യുഡിഎഫ് സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്ന കെ എം മാണി അവതരിപ്പിച്ച ബഡ്ജറ്റും അതേ തുടര്‍ന്ന് സിപിഎമ്മിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷം സഭക്കകത്തും പുറത്തും സൃഷ്ടിച്ച കോലാഹലങ്ങളും മറക്കാറായിട്ടില്ല. സാക്ഷര കേരളത്തിനും നിയമ നിര്‍മ്മാണ സഭക്കും നാണക്കേടുണ്ടാക്കിയ അന്നത്തെ സംഭവ പരമ്പരകള്‍ക്ക് സിപിഎമ്മിന്റെ മുതിര്‍ന്ന നേതാക്കള്‍ തന്നെയാണ് ചുക്കാന്‍ പിടിച്ചത്. എന്നാല്‍ ഇന്ന് സാഹചര്യങ്ങള്‍ മാറിയിരിക്കുന്നു. യുഡിഎഫില്‍ നിന്ന് പുറത്തു വന്ന മാണി ഇപ്പോള്‍ വേണ്ടപ്പെട്ടവനാണ്, വിശ്വസ്ഥനാണ്, ജനപ്രിയ നേതാവുമാണ്. ട്രോളര്‍മാരുടെ ഭാഷയില്‍ പറഞ്ഞാല്‍ കള്ളന് മാണിയെന്നും കോഴ മാണിയെന്നുമൊക്കെ വിളിച്ചിരുന്ന അതേ നേതാക്കള്‍ തന്നെ അദ്ദേഹത്തിന്റെ അപദാനങ്ങള്‍ പാടാന്‍ മത്സരിക്കുന്നു. അത് ഒരര്‍ത്ഥത്തില്‍ കെ എം മാണിയുടെ വിജയമാണെന്ന് പറയേണ്ടി വരും.
മുന്നണിയിലെ രണ്ടാമനും തിരുത്തല്‍ ശക്തിയുമായ സിപിഐയാണ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സിപിഎമ്മിന് ഏറ്റവുമധികം തലവേദനയുണ്ടാക്കുന്നത്.
വെളിയം ഭാര്ഗ്ഗവന് സെക്രട്ടറിയായിരുന്ന സമയത്ത് സിപിഐ വല്ല്യേട്ടനോട് സമരസപ്പെട്ട് പോകാനാണ് താല്പര്യപ്പെട്ടത്. പക്ഷെ പിന്നീട് വന്ന സി കെ ചന്ദ്രപ്പനും
പന്ന്യനും ഇപ്പോള്‍ കാനവും നല്ല പിള്ള ചമയുന്നത് സിപിഎം നേതാക്കള്‍ക്കും അണികള്‍ക്കും അത്ര രസിക്കുന്നില്ല. സിപിഐയെ നിലയ്ക്ക് നിര്‍ത്താനാണ്
സിപിഎം മാണിയെ കൂടെ കൂട്ടാന്‍ ശ്രമിക്കുന്നത് എന്നത് പരസ്യമായ രഹസ്യമാണ്. എ കെ ആന്റണിയുടെ ന്യൂനപക്ഷ വിരുദ്ധ പ്രസ്താവനയുടെ സമയത്ത് ലീഗിനെ കൂടെ കൂട്ടാന്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം ശ്രമിച്ചെങ്കിലും വി എസ് അച്യുതാനന്ദന്റെ എതിര്‍പ്പ് കാരണമാണ് നീക്കങ്ങള്‍ ഫലിക്കാതെ പോയത്. മാണിയെ ഒപ്പം നിര്‍ത്തുന്നതിനും അദ്ദേഹത്തിന് വിമുഖതയുണ്ട്. പക്ഷെ പാര്‍ട്ടിയില്‍ അദ്ദേഹം പഴയത് പോലെ ശക്തനല്ലാത്തതാണ് ഔദ്യോഗിക വിഭാഗത്തിന്
ഊര്‍ജ്ജം പകരുന്നത്.
കെ എം മാണി ജനപ്രിയ നേതാവാണെന്നാണ് ഇപി ജയരാജന് കഴിഞ്ഞ ദിവസം പറഞ്ഞത്. ഇതേ ജയരാജനാണ് ബഡ്ജറ്റ് അവതരണ വേളയില്‍ സ്പീക്കറുടെ
ഡയസ് തകര്‍ക്കുന്നതിന് മുന്‍കയ്യെടുത്തത് എന്നോര്‍ക്കുക. മാണിക്കെതിരെ ആരോപണം ഉന്നയിക്കുന്നതിന് പ്രേരണ കൊടുത്തത് സിപിഎമ്മാണെന്നും പകരം
അധികാരത്തിലെത്തിയാല്‍ പൂട്ടിയ ബാറുകള്‍ തുറക്കാന്‍ അനുമതി കൊടുക്കാമെന്ന ഉറപ്പ് ലഭിച്ചിരുന്നുവെന്നും ബാര്‍ കോഴക്കേസ് ഉയര്‍ത്തിക്കൊണ്ടു വന്ന
ബിജു രമേശ് അടുത്തിടെ പറഞ്ഞിരുന്നു. പക്ഷെ പഴയതെല്ലാം മറന്ന് മാണിയെ പുണരാന്‍ ശ്രമിക്കുന്ന സിപിഎം നേതാക്കളെയാണ് നാം ഇപ്പോള്‍ കാണുന്നത്.
മാണിയുടെ മുന്നണി പ്രവേശനം തടയാന്‍ സിപിഐ ആവുംവിധം ശ്രമിക്കുന്നുണ്ടെങ്കിലും അത് എത്രകണ്ട് ഫലവത്താകുമെന്ന് കണ്ടു തന്നെ അറിയണം.
പ്രതിപക്ഷത്തേക്കാള്‍ ശക്തമായി സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിക്കുന്ന കാനത്തെയും കൂട്ടരെയും നിലയ്ക്ക് നിര്‍ത്താന്‍ സിപിഎം ഏതറ്റം വരെയും പോകും
എന്നുറപ്പ്. എം പി വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള സോഷ്യലിസ്റ്റ് ജനതയും മുന്നണിയിലേക്ക് തിരിച്ചുവരാന്‍ തയാറെടുക്കുകയാണെങ്കിലും കേരള കോണ്‍ഗ്രസ്
എമ്മിന്റെ വരവാണ് മാധ്യമങ്ങള്‍ കൂടുതല്‍ ആഘോഷമാക്കുന്നത്. പഴയതെല്ലാം മാറ്റിപ്പറയാന്‍ നേതാക്കള്‍ക്ക് എളുപ്പമാണെങ്കിലും എല്ലാം മറക്കാന്‍ ജനം
അത്ര പെട്ടെന്ന് തയ്യാറാകില്ല എന്നതാണ് സത്യം.
Post Your Comments