ന്യൂഡല്‍ഹി•ജനപ്പെരുപ്പം നിയന്ത്രിക്കാന്‍ നിയമം പാസാക്കും വരെ ഹിന്ദുക്കള്‍ കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കുന്നത് അവസാനിപ്പിക്കരുതെന്ന് ഉത്തര്‍പ്രദേശ് ബി.ജെ.പി എം.എല്‍.എ വിക്രം സൈനി.
“എന്റെ ഹിന്ദു സഹോദരന്മാരേ,നിങ്ങള്‍ക്ക് പൂര്‍ത്ത സ്വാതന്ത്ര്യമുണ്ട്. നിങ്ങൾ നിർത്തരുത്. ജനസംഖ്യാ നിയന്ത്രണത്തിനായുള്ള ഒരു നിയമം നിലവിൽ വരുന്നതുവരെ നിങ്ങൾ ശിശുക്കൾ ഉൽപാദിപ്പിച്ചു കൊണ്ടേയിരിക്കണം”-മുസഫര്‍നഗര്‍ ജില്ലയിലെ ഖതൗലി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന സൈനി പറഞ്ഞു. ഒരു ജനന നിയന്ത്രണ പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എം.എല്‍.എ അതിലും നിര്‍ത്തിയില്ല. രണ്ട് കുട്ടികള്‍ മതിയെന്ന് ഭാര്യ പറഞ്ഞപ്പോള്‍ താന്‍ നാല്-അഞ്ച് കുട്ടികള്‍ വേണമെന്ന് ഭാര്യയെ നിര്‍ബന്ധിച്ചതായും വിക്രം സൈനി വെളിപ്പെടുത്തി.
“രണ്ടുകുട്ടികള്‍ ആയപ്പോള്‍ ഭാര്യ പറഞ്ഞു, ഇനി അവള്‍ക്ക് കുട്ടികള്‍ വേണ്ട. ഞാന്‍ പറഞ്ഞു, നാല്-അഞ്ച് പേരാകുന്നത് വരെ ഞാന്‍ നിര്‍ത്തില്ലെന്ന്”- സൈനി പറഞ്ഞു.
ഹിന്ദുക്കള്‍ മാത്രമാണ് രണ്ടുകുട്ടികള്‍ എന്ന നയം അംഗീകരിച്ചിട്ടുള്ളതെന്നും സൈനി പറഞ്ഞു. “ഹിന്ദുക്കള്‍ നാം രണ്ട് നമുക്ക് രണ്ട് എന്ന മുദ്രാവാക്യം പിന്തുടരുബോള്‍ മുസ്ലിങ്ങള്‍ നാം രണ്ട് നമുക്ക് പതിനെട്ട് എന്നതിലാണ് വിശ്വസിക്കുന്നത്”-സൈനി പറഞ്ഞു.
“നിയമം എല്ലാവര്‍ക്കും ഒരുപോലെയാകണം. ഈ രാജ്യം എല്ലാവര്‍ക്കും ഉള്ളതാണ്”- സൈനി കൂട്ടിച്ചേര്‍ത്തു.
സൈനിയുടെ പ്രസംഗത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ വൈറലായിട്ടുണ്ട്.
‘ഹിന്ദുസ്ഥാൻ’ എന്ന പേരുപോലെ ഇന്ത്യ ഹിന്ദുക്കള്‍ക്ക് മാത്രമുള്ള രാജ്യമാണെന്ന് പറഞ്ഞ് നേരത്തെയും വിവാദമുണ്ടാക്കിയ നേതാവാണ് വിക്രം സൈനി. പ്രസ്താവന വിവാദമായതോടെ താന്‍ പാകിസ്ഥാനെതിരെയാണ് പറഞ്ഞതെന്ന വിശദീകരണവുമായി സൈനി രംഗത്തെത്തിയിരുന്നു.
Post Your Comments