക്കാനാണ് സിപിഎം ശ്രമിച്ചത്. അതിന് രാഹുലും മറ്റും കൂട്ടുനിന്നു. 59 മണ്ഡലങ്ങളിൽ സ്ഥാനാർഥിയെ നിർത്തിയ കോൺഗ്രസ് പാർട്ടി ഒരൊറ്റ ദേശീയ നേതാവിനെയും അവിടെക്കയച്ചില്ല. അവസാന ദിവസം രാഹുൽ ഗാന്ധി അവിടെച്ചെന്നെങ്കിലും പ്രസംഗിച്ചത് ബിജെപിയെ തോൽപ്പിക്കണമെന്നാണ്. എന്താണ് അത് നൽകുന്ന രാഷ്ട്രീയ സൂചനകൾ എന്നത് പറയേണ്ടതില്ലല്ലോ.
ഗ്രാമീണ മേഖലയിലെ ഏതാണ്ട് 70 ശതമാനം യുവാക്കളും ഇത്തവണ ബിജെപിക്കൊപ്പമായിരുന്നു എന്നതാണ് തിരഞ്ഞെടുപ്പിന് മുൻപ് ആ പാർട്ടി വിലയിരുത്തിയത്. സ്ത്രീകളിലും ആ മാറ്റം കാണാമായിരുന്നു. വോട്ടർമാരിൽ വനവാസികൾ 31 ശതമാനമാണ് . അവരിൽ 60- 65 ശതമാനം വരെ ഇത്തവണ ബിജെപിക്കൊപ്പമാണ് ഉണ്ടായിരുന്നത് എന്നതും ആ പാർട്ടി വിലയിരുത്തുന്നുണ്ട്. അത് ശരിയെങ്കിൽ ഇത്തവണ 45- 46 ശതമാനം വോട്ട് ബിജെപിക്ക് ലഭിക്കാം. അതായത് സംസ്ഥാനത്ത് ബിജെപി സർക്കാർ ഉണ്ടാവും. ചെറിയ ചില മാറ്റങ്ങൾ പോലും അവിടെ വലിയ വ്യത്യാസങ്ങൾ ഫലത്തിലുണ്ടാക്കും എന്നതും പറയാതെവയ്യ. കാരണം ആകെയുള്ളത് അല്ലെങ്കിൽ പോൾ ചെയ്തത് 20 ലക്ഷത്തിൽ താഴെ വോട്ടാണല്ലോ.
അതിന്റെ തുടർച്ചയാണ് ഇപ്പോൾ സൂചിപ്പിച്ച കൊലപാതകം. സിപിഎം കുടുംബങ്ങളിൽ നിന്ന് തന്നെ വ്യാപകമായി വോട്ട് ബിജെപിക്ക് പോയി എന്നതല്ലേ അത് കാണിക്കുന്നത്. അത് ഒരു പക്ഷെ ആ പാവം ആദിവാസി സ്ത്രീ തുറന്നുപറഞ്ഞിരിക്കും. അവരെ ആക്രമിച്ചു; കൊലപ്പെടുത്തി. ഇത്തരം അനവധി സംഭവങ്ങൾ തൃപുരയിൽ പലയിടത്തുനിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കൊലപാകത്തിൽ കലാശിച്ചത് ഈ വനവാസി സ്ത്രീയുടേത് മാത്രം. കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളിലെ അവസ്ഥയിലേക്ക് അവിടെ കാര്യങ്ങൾ ചെന്നെത്തുന്നു എന്നതല്ലേ ഇത് കാണിക്കുന്നത്.
Post Your Comments