പത്തനാപുരം: കഴിഞ്ഞ നാൽപ്പത് വർഷത്തെ തന്റെ അധ്വാനത്തിന്റെ ഫലമായിരുന്നു ആ മണ്ണ്. പ്രവാസി ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയ സുഗതൻ ഇനിയുള്ള തന്റെ ജീവിത മാർഗം കണ്ടെത്താനായി
പതിനഞ്ചുവർഷം മുൻപ് നികത്തിയ പാടം പാട്ടത്തിനെടുത്തു. എന്നാൽ അതിന് തന്റെ ജീവൻ ബലി നൽകേണ്ടി വരുമെന്ന് സുഗതൻ അറിഞ്ഞിരുന്നില്ല. പുനലൂര്‍ ഐക്കരക്കോണം വാഴമണ്‍ ആലിന്‍കീഴില്‍ വീട്ടില്‍ സുഗതന്‍ ( 64 ) ആണ് ആത്മഹത്യ ചെയ്തത്. സി.പി.ഐ-എ.ഐ.വൈ.എഫ്. പ്രവര്‍ത്തകര്‍ സ്ഥലത്തു കൊടിനാട്ടിയതായിരുന്നു സുഗതന്റെ മരണത്തിലേക്ക് നയിച്ചത്.
രണ്ടുമാസം മുൻപ് നാട്ടില്‍ തിരിച്ചെത്തിയ ഇദ്ദേഹത്തെ ഇളമ്ബല്‍ പൈനാപ്പിൾ ജങ്ഷന് സമീപത്തുള്ള ഷെഡിലാണു തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപം മൂന്നു കയറുകള്‍ കൂടി കുരുക്കിട്ടു വച്ചിട്ടുണ്ട്. കുടുംബാംഗങ്ങള്‍ക്കൊപ്പം കൂട്ട ആത്മഹത്യക്കുള്ള ശ്രമമായിരുന്നതായി സംശയിക്കുന്നു. ഗള്‍ഫില്‍ ദീര്‍ഘകാലം വര്‍ക്ക്ഷോപ്പ് നടത്തിയ സുഗതന്‍ വിളക്കുടി പഞ്ചായത്തിലെ ഇളമ്ബല്‍ പൈനാപ്പിൾ ജംഗ്ഷനില്‍ സമീപവാസിയുടെ നികത്തിയ വയലാണു പാട്ടത്തിനെടുത്തത്.
ഇതോടെ, സി.പി.ഐയും യുവജനസംഘടനയായ എ.ഐ.െവെ.എഫും രംഗത്തെത്തി. ഇവിടെ നിര്‍മാണം അനുവദിക്കില്ലെന്ന് ആരോപിച്ച് കൊടികുത്തുകയായിരുന്നു. രണ്ടു ലക്ഷം രൂപ തന്നാല്‍ കൊടി മാറ്റാമെന്നും നേതാക്കള്‍ പറഞ്ഞതായാണ് ആരോപണം. എന്നാല്‍, സുഗതന്‍ ഭീഷണിക്ക് വഴങ്ങി പണം നല്‍കാന്‍ തയാറായില്ല. ഇതേത്തുടര്‍ന്ന് ഇദ്ദേഹം കടുത്ത വിഷമത്തിലായിരുന്നു.
ഇന്നലെ രാവിലെ സഹായിയോടൊപ്പം ഷെഡ് പൊളിക്കാനെന്ന പേരിലാണ് സുഗതന്‍ എത്തിയത്. തുടര്‍ന്ന്, ഒപ്പമുണ്ടായിരുന്ന ആളെ ചായകുടിക്കാന്‍ പറഞ്ഞുവിട്ട ശേഷം ജീവനൊടുക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഭാര്യ: സരസമ്മ. മക്കള്‍: സുജിത്ത്, സുനില്‍ ബോസ്.
also read:ഭീകരപ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട 10 പേര്‍ക്ക് തടവ് ശിക്ഷ
Post Your Comments