ചാരുംമൂട്(ആലപ്പുഴ): റബര്‍ വ്യാപാരി ജീവനൊടുക്കിയതിനെ തുടർന്ന് തിങ്കളാഴ്ച മാവേലിക്കരയിൽ ഹർത്താൽ. വന്‍ തുക നികുതി അടയ്ക്കാന്‍ ആവശ്യപ്പെട്ടുള്ള വാണിജ്യ നികുതി വകുപ്പിന്റെ നോട്ടീസ് ലഭിച്ചതിനെ തുടർന്ന് നൂറനാട് പാലമേല്‍ ഉളവുക്കാട് പൊയ്കയില്‍ റബര്‍ വ്യാപാരിയായിരുന്ന ബിജുരാജ് (38) ആണ് ആത്മഹത്യ ചെയ്തത്. റബറിന്റെ വില തകർച്ചയെ തുടർന്ന് ഇദ്ദേഹം റബർ വ്യാപാരം ഉപേക്ഷിച്ചിരുന്നു. എന്നാല്‍ വ്യാപാരം നടത്തിയ 2013-14 കാലയളവില്‍ 68,90,695 രൂപയുടെ കച്ചവടം നടന്നെന്നും ഇതിനുള്ള നികുതി ഉടന്‍ അടയ്ക്കണമെന്നും ആവശ്യപ്പെട്ട് ബിജുരാജിന് കഴിഞ്ഞ ദിവസം വാണിജ്യ നികുതി വകുപ്പില്‍നിന്നു നോട്ടീസ് ലഭിച്ചു.
ഇതിനു പിന്നാലെയാണ് ഇദ്ദേഹത്തെ കിടപ്പ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സെയിൽസ് ടാക്സ് ഉദ്യോഗസ്ഥരുടെ പീഡനത്തെ തുടർന്നാണ് ബിജുരാജ് ജീവനൊടുക്കിയതെന്നും കുറ്റക്കാർക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി തിങ്കളാഴ്ച മാവേലിക്കരയിൽ ഹർത്താൽ ആഹ്വാനം ചെയ്തിരിക്കുകയാണ്. രാവിലെ ആറുമണി മുതൽ വൈകുന്നേരം ആറുമണി വരെ കടകൾ അടച്ചു ഹർത്താൽ ആചരിക്കാനാണ് തീരുമാനം.
Post Your Comments