ന്യൂഡല്‍ഹി: തൊഴിലാളികളുടെ ആശ്രിതര്‍ക്ക് ഉപകാരപ്രദമാകുന്ന രീതിയില്‍ പ്രൊവിഡന്റ് ഫണ്ട് നയം പരിഷ്‌കരിക്കാന്‍ ഒരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍. സര്‍വീസിലിരിക്കെ മരിക്കുന്ന പ്രൊവിഡന്റ് ഫണ്ട് വരിക്കാരുടെ ആശ്രിതര്‍ക്ക് ചുരുങ്ങിയ ഇന്‍ഷുറന്‍സ് തുകയായി രണ്ടരലക്ഷം രൂപ ലഭിക്കും. തൊഴില്‍മന്ത്രാലയം പുറത്തിറക്കിയ ഗസറ്റ് വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തില്‍, കേന്ദ്ര ഇ.പി.എഫ്. കമ്മിഷണര്‍ എല്ലാ മേഖലാ കമ്മിഷണര്‍മാര്‍ക്കും ഇതിനുള്ള നിര്‍ദേശം നല്‍കിക്കഴിഞ്ഞു.
ആറ് ലക്ഷം രൂപയാണ് പ്രോവിഡന്റ് ഫണ്ടിലെ നിക്ഷേപവുമായി ബന്ധപ്പെടുത്തിയുള്ള ഇന്‍ഷുറന്‍സ് സ്‌കീമില്‍നിന്ന് (ഇ.ഡി.എല്‍.ഐ.) പരമാവധി കിട്ടുക. എന്നാല്‍, ‘മിനിമം ഇന്‍ഷുറന്‍സ് തുക’ നിശ്ചയിച്ചിരുന്നില്ല. പരമാവധി ആറുലക്ഷമാണെങ്കിലും സേവനകാലവും നിക്ഷേപവും മറ്റും അടിസ്ഥാനപ്പെടുത്തിയുള്ള കണക്കാക്കല്‍ പ്രകാരം വളരെക്കുറഞ്ഞ തുകയേ ഇപ്പോള്‍ ആശ്രിതര്‍ക്ക് ലഭിക്കുന്നുള്ളൂ.
1.33 ലക്ഷം രൂപയാണ് നിലവില്‍ ഇന്‍ഷുറന്‍സിലെ ശരാശരി തുക. ഭൂരിഭാഗം കേസുകളിലും ഇത് അരലക്ഷം രൂപയേ ഉള്ളൂ. ഈ പശ്ചാത്തലത്തില്‍, മിനിമം ഇന്‍ഷുറന്‍സ് തുക രണ്ടരലക്ഷം ആക്കിയത് മരണപ്പെടുന്ന വരിക്കാരുടെ ആശ്രിതര്‍ക്ക് വലിയ ആശ്വാസമാകുമെന്ന് പി.എഫ്. കമ്മിഷണര്‍ ഡോ. വി.പി. ജോയ് പറഞ്ഞു. വിരമിക്കുന്ന പി.എഫ്. വരിക്കാര്‍ക്ക് ഇന്‍ഷുറന്‍സ് പദ്ധതിയില്‍നിന്ന് പ്രത്യേക ബോണസ് ആയി 50,000 രൂപ നല്‍കാന്‍ നേരത്തേ തീരുമാനിച്ചിരുന്നു. ഇന്‍ഷുറന്‍സ് തുക ലഭിക്കാന്‍ തൊഴിലാളി അവസാനത്തെ സ്ഥാപനത്തില്‍ തുടര്‍ച്ചയായി ഒരുവര്‍ഷം ജോലി ചെയ്തിരിക്കണമെന്ന ചട്ടവും മാറ്റിയിട്ടുണ്ട്. പുതിയ വ്യവസ്ഥയനുസരിച്ച്, സേവനകാലം എത്ര കുറഞ്ഞതായാലും ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും.
Post Your Comments